
വ്യായാമമോ ശാരീരികമായ അധ്വാനമോ ചെയ്യാതെ ഏറെക്കാലം തുടരുന്നത് തീര്‍ച്ചയായും പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കുമെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ എന്തെല്ലാം പ്രശ്നങ്ങളാണ്, അല്ലെങ്കില്‍ എന്തെല്ലാം അസുഖങ്ങളാണ് വ്യായാമമില്ലായ്മയോ കായികാധ്വാനമില്ലായ്മയോ നിങ്ങളിലുണ്ടാക്കാൻ സാധ്യതയെന്ന് കൃത്യമായി മിക്കവര്‍ക്കും അറിയില്ല.
ഒരു തരത്തിലുള്ള വ്യായാമവും ഇല്ലാതെ, അലസമായി ദീര്‍ഘനേരം ഇരുന്നും കിടന്നുമെല്ലാം ജീവിതം മുന്നോട്ടുനയിക്കുന്നവരെ സംബന്ധിച്ച് കാത്തിരിക്കുന്ന അപകടങ്ങള്‍ എന്തെല്ലാം എന്നിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഹൃദ്രോഗം...
കായികാധ്വാനമില്ലാത്ത അലസമായ ജീവിതരീതി ബാധിക്കുന്നൊരു അവയവം ഹൃദയമാണ്. ഇത് പ്രത്യക്ഷമായും പരോക്ഷമായും ആണ് ബാധിക്കപ്പെടുന്നത്. അധികകേസുകളിലും കായികാധ്വാനമില്ലായ്മ 'കൊറോണറി ഹാര്‍ട്ട് ഡിസീസി'ലേക്കാണ് നയിക്കുക. ഇത് പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്കും എത്തുന്നു.
അമിതവണ്ണം...
സ്വാഭാവികമായും അലസമായ ജീവിതരീതി ശരീരവണ്ണം കൂടുന്നതിലേക്ക് നയിക്കുന്നു. അതും ചിലരില്‍ അമിതവണ്ണമാണ് ഈ ജീവിതരീതിയുണ്ടാക്കുക. പിന്നീട് ശ്രമിച്ചാല്‍ പോലും ഈ വണ്ണം കുറയ്ക്കാൻ എളുപ്പമാകില്ല. അമിതവണ്ണം കാഴ്ചയില്‍ വരുത്തുന്ന വ്യത്യാസങ്ങളില്‍ അധികം ആരോഗ്യത്തിനുണ്ടാക്കുന്ന തിരിച്ചടികളാണേറെയും. പ്രമേഹം, കൊളസ്ട്രോള്‍, ബിപി എന്നിങ്ങനെയുള്ള ജീവിതശൈലീരോഗങ്ങള്‍ അടക്കം പല രോഗങ്ങളിലേക്കും എല്ല് തേയ്മാനം പോലുള്ള ആരോഗ്യാവസ്ഥകളിലേക്കുമെല്ലാം അമിതവണ്ണം നയിക്കാം.
മാനസികാരോഗ്യപ്രശ്നങ്ങള്‍...
അലസമായ ജീവിതരീതി വലിയ രീതിയില്‍ തന്നെ നമ്മുടെ മാനസികാരോഗ്യനിലയെ ബാധിക്കുന്നു. ഡിപ്രഷൻ, മൂഡ് ഡിസോര്‍ഡര്‍, ഉത്കണ്ഠ എന്നിങ്ങനെ ഇന്ന് സാധാരണമായി കാണുന്ന പല മാനസികാരോഗ്യപ്രശ്നങ്ങളും വര്‍ധിപ്പിക്കാനും അവയുടെ തീവ്രത വര്‍ധിപ്പിക്കാനുമെല്ലാം അലസമായ ജീവിതരീതി കാരണമാകുന്നു.
വ്യായാമമോ കായികാധ്വാനമോ ചെയ്യുമ്പോള്‍ 'സെറട്ടോണിൻ' എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കൂടുന്നു. ഇതാണ് മാനസികാരോഗ്യപ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നത്.
കൊളസ്ട്രോള്‍...
മുമ്പേ സൂചിപ്പിച്ചത് പോലെ കായികാധ്വാനമില്ലായ്മ ജീവിതശൈലീരോഗങ്ങളിലേക്കും നമ്മെ നയിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ കൊളസ്ട്രോളും ഉള്‍പ്പെടുന്നു. കൊളസ്ട്രോള്‍ നമുക്കറിയാം പിന്നീട് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കെല്ലാം നമ്മെ നയിക്കാം.
ടൈപ്പ്- 2 പ്രമേഹം...
ജീവിതശൈലീരോഗങ്ങളിലുള്‍പ്പെടുന്ന ടൈപ്പ്-2 പ്രമേഹവും കായികാധ്വാനത്തിന്‍റെ അഭാവത്തില്‍ പിടിപെടാം. ടൈപ്പ്-2 പ്രമേഹം ക്രമേണ പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ നയിക്കാം. പ്രമേഹം അമിതവണ്ണത്തിനും ആക്കം കൂട്ടുന്നു.
Also Read:- ഇനി ചോറ് വയ്ക്കുമ്പോള്‍ ഈ 'ടിപ്സ്' കൂടിയൊന്ന് പരീക്ഷിച്ചുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-