
നടിയും അവതാരകയും മോഡലുമായ മലൈക അറോറ കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതുമുതൽ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ഇപ്പോഴിതാ കൊവിഡില്‍ നിന്ന് മുക്തി നേടിയ സന്തോഷം പങ്കുവയ്ക്കുകയാണ് മലൈക.
തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മലൈക ഇക്കാര്യം അറിയിച്ചത്. 'ഒരുപാട് ദിവസങ്ങൾക്ക് ശേഷം ഞാൻ എന്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി. ആരോഗ്യപരമായ നിർദ്ദേശങ്ങൾ നൽകിയ ഡോക്ടർമാർക്കും ബിഎംസിക്കും നന്ദി'- മലൈക കുറിച്ചു.
ഒപ്പം തനിക്ക് അളവറ്റ പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും അയൽക്കാർക്കും ആരാധകർക്കും മലൈക നന്ദി അറിയിച്ചു. ഈ സമയങ്ങളിൽ തനിക്ക് എല്ലാവരും ചെയ്തു തന്നെ പിന്തുണയ്ക്കും സന്ദേശങ്ങൾക്കും വാക്കുകളിലൂടെ മതിയായ നന്ദി അറിയിക്കാനാവില്ല. എല്ലാവരും സുരക്ഷിതരായി തുടരണമെന്നും മലൈക കുറിപ്പിൽ അഭ്യർത്ഥിച്ചു.
സെപ്റ്റംബർ ഏഴിനായിരുന്നു താരത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ക്വാറന്റീൻകാലത്ത് താൻ ഏറ്റവും ആസ്വദിച്ച് ചെയ്ത കാര്യം വായനയാണെന്ന് മലൈക നേരത്തെ പറഞ്ഞിരുന്നു. മകനെ കാണാൻ കഴിയാതിരുന്നതാണ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്നും മലൈക പറഞ്ഞു. ഇരുവരും ബാൽക്കണിയിൽ നിന്നാണ് പരസ്പരം സംസാരിച്ചിരുന്നത്.
മകനെ ദൂരെ നിന്ന് കാണുന്നതിന്റെ ചിത്രവും മലൈക അടുത്തിടെ പങ്കുവച്ചിരുന്നു. മകനും പ്രിയപ്പെട്ട പട്ടിയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. തന്റെ ഈ രണ്ടു കുഞ്ഞുങ്ങളെ പുണരാൻ കഴിയാത്തതോർത്ത് ഹൃദയം തകരുന്നുവെന്ന് പറഞ്ഞാണ് മലൈക ചിത്രം പങ്കുവച്ചിരുന്നത്.
കൊറോണയെ തുരത്താൻ വീട്ടിൽ സ്വീകരിച്ച മാർഗങ്ങളെക്കുറിച്ചും മലൈക പങ്കുവച്ചിരുന്നു. ആരോഗ്യത്തോടെയിരിക്കാൻ എല്ലാവരും ഹെൽത്തി ഡയറ്റ് പിന്തുടരുകയും വ്യായാമം ശീലമാക്കുകയും ചെയ്യണമെന്നുമാണ് മലൈക പറയുന്നത്. ഇഞ്ചിയും കുങ്കുമപ്പൂവും ബദാമുമൊക്കെ താൻ ശീലമാക്കിയിരുന്നു. ഉണർന്നാലുടൻ ചുക്കും മഞ്ഞളും ശർക്കരയും നെയ്യും ചേർത്തുള്ള മിശ്രിതം കഴിക്കുന്ന പതിവുമുണ്ടായിരുന്നെന്നും മലൈക പറയുന്നു.
Also Read: 'ആരെങ്കിലും പെട്ടെന്ന് കൊവിഡ് വാക്സിൻ കണ്ടുപിടിക്കൂ': മലൈക അറോറ പറയുന്നു...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam