ചുണ്ട് ഉണങ്ങുമ്പോള്‍ നാക്ക് കൊണ്ട് നനയ്ക്കരുത്; അറിയാം ആറ് 'ലിപ് കെയര്‍ ടിപ്‌സ്'...

By Web TeamFirst Published Jul 19, 2020, 10:30 PM IST
Highlights

വായുടെ ആകെ ആരോഗ്യം മോശമാകുന്നതും ചുണ്ടുകളെ ബാധിക്കും. അതിനാല്‍ വായുടെ ആരോഗ്യവും ശുചിത്വവും എപ്പോഴും ഉറപ്പാക്കുക. പ്രത്യേകിച്ച് പ്രായമേറും തോറുമാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കാനുള്ളത്. അതുപോലെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പതിവായി ചുണ്ടുകളുടെ കോണുകള്‍ വിണ്ടിരിക്കുന്നുണ്ടെങ്കില്‍ അതും 'ഡെന്റല്‍' ശുചിത്വവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്‌നമാകാം

ചുണ്ട് വരണ്ടുപൊട്ടുന്നതും, ഉണങ്ങി തൊലിയടര്‍ന്ന് പോരുന്നതുമെല്ലാം സാധാരണഗതിയില്‍ നമ്മള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ്. കാലാവസ്ഥയാണ് ഇതിലെ ഒരു വില്ലന്‍. എന്നാല്‍ ചിലരില്‍ എല്ലാക്കാലങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അത്തരത്തില്‍ 'സീസണല്‍' അല്ലാതെയും ചുണ്ട് വരണ്ട് പൊട്ടുകയും തൊലിയടര്‍ന്ന് പോവുകയും ചെയ്യുന്നുണ്ടെങ്കില്‍ അവിടെ വില്ലന്‍ നിങ്ങളുടെ 'ലൈഫ് സ്റ്റൈല്‍' ആണെന്ന് മനസിലാക്കുക. 

ഇത്തരക്കാര്‍ ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഈ പ്രശ്‌നം ഒരു പരിധി വരെ ഇല്ലാതാക്കാനാകും. അങ്ങനെ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ധാരാളം വെള്ളം കുടിക്കുക. ചുണ്ട് വരണ്ടുപൊട്ടുന്നതും തൊലിയടര്‍ന്നുപോകുന്നതുമെല്ലാം ശരീരത്തിലെ ജലാംശം പരിമിതമാകുന്നതിന്റെ ഭാഗമായാവാം. അതിനാല്‍ ഇടവിട്ട് വെള്ളം കുടിച്ചുകൊണ്ടിരിക്കുക. 

രണ്ട്...

ചിലര്‍ ചുണ്ട് ഉണങ്ങുന്നതിന് അനുസരിച്ച്, നാക്ക് കൊണ്ട് നനയ്ക്കുന്നത് കാണാം. ഇതൊരിക്കലും ചെയ്യരുതാത്തതാണ്. കാരണം, തുപ്പലിന്റെ 'പിഎച്ച്' ലെവല്‍ എട്ടിലധികമെല്ലാം വന്നേക്കും. അതേസമയം ചുണ്ടിന്റേതുള്‍പ്പെടെ നമ്മുടെ ചര്‍മ്മത്തിന്റെ 'പിഎച്ച്' ലെവല്‍ 4.5 ആണ്. 

 

 

അതിനാല്‍ നനയുമ്പോഴുള്ള താല്‍ക്കാലിക ആശ്വാസത്തിന് ശേഷം ചുണ്ട് വീണ്ടും 'ഡ്രൈ' ആകാനും പൂര്‍വ്വാധികം വരണ്ട് പൊട്ടല്‍ വരാനും സാധ്യതയേറെയാണ്. 

മൂന്ന്...

വായുടെ ആകെ ആരോഗ്യം മോശമാകുന്നതും ചുണ്ടുകളെ ബാധിക്കും. അതിനാല്‍ വായുടെ ആരോഗ്യവും ശുചിത്വവും എപ്പോഴും ഉറപ്പാക്കുക. പ്രത്യേകിച്ച് പ്രായമേറും തോറുമാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കാനുള്ളത്. അതുപോലെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പതിവായി ചുണ്ടുകളുടെ കോണുകള്‍ വിണ്ടിരിക്കുന്നുണ്ടെങ്കില്‍ അതും 'ഡെന്റല്‍' ശുചിത്വവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്‌നമാകാം. ഇതിന് ഡോക്ടറെ സമീപിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടാം. 

നാല്...

ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അത് ആകെ ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ പ്രതിഫലിക്കും. സ്വാഭാവികമായി ചുണ്ടിനേയും അത് ബാധിക്കും. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ശരീരത്തിന് അവശ്യം വേണ്ട ഘടകങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക 

അഞ്ച്...

പുകവലിക്കുന്നവരിലും ചുണ്ടുകള്‍ പതിവായി വിണ്ടുകീറുന്ന പ്രശ്‌നമുണ്ടാകാറുണ്ട്. അതുപോലെ ചുണ്ടിന്റെ നിറം ക്രമേണ മാറുന്നതും ഈ ദുശ്ശീലം മൂലം സംഭവിക്കാം. 

 

 

പുകവലി ഉപേക്ഷിക്കുകയല്ലാതെ ഇതിന് മറ്റ് പ്രതിവിധികളില്ലെന്ന് മനസിലാക്കുക. 

ആറ്...

ദീര്‍ഘനേരത്തേക്ക് ചുണ്ടില്‍ മേക്കപ്പ് സൂക്ഷിക്കുന്നതും ചുണ്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതിനാല്‍ പരമാവധി ചുണ്ടുകളില്‍ 'നാച്വറല്‍' അല്ലാത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അഥവാ ഉപയോഗിച്ചാല്‍ തന്നെ, സമയബന്ധിതമായി അത് കഴുകിക്കളയുകയും വേണം.

Also Read:- ചര്‍മ്മത്തിലെ ചൊറിച്ചില്‍, മങ്ങല്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നത്...

click me!