
ആരോഗ്യപൂർണമായ ജീവിതത്തിന് മികച്ച ഒരു രോഗ പ്രതിരോധ സംവിധാനം അനിവാര്യമാണ്. കൊവിഡ് 19 സാഹചര്യത്തിൽ നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നത് അതിലും പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യം നിലനിർത്തുന്നതിനും മാരകമായ വൈറസിനെയും മറ്റ് രോഗങ്ങളെയും ചെറുക്കുന്നതിനും പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഗ്ലാമിയോ ഹെൽത്തിലെ ജനറൽ ഫിസിഷ്യൻ ഡോ. പ്രീത് പാൽ താക്കൂർ പറഞ്ഞു.
രോഗപ്രതിരോധ സംവിധാനത്തിന്റെ ഏകദേശം 80 ശതമാനവും കുടലിലാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമവും പോഷണവും പ്രോത്സാഹിപ്പിക്കുന്നത് അണുബാധകളെ വേഗത്തിലും മികച്ചതിലും ചെറുക്കുന്നു. ആവശ്യത്തിന് പ്രോട്ടീൻ, സിങ്ക്, വിറ്റാമിൻ എ, ബി, സി, ഇ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന്റെ രൂപീകരണത്തിലും നിയന്ത്രണത്തിലും സഹായിക്കുകയും ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ചെയ്യുന്നതായി ഡോ. പ്രീത് പാൽ പറഞ്ഞു.
ആരോഗ്യകരമായ ജീവിതത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് വ്യായാമം. കാരണം ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വ്യായാമം മെച്ചപ്പെട്ട ആരോഗ്യത്തിനും അതുവഴി ശക്തമായ പ്രതിരോധ സംവിധാനത്തിനും ഇടയാക്കും. വ്യായാമവും അതിന്റെ ഫലങ്ങളും വൈറസുകളെ ചെറുക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും നമ്മെ നേരിട്ട് പ്രാപ്തരാക്കും.
Read more മറവിരോഗം കൂടുതലും സ്ത്രീകളിലോ പുരുഷന്മാരിലോ?
ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. സ്ട്രെച്ചിംഗ്, യോഗ, നൃത്തം, ജോഗിംഗ്, നീന്തൽ എന്നിവയും ശീലമാക്കാം.വേണ്ടത്ര ഉറക്കം ലഭിക്കാത്ത വ്യക്തികൾ വൈറസ് അല്ലെങ്കിൽ അണുക്കളുമായി സമ്പർക്കം പുലർത്തിയ ശേഷം അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഉറക്കം നമ്മുടെ വീണ്ടെടുക്കലിന് അത്യന്താപേക്ഷിതമായതിനാൽ, ഉറക്കവും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനവും തമ്മിൽ ബന്ധമുള്ളതായി പഠനത്തിൽ പറയുന്നു. നല്ല രാത്രി ഉറക്കം ടി സെല്ലുകൾ എന്നറിയപ്പെടുന്ന ചില പ്രത്യേക പ്രതിരോധ കോശങ്ങളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുമെന്ന് പഠനത്തിന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. മാത്രമല്ല കഫീൻ, മദ്യം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. അതിനാൽ നല്ല ശുചിത്വമാണ് പ്രധാനം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് വായും മൂക്കും മൂടുക, ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നിവയും ശ്രദ്ധിക്കുക. മുൻകരുതലുകൾ എടുക്കുന്നത് രോഗം നമ്മിലേക്കും നമ്മുടെ പ്രിയപ്പെട്ടവരിലേക്കും പടരാതിരിക്കാൻ സഹായിക്കുന്നതായും ഡോ. പ്രീത് പാൽ പറഞ്ഞു.
Read more മങ്കിപോക്സ് കേസുകള്‍ കൂടുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന