പ്രമുഖ മരുന്ന് കമ്പനി സിപ്ലയുടെ പുണെയിലെ പ്രധാന ഗോഡൗണിൻ്റെ ലൈസൻസ് റദ്ദാക്കി: മരുന്ന് സൂക്ഷിച്ചതിലടക്കം വീഴ്‌ചയെന്ന് റിപ്പോർട്ട്

Published : Oct 02, 2026, 09:45 PM IST
Cipla

Synopsis

മരുന്നുകളുടെ സംഭരണത്തിലും ലേബലിംഗിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ലയുടെ പുണെയിലുള്ള പ്രധാന ഗോഡൗണിന്റെ ഡ്രഗ് ലൈസൻസ് മഹാരാഷ്ട്ര എഫ്.ഡി.എ താത്കാലികമായി റദ്ദാക്കി. കാരണം കാണിക്കൽ നോട്ടീസിന് കമ്പനി നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും സിപ്ല വ്യക്തമാക്കി.

പുണെ: പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ലയുടെ പുണെയിലുള്ള പ്രധാന ഗോഡൗണിന്റെ ഡ്രഗ് ലൈസൻസ് താത്കാലികമായി റദ്ദാക്കി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റേതാണ് നടപടി. മരുന്നുകളുടെ സംഭരണത്തിൽ വീഴ്ച വരുത്തിയതിനും, ലേബലിംഗിലും ബ്രാൻഡിംഗിലും ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനും പിന്നാലെയാണ് നടപടി. പൂണെക്കടുത്ത് കുർകുമ്പിലെ സിപ്ല കമ്പനിയുടെ പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സെന്ററിൽ എഫ്.ഡി.എ ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിർദ്ദിഷ്ട താപനിലയിൽ സൂക്ഷിക്കേണ്ട അവശ്യ മരുന്നുകൾ സൂക്ഷിച്ച രീതിയും പല ഉൽപ്പന്നങ്ങളിലെയും ലേബലിംഗ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. പരിശോധനക്ക് പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് എഫ്.ഡി.എ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്. ജനങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച സാധ്യമല്ലെന്ന് എഫ്.ഡി.എ വക്താക്കൾ വ്യക്തമാക്കിയതായി ഇന്ത്യ ടുഡെ പറയുന്നു.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സിപ്ല കമ്പനിയും രംഗത്തെത്തി. വിതരണ കേന്ദ്രത്തിൽ കണ്ടെത്തിയ സാങ്കേതികമായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും, എഫ്.ഡി.എയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും കമ്പനി അറിയിച്ചു. നിലവിൽ നിർത്തിവെച്ച ഗോഡൗണിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ഗുണനിലവാരമുള്ള മരുന്നുകളുടെ വിതരണം തടസ്സമില്ലാതെ തുടരുമെന്നും സിപ്ല വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? ഈ പഴം പതിവായി കഴിച്ചോളൂ
പാദങ്ങളിലെ വിണ്ടുകീറൽ മാറാൻ ഇതാ ആറ് വഴികൾ