ആത്മവിശ്വാസമില്ലായ്മ വ്യക്തിബന്ധത്തെ ബാധിക്കുമോ? സൈക്കോളജിസ്റ്റ് എഴുതുന്നത്

By Priya VargheseFirst Published Jul 21, 2020, 1:50 PM IST
Highlights

ആത്മവിശ്വാസം എന്നത് മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. എത്രമാത്രം വിലമതിക്കുന്ന വ്യക്തിത്വമാണ് നമ്മുടേത്‌ എന്ന് ഉറപ്പിക്കാന്‍ കഴിയുക മറ്റുള്ളവര്‍ നമുക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിനെ ആശ്രയിച്ചാണ്‌.

നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുക എന്നത് സന്തോഷകരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നമ്മെ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമുക്ക് നമ്മെതന്നെ എത്രമാത്രം അംഗീകരിക്കാനും മനസ്സിലാക്കാനും കഴിയുന്നു എന്നത് നമ്മുടെ സാമൂഹിക ബന്ധങ്ങളിലും പ്രതിഫലിക്കും. 

നമുക്കെത്രമാത്രം സ്വയം അംഗീകരിക്കാന്‍ കഴിയുന്നു എന്നതനുസരിച്ചാണ് എത്രമാത്രം സ്നേഹം മറ്റുള്ളവരില്‍ നിന്നും സ്വീകരിക്കാനുള്ള മാനസികാവസ്ഥ നമ്മളില്‍ ഉണ്ട് എന്നതും, എത്ര പരിഗണന നമ്മുടെ പ്രിയപ്പെട്ടവർക്കുള്ള നാം നൽകുന്ന എന്നത് എല്ലാം. ശരിയായ ആശയവിനിമയം, വൈകാരിക അടുപ്പം, പരസ്പരം മനസ്സിലാക്കാന്‍ കഴിയുക, പ്രശ്നങ്ങൾ പരിഹരിക്കാനാവുക എന്നിങ്ങനെ പല ഘടകങ്ങളും വ്യക്തിബന്ധങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും വ്യക്തിത്വത്തിലെ പ്രത്യേകതകളും.

ആത്മവിശ്വാസം എന്നത് മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകമാണ്. എത്രമാത്രം വിലമതിക്കുന്ന വ്യക്തിത്വമാണ് നമ്മുടേത്‌ എന്ന് ഉറപ്പിക്കാന്‍ കഴിയുക മറ്റുള്ളവര്‍ നമുക്ക് എത്രമാത്രം പ്രാധാന്യം നൽകുന്നു എന്നതിനെ ആശ്രയിച്ചാണ്‌. ചെറുപ്പകാലം മുതലേ നമുക്ക് ചുറ്റുമുള്ളവര്‍ നമ്മെപ്പറ്റി എന്തു പറയുന്നു എന്നതിനെ ആശ്രയിച്ചുകൂടിയാണ് നമ്മുടെ ആത്മവിശ്വാസം എത്രമാത്രമാണ് എന്നത്. 

അതിനാല്‍ തന്നെ എപ്പോഴും കുറ്റപ്പെടുത്തല്‍ കേൾക്കേണ്ടി വരിക എന്നത് നമ്മുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കും. അതുപോലെതന്നെ ഒരാളുടെ ആത്മവിശ്വാസക്കുറവ് ആ വ്യക്തിയുടെ സുഹൃത്തുക്കളെയും കുടുംബാംഗംങ്ങളെയും ആ വ്യക്തിയുമായി ബന്ധമുള്ള എല്ലാ ആളുകളെയും ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ സ്വയം വിലയില്ലായ്മ എന്ന അവസ്ഥ നമുക്കൊപ്പമുള്ള വ്യക്തിക്കോ ഉണ്ട് എന്ന് തിരിച്ചറിയാനായാല്‍ അതിനെ അതിജീവിക്കാന്‍ അവരെ സഹായിക്കാം.

സ്വയം വിലയില്ലായ്മ എന്ന അവസ്ഥയുടെ കാരണങ്ങള്‍....

ആത്മവിശ്വാസം ഇല്ലായ്മ നേരിടുന്ന ആളുകളുടെ കുടുംബ പശ്ചാത്തലം പ്രശ്നങ്ങള്‍ നിറഞ്ഞതാകാനാണ് സാധ്യത. ചെറുപ്പകാലം മുതലേ അവരുടെ അഭിപ്രായങ്ങൾക്ക് ആരും ചെവികൊടുക്കാത്ത അവസ്ഥ നേരിട്ടിട്ടുണ്ടാവാം. പലപ്പോഴും മാതാപിതാക്കള്‍ തമ്മില്‍ ഒത്തുപോകാന്‍ കഴിയാത്ത അവസ്ഥയും അവര്‍ ഇരുവരും ആത്മവിശ്വാസം ഇല്ലായ്മ നേരിടുകയും ചെയ്തിട്ടുണ്ടാവാം.

അതിനാല്‍ തന്നെ തങ്ങളുടെ മക്കളെ ആത്മവിശ്വാസമുള്ളവരായി വളർത്താനോ വേണ്ട മാർ​ഗനിർദേശങ്ങൾ വേണ്ട സമയത്ത് നൽകാനോ അവർക്ക്  കഴിഞ്ഞിട്ടുണ്ടാവില്ല. നല്ല ആശയവിനിമയത്തിന്റെ അഭാവം ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാവും.

 പഠനത്തില്‍ പിന്നോക്കാവസ്ഥ,  അതിക്രമങ്ങള്‍ നേരിടുക, പലപ്പോഴും ബലിയാടാകേണ്ടി വരിക എന്നീ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അതില്‍ നിന്നും കരകയറാന്‍ വേണ്ട കൈത്താങ്ങ് ലഭിക്കാതെ വന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. ഇതെല്ലാം തന്റെ കുറ്റം കൊണ്ടാണെന്നുള്ള വിശ്വാസം അവരില്‍ ഉടലെടുക്കാന്‍ ഇതെല്ലാം കാരണമാകുന്നു. ഇത്തരം ചിന്തകള്‍ പതിയെ ആത്മവിശ്വാസത്തെ ഇല്ലാതെയാക്കും.

ആത്മവിശ്വാസക്കുറവ് നേരിടുന്നു എന്നതിന്റെ ലക്ഷണങ്ങള്‍...

•    അമിതമായി സ്വയം വിമർശിക്കുക
•    വിമർശനങ്ങളിൽ പെട്ടെന്നു മനസ്സു തകരുക
•    എന്തു കാര്യവും ചെയ്തു തുടങ്ങാൻ ബുദ്ധിമുട്ട് നേരിടുക
•    ധൈര്യപൂർവ്വം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക 
•    ജീവിതത്തില്‍ പ്രതീക്ഷയില്ലായ്മ
•    പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കഴിവില്ല എന്ന തോന്നല്‍
•    മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവുകള്‍ മാത്രമുള്ള ഒരു വ്യക്തിയാണ് താന്‍ എന്ന തോന്നല്‍
•    സാമൂഹികമായി പിൻവലിയുക.
•    വ്യക്തിപരമായ പ്രശ്നങ്ങളെപ്പറ്റിയുള്ള ചിന്തകളില്‍ കൂടുതല്‍ വ്യാപൃതരാവുക
•    പരാജയഭയം

ആത്മവിശ്വാസമില്ലാതെ ജീവിക്കേണ്ടി വരുമ്പോള്‍...
 
നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ തനിക്കാവില്ല എന്ന ചിന്തയാവും ആത്മവിശ്വസക്കുറവ് നേരിടുന്നവരില്‍. ഒരു കാര്യങ്ങളിലും തക്കതായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണ് എന്ന വിശ്വാസമാകും അവർക്ക് വേണ്ട എന്നു പറയേണ്ടിടത്ത് ധൈര്യപൂർവ്വം അത് പറയാന്‍ കഴിയാത്ത അവസ്ഥ നേരിടും. ആത്മവിശ്വാസക്കുറവ് നേരിടുന്നവരെ എങ്ങനെ സഹായിക്കാം?

1.    കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും ഒഴിവാക്കാം

അമിതമായ കുറ്റപ്പെടുത്തലുകളും വിമർശനങ്ങങ്ങളും ബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നതായി കാണാന്‍ കഴിയും. കുടുംബാംഗങ്ങളോടോ, ജീവിത പങ്കാളിയോടോ, സുഹൃത്തുക്കളോടോ ഒക്കെ ഇത്തരം ഒരു രീതി തുടരുന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം നഷ്ടമാകാന്‍ കാരണമാകും.  സ്നേഹത്തോടെയുള്ള ശാസനയും ആത്മവിശ്വാസം തകർക്കുന്ന തരം കുറ്റപ്പെടുത്തലുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.  സ്ഥിരമായുള്ള കുറ്റപ്പെടുത്തലുകള്‍ ബന്ധങ്ങള്‍ തകർച്ചയുടെ വക്കിലാണ് എന്നതിന്റെ ലക്ഷണമായി കാണാന്‍ കഴിയും.

2.    നന്മകള്‍ കാണാതെ പോകരുത്

എപ്പോഴും കുറ്റപ്പെടുത്തലുകള്‍ കേൾക്കാന്‍ ആരും ആഗ്രഹിക്കില്ല. അത് ആളുകളില്‍ മടുപ്പുളവാക്കും. ഉപദേശങ്ങളിലൂടെയും കുറ്റപ്പെടുത്തലുകളിലൂടെയും ഒരു വ്യക്തിയെ പൂർണ്ണമായും മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതു ഗുണത്തേക്കാള്‍ ഏറെ ദോഷമായി ഭവിക്കാം. ഒരു വ്യക്തിയുടെ നന്മകളെ കാണാതെ ചെറിയ പോരായ്മകൾക്ക് അമിത പ്രാധാന്യം കൊടുക്കുന്ന രീതി ഒഴിവാക്കാൻ ശ്രമിക്കുക. താന്‍ കുറവുകള്‍ മാത്രമുള്ള ഒരു വ്യക്തിയാണ് എന്ന ചിന്ത അവരുടെ മനസ്സില്‍ കയറിക്കൂടാന്‍ അതു കാരണമാകും.

3.    പരാജയഭീതി അതിജീവിക്കാന്‍ പ്രപ്തരാക്കാം

പരാജയങ്ങളെ ഭയക്കാതെ ധൈര്യപൂർവ്വം തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രോത്സഹിപ്പിക്കാം. ഒരു വ്യക്തിയുമായി ഏറെ അടുപ്പമുള്ള ആളുകൾക്ക് അവരില്‍ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതില്‍ വലിയ പങ്കുണ്ട്.

യുവതിയോടൊപ്പം വര്‍ക്കൗട്ട് ചെയ്യുന്ന പൂച്ച; വൈറലായി വീഡിയോ...

എഴുതിയത്:
പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
PH: 8281933323
Telephone consultation only

click me!