Long Covid : 'ലോംഗ് കൊവിഡ്' ഒഴിവാക്കാന്‍ ചെയ്യേണ്ടത്...

Web Desk   | others
Published : Feb 18, 2022, 07:28 PM IST
Long Covid : 'ലോംഗ് കൊവിഡ്' ഒഴിവാക്കാന്‍ ചെയ്യേണ്ടത്...

Synopsis

നിലവില്‍ കൊവിഡ് വ്യാപനം നടത്തുന്ന ഒമിക്രോണ്‍ എന്ന വകഭേദത്തിന് അത്രമാത്രം തീവ്രതയില്ലെന്ന തരത്തില്‍ ധാരാളം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് രോഗത്തിന്റെ കാര്യത്തില്‍ ഒരു പരിധി വരെ ഇത് ശരിയാണ്. എന്നാല്‍ ലോംഗ് കൊവിഡിന്റെ കാര്യത്തില്‍ ഇതില്‍ വലിയ വ്യത്യാസമൊന്നു കാണുകയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

കൊവിഡ് 19 ബാധിച്ച ശേഷം ( Covid 19 Disease ) ഏറെ നാളത്തേക്ക് കൊവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥയെ ആണ് 'ലോംഗ് കൊവിഡ്' ( Long Covid ) എന്ന് വിളിക്കുന്നത്. തൊണ്ടയിലെ അസ്വസ്ഥത, തളര്‍ച്ച, ചുമ, ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും 'ലോംഗ് കൊവിഡ്'ല്‍ കാണുന്നത്. 

ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ, കാര്യങ്ങളില്‍ അവ്യക്തത തോന്നുന്ന 'ബ്രെയിന്‍ ഫോഗ്' എന്ന് വിളിക്കപ്പെടുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും ചിലരില്‍ 'ലോംഗ് കൊവിഡ്'ന്റെ ഭാഗമായി വരുന്നുണ്ട്. ഇവയെല്ലാം തന്നെ ദിവസങ്ങള്‍ മുതല്‍ മാസങ്ങളോളം വരെ നീണ്ടുനില്‍ക്കാം. 

പല രീതിയില്‍ നിത്യജീവിതത്തെ ഇത് ബാധിക്കാം. വീട്ടിലെ കാര്യങ്ങളോ, ജോലിയോ കൃത്യമായി ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരിക, ഓര്‍മ്മത്തെറ്റ്, ഭക്ഷണത്തോടുള്ള വിരക്തി, ഉറക്കമില്ലായ്മ, വിഷാദം പോലെ വിവിധ അവസ്ഥകളിലേക്ക് 'ലോംഗ് കൊവിഡ്' നമ്മെയെത്തിക്കാം. അതിനാല്‍ തന്നെ ഇത് നിസാരമായ ഒരു വിഷയമായി കണക്കാക്കാനുമാകില്ല. 

കൊവിഡ് ബാധിക്കപ്പെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഏതാണ്ട് 80 ശതമാനത്തോളം പേരിലും, ആശുപത്രിയില്‍ പ്രവേശിക്കപ്പെടാത്തവരില്‍ 5-10 ശതമാനം പേരിലും 'ലോംഗ് കൊവിഡ്' കാണാമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

നാല്‍പത് കടന്നവരിലാണ് ലോംഗ് കൊവിഡ് വളരെ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതുപോലെ പ്രതിരോധശേഷി ദുര്‍ബലമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമെല്ലാം ലോംഗ് കൊവിഡ് കാര്യമായി തന്നെ കണ്ടേക്കാം. 

നിലവില്‍ കൊവിഡ് വ്യാപനം നടത്തുന്ന ഒമിക്രോണ്‍ എന്ന വകഭേദത്തിന് അത്രമാത്രം തീവ്രതയില്ലെന്ന തരത്തില്‍ ധാരാളം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കൊവിഡ് രോഗത്തിന്റെ കാര്യത്തില്‍ ഒരു പരിധി വരെ ഇത് ശരിയാണ്. എന്നാല്‍ ലോംഗ് കൊവിഡിന്റെ കാര്യത്തില്‍ ഇതില്‍ വലിയ വ്യത്യാസമൊന്നു കാണുകയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇനി, എങ്ങനെയാണ് ലോംഗ് കൊവിഡ് ചെറുക്കാനാവുക. ഇതിന് ഒരേയൊരു മാര്‍ഗം മാത്രമാണ് നിലവിലുള്ളത്. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുക. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് തീവ്രത കുറഞ്ഞാണ് വരുന്നതെന്ന് നമ്മള്‍ കണ്ടു. അതുകൊണ്ടാണ് ഇന്ത്യയില്‍ മൂന്നാം തരംഗമുണ്ടായപ്പോള്‍ രണ്ടാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണനിരക്കും കാര്യമായ രീതിയില്‍ തന്നെ കുറഞ്ഞത്. 

പല റിപ്പോര്‍ട്ടുകളും ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കഴിഞ്ഞ മാസം ( ജനുവരി ) യുകെയിലെ 'ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്' പുറത്തുവിട്ട റിപ്പോര്‍ട്ട് ഉദാഹരണമായി എടുക്കാം. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരില്‍ ലോംഗ് കൊവിഡ് സാധ്യത കുറവായിരിക്കുമെന്നും കൊവിഡ് അനുബന്ധമായ എല്ലാ പ്രശ്‌നങ്ങളെയും ചെറുക്കാന്‍ വാക്‌സിന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

പതിനഞ്ചോളം അന്താരാഷ്ട്ര പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക്ക (ഇന്ത്യയിലാകുമ്പോള്‍ കൊവിഷീല്‍ഡ്) എന്നീ വാക്‌സിനുകള്‍ രണ്ട് ഡോസും സ്വീകരിച്ചവരാണെങ്കില്‍ ലോംഗ് കൊവിഡ് സാധ്യത പകുതിയായി കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അറുപത് കഴിഞ്ഞവരിലാണെങ്കില്‍ അവര്‍ക്ക് വാക്‌സിനുപയോഗിച്ച് കുറെക്കൂടി ഫലപ്രദമായി ലോംഗ് കൊവിഡിനെ ചെറുക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കൊവിഡ് വന്ന് ഭേദമായതിന് ശേഷം എല്ലാവരും തന്നെ ആരോഗ്യകാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പലരും ഇക്കാര്യങ്ങള്‍ വേണ്ടവിധം ഗൗനിക്കുന്നില്ലെന്നതാണ് സത്യം. ആരോഗ്യകരമായ ഭക്ഷണം, ഉറക്കം, വിശ്രമം എന്നിവ ഉറപ്പുവരുത്തണം. ചെറിയ രീതിയില്‍ വ്യായാമം ചെയ്തുതുടങ്ങണം. കഠിനമായ വര്‍ക്കൗട്ടെല്ലാം തന്നെ കൊവിഡിന് ശേഷം കുറച്ച് നാളത്തേക്ക് മാറ്റിവയ്ക്കണം. ശരീരത്തിന് അമിതമായ അധ്വാനം നല്‍കരുത്.

Also Read:- കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ക്ഷീണം; ഡോക്ടർ എഴുതുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ