ലൈംഗിക താല്‍പര്യം കുറയുന്നതിന് കാരണങ്ങളുണ്ട്; അറിയാം ചിലത്...

By Web TeamFirst Published Oct 26, 2021, 11:59 PM IST
Highlights

എന്തുകൊണ്ടാണ് ലൈംഗിക ജീവിതത്തില്‍ അസംതൃപ്തികള്‍ നേരിടുന്നത് എന്ന് വ്യക്തികള്‍ക്ക് സ്വയം തന്നെ പരിശോധിക്കാവുന്നതാണ്. പങ്കാളിയുമൊത്തുള്ള സെക്‌സില്‍ താല്‍പര്യം കുറയുന്നത് ഇതിലെ പ്രധാന പ്രശ്‌നമാണ്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടാം

ലൈംഗികജീവിതം ( Sex Life ) സുഖകരമായി മുന്നോട്ട് പോകേണ്ടത് ബന്ധങ്ങളുടെ നിലനില്‍പിന് പോലും ആവശ്യമാണ്. എന്നാല്‍ പലപ്പോഴും ലൈംഗിക അസംതൃപ്തിയിലൂടെയാണ് ( Sexual Problems ) വലിയൊരു വിഭാഗം പേരും നിശബ്ദമായി കടന്നുപോകുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യുന്നത് വിലക്കപ്പെട്ടിരിക്കുന്ന സാമൂഹിക- സാംസ്‌കാരിക പശ്ചാത്തലത്തില്‍ പങ്കാളിയുമായി പോലും ഇവ സംസാരിക്കാന്‍ മിക്കവരും മടിക്കുകയാണ്. 

അതേസമയം എന്തുകൊണ്ടാണ് ലൈംഗിക ജീവിതത്തില്‍ അസംതൃപ്തികള്‍ നേരിടുന്നത് എന്ന് വ്യക്തികള്‍ക്ക് സ്വയം തന്നെ പരിശോധിക്കാവുന്നതാണ്. പങ്കാളിയുമൊത്തുള്ള സെക്‌സില്‍ താല്‍പര്യം കുറയുന്നത് ഇതിലെ പ്രധാന പ്രശ്‌നമാണ്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടാം. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പങ്കാളിയുമായുള്ള ലൈംഗികതയില്‍ താല്‍പര്യം നഷ്ടപ്പെടുന്നത്? അറിയാം ചില കാരണങ്ങള്‍...

ഒന്ന്...

മാനസിക സമ്മര്‍ദ്ദമാണ് ഇക്കാര്യത്തില്‍ വലിയൊരു കാരണമായി വരുന്നത്. ജോലിസ്ഥലത്ത് നിന്നുള്ള സമ്മര്‍ദ്ദമാകാം. അതല്ലെങ്കില്‍ വീട്ടില്‍ തന്നെയുള്ള പ്രശ്‌നങ്ങളാകാം. സാമ്പത്തിക പ്രയാസങ്ങളാകാം, രോഗങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ മൂലമാകാം. 

 

 

എന്തായാലും സമ്മര്‍ദ്ദങ്ങള്‍ വലിയ അളവ് വരെ ലൈംഗിക താല്‍പര്യങ്ങളെ അടിച്ചമര്‍ത്തുന്നു. 

രണ്ട്...

സ്വന്തം ശരീരത്തോട് തന്നെയുള്ള താല്‍പര്യക്കുറവ്, അപകര്‍ഷത എന്നിവയും പങ്കാളിയുമൊത്തുള്ള ലൈംഗിക ജീവിതത്തില്‍ പ്രതികൂല ഘടകമായി വരാം. ഇത് ജീവിതരീതി മെച്ചപ്പെടുത്തുന്നതിലൂടെയും പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നതിലൂടെയുമെല്ലാം പരിഹരിക്കാവുന്നതേയുള്ളൂ. 

മൂന്ന്...

സ്ത്രീകളിലാണെങ്കില്‍ മുന്‍കാലങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍, അത്തരത്തിലുള്ള അനുഭവങ്ങള്‍ എന്നിവയും മറ്റും ചില സന്ദര്‍ഭങ്ങളില്‍ ലൈംഗിക ജീവിതത്തെ ബാധിച്ച് കാണാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നപക്ഷം പങ്കാളിയോട് തുറന്നുപറയുകയും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് തേടുകയുമാണ് വേണ്ടത്. 

നാല്...

ചില അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ ലൈംഗിക താല്‍പര്യം കുറയ്ക്കാറുണ്ട്. 

 

 

വിഷാദരോഗത്തിന് കഴിക്കുന്ന ചില മരുന്നുകള്‍ ഇതിനുദാഹരണമാണ്. 

അഞ്ച്...

ചിലരില്‍, ഗര്‍ഭധാരണം സംഭവിക്കുമോയെന്ന ആശങ്കയും ലൈംഗികതാല്‍പര്യം കെടുത്താറുണ്ട്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടേക്കാം. ഇത്തരത്തിലുള്ള മാനസികമായ പ്രശ്‌നങ്ങള്‍ക്ക് സ്വയം തന്നെ കൃത്യമായ പരിഹാരം തേടേണ്ടതുണ്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാം. എന്നിട്ടും ആശങ്ക തോന്നുന്നുവെങ്കില്‍ കൗണ്‍സിലിംഗ് തേടുന്നതാണ് ഉചിതം. 

Also Read:- 'പോണ്‍' കാണുന്നതും പുരുഷ ലൈംഗികജീവിതവും തമ്മില്‍ ബന്ധം; പഠനം പറയുന്നത്...

click me!