'മികച്ച ശാരീരിക വ്യായാമം കൊവിഡ് വരാനുള്ള സാധ്യത കുറയ്ക്കും'; ഡോ. സുൽഫി

By Web TeamFirst Published Apr 26, 2021, 10:04 AM IST
Highlights

കഴിഞ്ഞ രണ്ട് കൊല്ലമായി ശാരീരിക വ്യായാമം നടത്തിയവരും അല്ലാത്തവരുമായ ആൾക്കാരിൽ നടത്തിയ 'ഒബ്സർവേഷണൽ സ്റ്റഡി'യിലാണ് ഇത്തരമൊരു കണ്ടെത്തൽ എന്നും ഡോ. സുല്‍ഫി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

മികച്ച ശാരീരിക വ്യായാമം കൊവിഡ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഐഎംഎയുടെ സമൂഹ മാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. കഴിഞ്ഞ രണ്ട് കൊല്ലമായി ശാരീരിക വ്യായാമം നടത്തിയവരും അല്ലാത്തവരുമായ ആൾക്കാരിൽ നടത്തിയ 'ഒബ്സർവേഷണൽ സ്റ്റഡി'യിലാണ് ഇത്തരമൊരു കണ്ടെത്തൽ എന്നും ഡോ. സുല്‍ഫി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

കുറിപ്പ് വായിക്കാം...

മികച്ച ശാരീരിക വ്യായാമം കൊവിഡ് വരാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല മരണത്തെ പോലും തടയും. കഴിഞ്ഞ രണ്ട് കൊല്ലമായി ശാരീരിക വ്യായാമം നടത്തിയവരും അല്ലാത്തവരുമായ ആൾക്കാരിൽ നടത്തിയ ഒബ്സർവേഷണൽ സ്റ്റഡിയിലാണ്  ഇത്തരമൊരു കണ്ടെത്തൽ. ഏതാണ്ട് അമ്പതിനായിരത്തോളം ആൾക്കാരിൽ നടത്തിയ പഠനം കൃത്യമായി വ്യായാമം ചെയ്യുന്നത് കൊവിഡ്  വരാനുള്ള സാധ്യത കുറയ്ക്കുകയും സങ്കീർണത ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. 

അതായത് " ഓടിക്കോ" കൊവിഡ് വരുന്നുണ്ട്. അഥവാ വന്നാലും മരണത്തെപ്പോലും ശാരീരിക വ്യായാമം തടയുമത്രേ.. ഉയർന്ന പ്രായം, പുരുഷന്മാർ, പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം എന്നിവ കൊവിഡ് 19 മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടുവാൻ സാധ്യത കൂട്ടുന്നുവെന്ന്  ഉറപ്പാണ്. അതിനോടൊപ്പം  തുല്യപ്രാധാന്യത്തോടെ  വ്യായാമവും ഈ പഠനത്തിലൂടെ  പുറത്തുവരുന്നു.
  
കഴിഞ്ഞ ജനുവരി മുതൽ ഒക്ടോബർ വരെ 48440 പ്രായപൂർത്തിയായ ആൾക്കാരിൽ നടത്തിയ പഠനമാണ് ഇത്തരം ഒരു വിവരം പുറത്തുകൊണ്ടുവന്നത്. ഇതിൽ 62% സ്ത്രീകളായിരുന്നു. ആവറേജ് പ്രായം 47. പകുതിയിലേറെ ആൾക്കാർക്കും മറ്റ് ഗുരുതര രോഗങ്ങൾ ഒന്നും തന്നെ ഇല്ലാത്തവരായിരുന്നു. പഠന വിധേയമായവരിൽ 7 ശതമാനംപേർ കൃത്യമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വ്യായാമം ചെയ്യുന്നവരും 15 ശതമാനത്തോളം ആൾക്കാർ ഒട്ടും തന്നെ കായിക വ്യായാമങ്ങൾ ചെയ്യാത്തവരുമായിരുന്നു. എല്ലാ വിഭാഗത്തിലുള്ള ആൾക്കാർ ഉൾപ്പെട്ടിരുന്ന ഈ പഠനത്തിൽ മറ്റു ഗുരുതര രോഗങ്ങളുടെ സാന്നിധ്യവും  പ്രായവും ഒക്കെ മാറ്റി നിർത്തിയാൽ പോലും ഒറ്റ കാരണമായി ചൂണ്ടിക്കാണിക്കാൻ പഠനത്തിൽ കഴിഞ്ഞത്  ശാരീരിക വ്യായാമം ഇല്ലായ്മ തന്നെയാണ്.
 
അവരിൽ ആശുപത്രി അഡ്മിഷൻ കൂടുതലും മരണനിരക്ക് കൂടുതലും മറ്റ് കോംപ്ലിക്കേഷൻ കൂടുതലുമാണെന്ന് പഠനം കണ്ടെത്തി. മുൻപത്തെ രണ്ടുകൊല്ലം പോട്ടെ.. ഇനി വ്യായാമം ചെയ്യുന്നതു പോലും കൊവിഡ് 19 പ്രതിരോധത്ത സഹായിക്കുമെന്ന് നിസ്സംശയം പറയാം. വളരെ നേരത്തെ അറിയാവുന്നതുപോലെ തന്നെ  പ്രമേഹവും രക്തസമ്മർദവും അമിത കൊളസ്ട്രോളും അമിതവണ്ണവുംമൊക്കെ  തടയുവാൻ വ്യായാമത്തിന് കഴിയും. അതോടൊപ്പം ഇപ്പോൾ കൊവിഡും. അതേ, അപ്പോ "ഓടിക്കോ കൊവിഡ് വരുന്നുണ്ട്"

- ഡോ. സുൽഫി നൂഹു.

ഓടിക്കോ ! കോവിഡ് വരുന്നുണ്ട്❗ ---------. ------------. ----------- മികച്ച ശാരീരിക വ്യായാമം കോവിഡ്...

Posted by Drsulphi Noohu on Sunday, April 25, 2021

 

Also Read: ആശ്വാസത്തിന്റെ ചെറുകിരണങ്ങള്‍; കൊവിഡിനെ തോല്‍പിച്ച് 104കാരനായ സ്വാതന്ത്ര്യസമര സേനാനി...

click me!