തിളങ്ങുന്ന ചര്‍മ്മത്തിനും യോഗ; മലൈക പങ്കുവച്ച വീഡിയോ കാണാം...

By Web TeamFirst Published Apr 26, 2021, 10:28 PM IST
Highlights

യോഗയുടെ ശാരീരിക- മാനസികാരോഗ്യ ഗുണങ്ങളെ പറ്റിയാണ് എപ്പോഴും മലൈക വാചാലയാകാറ്. യോഗ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം എപ്പോഴും പങ്കുവയ്ക്കാറുമുണ്ട്. 'സര്‍വ', 'ദിവ യോഗ' എന്നീ യോഗാകേന്ദ്രങ്ങളുടെ സഹ-സ്ഥാപക കൂടിയാണ് മലൈക

സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടി സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് ബോളിവുഡ് താരമായ മലൈക അറോറ. മിക്കവാറും തന്റെ വര്‍ക്കൗട്ട് വിശേഷങ്ങളോ വീട്ടിലെ വിശേഷങ്ങളോ ഡയറ്റ്- ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഒക്കെയാണ് മലൈക സമൂഹമാധ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറ്. 

വര്‍ക്കൗട്ട് എന്ന് പറയുന്നതിനെക്കാള്‍ യോഗ എന്ന് പറയുന്നതായിരിക്കും ഉചിതം. യോഗയുടെ ശാരീരിക- മാനസികാരോഗ്യ ഗുണങ്ങളെ പറ്റിയാണ് എപ്പോഴും മലൈക വാചാലയാകാറ്. യോഗ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം എപ്പോഴും പങ്കുവയ്ക്കാറുമുണ്ട്. 'സര്‍വ', 'ദിവ യോഗ' എന്നീ യോഗാകേന്ദ്രങ്ങളുടെ സഹ-സ്ഥാപക കൂടിയാണ് മലൈക.

നാല്‍പത്തിയേഴാം വയസിലും മലൈകയില്‍ യൗവനത്തിന്റെ തിളക്കം കാണാന്‍ സാധിക്കുന്നതും അവര്‍ ആരോഗ്യകാര്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ്. അടുത്ത ദിവസങ്ങളിലായി യോഗയുമായി ബന്ധപ്പെട്ട ചില ചെറുവീഡിയോകള്‍ മലൈക തന്റെ ഇന്‍സ്റ്റ പേജില്‍ പങ്കുവച്ചുവരുന്നുണ്ട്. 

ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ചര്‍മ്മത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ചെയ്യാവുന്ന യോഗമുറകള്‍. മൂന്ന് തരം യോഗയാണ് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ വേണ്ടി ചെയ്യാന്‍ മലൈക പങ്കുവച്ചിരിക്കുന്നത്. സര്‍വാംഗാസനം, ഹലാസനം. ത്രികോണാസനം എന്നിവയാണ് അവ. 

 

 

സര്‍വാംഗാസനത്തില്‍ ശരീരത്തിന്റെ മുകള്‍ഭാഗത്തേക്ക് പ്രത്യേകിച്ച് മുഖത്തേക്കുള്ള രക്തയോട്ടം വര്‍ധിക്കും. അതിനാല്‍ തന്നെ മുഖം തിളക്കമുള്ളതായി മാറും. ഇതിനോടൊപ്പം നടുഭാഗം, തോള്‍ഭാഗം എന്നിവയെ ബലപ്പെടുത്താനും ഇത് സഹായകമാണ്. ഹലാസനമാണെങ്കില്‍ മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാനുമാണ് സഹായകമാകുന്നത്. ഇതെല്ലാം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും അനുകൂലമായി ബാധിക്കുന്നു. ത്രികോണാസനത്തില്‍ നെഞ്ചും തോള്‍ഭാഗവും വിരിഞ്ഞുവരികയാണ് ചെയ്യുന്നത്. ഇങ്ങനെ വരുമ്പോള്‍ ചര്‍മ്മത്തിന് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കും. അതുവഴി ചര്‍മ്മം തിളക്കമുള്ളതാകും. 

വീഡിയോയ്‌ക്കൊപ്പം തന്നെ ഇതെക്കുറിച്ചെല്ലാം വിശദമാക്കുന്ന ദീര്‍ഘമായ കുറിപ്പും മലൈക പങ്കുവച്ചിട്ടുണ്ട്. ചർമ്മസൗന്ദര്യത്തിന്‍റെ കാര്യം ചർച്ച ചെയ്യുമ്പോഴും വെള്ളം കുടിക്കേണ്ടതിന്‍റെ ആവശ്യകതയും മലൈക ഓർമ്മിപ്പിക്കുന്നുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണെന്നാണ് മലൈക പറയുന്നത്. ഏതായാലും വിലപ്പെട്ട വിവരങ്ങളടങ്ങിയ വീഡിയോയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 

Also Read:- ഈ കൊവിഡ് കാലത്ത് ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കൂ, രോ​ഗപ്രതിരോധശേഷി കൂട്ടാം...

click me!