പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാകാം. ആകെ ആരോഗ്യത്തിന്റെ അവസ്ഥ എത്തരത്തിലാണോ ഉള്ളത് അത് തന്നെയാണ് ഒരു വലിയ പരിധി വരെ ചര്‍മ്മത്തിലും മുടിയിലും നഖങ്ങളിലുമെല്ലാം പ്രതിഫലിക്കാറ്. 

അത്തരത്തില്‍ ചില ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഒരു കാരണത്തെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടൊരു ഘടകമാണ് 'അയേണ്‍'. അയേണിന്റെ അളവ് കുറയുമ്പോഴാണ് പ്രധാനമായും വിളര്‍ച്ച (അനീമിയ) ഉണ്ടാകുന്നത്. 

ഇന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം സര്‍വസാധാരണമാണ് വിളര്‍ച്ച. എന്നാല്‍ അത്ര നിസാരമല്ല ഈ അവസ്ഥ. രക്തത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഇല്ലാതെയാകുന്ന സാഹചര്യമാണിത്. ഇതുമൂലം പല ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. തുടര്‍ച്ചയായ ക്ഷീണം, തലകറക്കം, പതിവായി തലവേദന, ഹൃദയ സ്പനന്ദനങ്ങളില്‍ വ്യതിയാനം, ശ്വാസതടസം, ഉത്കണ്ഠ, പ്രതിരോധ ശേഷി കുറയല്‍ എന്നിങ്ങനെ ഒരുപിടി പ്രശ്‌നങ്ങള്‍ക്ക് വിളര്‍ച്ച വഴിവയ്ക്കുന്നുണ്ട്. 

ഇതോടൊപ്പം തന്നെ, ചില ചര്‍മ്മപ്രശ്‌നങ്ങളും 'അയേണ്‍' കുറവിനെ സൂചിപ്പിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ചര്‍മ്മം മഞ്ഞ നിറം കയറി വിളറിയിരിക്കുന്നതാണ് ഒരു സൂചന. ഇതിന് പുറമെ, ചര്‍മ്മം വരളുന്നത്, ചൊറിച്ചിലുണ്ടാകുന്നത്, പാളികളായി ചര്‍മ്മം അടര്‍ന്നുപോരുന്നത് എന്നിവയെല്ലാം 'അയേണ്‍' കുറവിലേക്ക് വിരല്‍ ചൂണ്ടുന്നതാകാം. 

ആരോഗ്യമുള്ള ചര്‍മ്മത്തിന് 'അയേണ്‍' ആവശ്യമാണ്. പരമാവധി ഇത് ഭക്ഷണത്തിലൂടെ തന്നെ നേടാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം ഡോക്ടറെ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ തേടുക തന്നെ ചെയ്യേണ്ടി വരും. ആകെ ക്ഷീണിച്ചത് പോലെ മുഖവും ശരീരവും തോന്നിപ്പിക്കാനും, നഖങ്ങളും മുടിയുമെല്ലാം മങ്ങി- വരണ്ട് നില്‍ക്കാനുമെല്ലാം 'അയേണ്‍' കുറവ് കാരണമാകുന്നുണ്ട്. അതിനാല്‍ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ ആദ്യം ഡയറ്റ് ക്രമീകരിക്കുക. ശേഷവും മാറ്റമില്ലെങ്കില്‍ തീര്‍ച്ചയായും വിദഗ്ധന്റെ സഹായം തേടുക. 

Also Read:- രാവിലെ ഉണര്‍ന്ന ഉടൻ മുഖം മസാജ് ചെയ്യുന്നത് ശീലമാക്കൂ, ഒരു ​ഗുണമുണ്ട്...