Covid Symptom : അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കൊവിഡ് ലക്ഷണം...

By Web TeamFirst Published Apr 7, 2022, 8:54 PM IST
Highlights

ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം, തലവേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം  പ്രാഥമികമായി വരുന്നതാണ്. ഇതിന് പുറമെ വൈറസ് അണുബാധയില്‍ വ്യാപകമായി ഉണ്ടാകുന്ന ശരീരവേദന. പനി, കടുത്ത ക്ഷീണം എന്നിവയും കൊവിഡില്‍ കാണപ്പെടുന്നു

കൊവിഡ് 19മായുള്ള നമ്മുടെ പോരാട്ടം ( Covid 19 Disease ) രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടെ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെത്തി ( Virus Mutants ). വാക്‌സിനുമെത്തി. എന്നാല്‍ വൈറസിന്റെ പല വകഭേദങ്ങളും നമ്മുടെ കൊവിഡ് പോരാട്ടം കൂടുതല്‍ തീവ്രമാക്കി. 

ആദ്യഘട്ടങ്ങളിലെല്ലാം ഒരു ശ്വസകോശരോഗമെന്ന നിലയില്‍ മാത്രമായിരുന്നു നാം കൊവിഡിനെ സമീപിച്ചിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് കൊവിഡ് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി നാം കണ്ടു. 

വൈറസ് ശരീരത്തില്‍ പ്രവേശിച്ച ശേഷം തൊണ്ടയിലും മൂക്കിനകത്തും ശ്വാസകോശത്തിലുമെല്ലാം വച്ച് പെരുകുന്നതിനാല്‍ തന്നെ പ്രധാനമായും അതിനോട് ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള ലക്ഷണങ്ങളാണ് രോഗിയില്‍ പ്രകടമാകാറ്. 

ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം, തലവേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം ഇത്തരത്തില്‍ പ്രാഥമികമായി വരുന്നതാണ്. ഇതിന് പുറമെ വൈറസ് അണുബാധയില്‍ വ്യാപകമായി ഉണ്ടാകുന്ന ശരീരവേദന. പനി, കടുത്ത ക്ഷീണം എന്നിവയും കൊവിഡില്‍ കാണപ്പെടുന്നു. 

ചിലരില്‍ ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ, ചര്‍മ്മത്തില്‍ പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളും കൊവിഡിന്റെ ഭാഗമായി വരാറുണ്ട്. ഇതിനൊപ്പം തന്നെ കണ്ണിലും കൊവിഡിന്റെ സൂചനയായി ചില വ്യത്യാസങ്ങള്‍ കാണാം. പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നതാണ് കണ്ണുമായി ബന്ധപ്പെട്ട് വരുന്ന ഈ ലക്ഷണം. 

കണ്ണുകള്‍ അസാധാരണമായി 'ഡ്രൈ' ആകുന്ന (വരണ്ട ) അവസ്ഥയാണ് ഈ ലക്ഷണം. കൊവിഡ് രോഗികളില്‍ ഇരുപത് ശതമാനം പേരിലെങ്കിലും ഈ ലക്ഷണം കാണാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് കൊവിഡ് രോഗികളില്‍ കണ്ണ് 'ഡ്രൈ' ആയിവരുന്ന അവസ്ഥയുണ്ടാകുന്നത് എന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. 

ഒരുപക്ഷേ കണ്‍പോളകളിലോ മറ്റോ ഉള്ള കോശങ്ങളിലേക്ക് വൈറസ് വന്ന് കയറുന്നതിന്റെ ഭാഗമായാകാം ഇത് സംഭവിക്കുന്നതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്ന ഒരു വാദം. കാഴ്ച മങ്ങിയിരിക്കുക, ചൊറിച്ചില്‍, കണ്ണില്‍ നിന്ന് വെള്ളം പുറത്തുവന്നുകൊണ്ടിരിക്കുക, കണ്ണില്‍ നീറ്റല്‍, വേദന എന്നിവയെല്ലാം 'ഡ്രൈ ഐ'യുടെ ഭാഗമായി വരാം. 

സാധാരണഗതിയില്‍ കണ്ണുമായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖങ്ങള്‍, ദീര്‍ഘദൂരയാത്ര, ഗാഡ്‌ഗെറ്റുകളുടെ അമിതോപയോഗം, 'സ്‌ട്രെസ്', ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുടെ ഭാഗമായാണ് 'ഡ്രൈ ഐ' ഉണ്ടാവുക. എന്തായാലും കൊവിഡ് ലക്ഷണങ്ങളില്‍ ഇത് കൂടി ഉള്‍പ്പെടുമെന്ന അറിവ്, കൊവിഡ് നിര്‍ണയത്തിന് സഹായകമായിരിക്കും.

Also Read:- പുതിയ കൊവിഡ് വൈറസ് വകഭേദം XE; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍...

കൊവിഡ് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു? പഠനം പറയുന്നു; കൊവിഡ് -19 അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷവും നിരവധി ആരോ?ഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു. കൊവിഡ് രോഗികള്‍ക്ക് തലവേദന, മറ്റ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെട്ടിട്ടുണ്ട്. കൊവിഡ് പിടിപെടുന്നവരില്‍ ന്യൂറോണ്‍ തകരാറും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ ഓക്‌സിജനുമായി പൊരുത്തപ്പെടുന്ന ഗുരുതരമായ മസ്തിഷ്‌ക വീക്കവും പരിക്കും ഗവേഷകര്‍ കണ്ടെത്തി... Read More...
 

click me!