അന്നനാളത്തിലെ അര്‍ബുദത്തിന് കാരണമാകുന്ന ചിലത്; ഇവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും...

Web Desk   | others
Published : Jun 11, 2021, 05:26 PM IST
അന്നനാളത്തിലെ അര്‍ബുദത്തിന് കാരണമാകുന്ന ചിലത്; ഇവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും...

Synopsis

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇന്ത്യയില്‍ അന്നനാളത്തിലെ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്, അതില്‍ യുവാക്കളെ വ്യാപകമായി ഇത് ബാധിക്കുന്നതും കാണാം. അതായത് 28 വയസായ യുവാക്കളില്‍ വരെ ഇപ്പോള്‍ അന്നനാളത്തിലെ അര്‍ബുദം ധാരാളമായി കണ്ടുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന

തൊണ്ടയില്‍ നിന്ന് ആമാശയം വരെ നീളുന്ന ഫുഡ് പൈപ്പിനെയാണ് അന്നനാളം എന്ന് വിളിക്കുന്നത്. ഇതിനെ ബാധിക്കുന്ന അര്‍ബുദമാണ് 'ഈസോഫാഗസ് ക്യാന്‍സര്‍'. സാധാരണഗതിയില്‍ നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ളവര്‍ക്കിടയില്‍ ആയിരുന്നു നേരത്തെ അന്നനാളത്തിലെ അര്‍ബുദം വ്യാപകമായി കണ്ടിരുന്നത്. 

എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇന്ത്യയില്‍ അന്നനാളത്തിലെ അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്, അതില്‍ യുവാക്കളെ വ്യാപകമായി ഇത് ബാധിക്കുന്നതും കാണാം. അതായത് 28 വയസായ യുവാക്കളില്‍ വരെ ഇപ്പോള്‍ അന്നനാളത്തിലെ അര്‍ബുദം ധാരാളമായി കണ്ടുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ റേഡിയേഷന്‍ തെറാപ്പി, കീമോ തെറാപ്പി, സര്‍ജറി എന്നിവയിലൂടെയെല്ലാം ഇതിനെ അതിജീവിക്കാന്‍ സാധ്യമാണ്. എന്നാല്‍ അഞ്ച് ശതമാനം കേസുകളില്‍ മാത്രമേ അന്നനാളത്തിലെ അര്‍ബുദം നേരത്തേ കണ്ടെത്തപ്പെടുന്നുള്ളൂ. ബാക്കി കേസുകള്‍ മിക്കവാറും 'അഡ്വാന്‍സ്ഡ് സ്റ്റേജി'ലാണ് (മൂര്‍ദ്ധന്യമായ ഘട്ടം) രോഗം കണ്ടെത്തപ്പെടുന്നത്. ഇതിന്റെ രോഗലക്ഷണങ്ങള്‍ അത്രമാത്രം പ്രകടമല്ല എന്നതിലാണ് രോഗനിര്‍ണയം വൈകുന്നത്. 

 

 

യുവാക്കളില്‍ അധികമായി 'ഈസോഫാഗസ് ക്യാന്‍സര്‍' വരുന്നത് മോശം ജീവിതരീതികളുടെ കൂടി ഭാഗമായാണ്. അത്തരത്തില്‍ അന്നനാളത്തിലെ അര്‍ബുദത്തിന് കാരണമാകുന്ന ചില 'ലൈഫ്‌സ്റ്റൈല്‍' കാരണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

1. അലസമായ ജീവിതരീതി. അഥവാ വ്യായാമമില്ലാതെ, എല്ലായ്‌പ്പോഴും എവിടെയെങ്കിലും ചടഞ്ഞുകൂടിയിരുന്ന് മൊബൈല്‍ ഫോണോ മറ്റ് ഗാഡ്‌ഗെറ്റുകളോ നോക്കിക്കൊണ്ട് ദിവസം മുഴുവന്‍ ചിലവിടുന്ന തരത്തിലുള്ള ജീവിതം. 

2. മോശം ഡയറ്റും വ്യായാമമില്ലായ്മയും മാനസികസമ്മര്‍ദ്ദവുമെല്ലാം ആളുകളെ എളുപ്പത്തില്‍ അമിതവണ്ണത്തിലേക്ക് നയിക്കാറുണ്ട്. അമിതവണ്ണമുള്ളവരിലും അന്നനാളത്തിലെ അര്‍ബുദത്തിന് സാധ്യത കൂടുതല്‍ കണ്ടുവരുന്നു. 

3. മോശം ഡയറ്റ് മൂലം ഉദരപ്രശ്‌നങ്ങള്‍ പതിവായിട്ടുള്ള നിരവധി പേരുണ്ട്. ഇത്തരത്തില്‍ 'ഗാസ്‌ട്രോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ്' (ജിഇആര്‍ഡി) ഉള്ളവരിലും സാധ്യത കൂടുന്നു. 

4. പുകവലി, അതുപോലെ പുകയില ചവയ്ക്കുന്ന ശീലമുള്ളവര്‍ എന്നിവരിലും മദ്യപാനികളിലും അന്നനാളത്തിലെ അര്‍ബുദ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ തന്നെ.

മേല്‍പ്പറഞ്ഞവയെല്ലാം ജീവിതരീതികളുമായി ബന്ധപ്പെട്ട് അര്‍ബുദത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങളാണ്. എന്നാല്‍ ഇവയെല്ലാം കൊണ്ട് മാത്രമാണ് രോഗബാധയുണ്ടാകുന്നത് എന്ന് ഒരിക്കലും ചിന്തിക്കരുത്. ഇത്തരംകാരണങ്ങള്‍ അറിയുന്നത് മൂലം അല്‍പം കൂടി ജാഗ്രത പുലര്‍ത്താമെന്ന് മാത്രം. 

 

 

നല്ല ഡയറ്റ് (ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍ എന്നിവയെല്ലാമടങ്ങിയ ഭക്ഷണം. ഉദാ: പഴങ്ങള്‍), അല്‍പമെങ്കിലും ചിട്ടയായ ജീവിതം, ആഴ്ചയില്‍ നാല് ദിവസമെങ്കില്‍ ഇരുപത് മിനുറ്റ് നീളുന്ന വ്യായാമം, ആരോഗ്യകരമായ ശരീരഭാരം, ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് (പുകവലി, മദ്യപാനം) എന്നിവയെല്ലാം ഒരു പരിധി വരെ അന്നനാളത്തിലെ അര്‍ബദം തടയാന്‍ സഹായകമായിരിക്കും. 

Also Read:- 'തെെറോയ്ഡ് കാൻസർ' നമ്മൾ അറിയേണ്ടത്; ഡോക്ടർ പറയുന്നു...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്