കൊവിഡ് 19; ഇന്ത്യയുടെ 'സ്വന്തം' മരുന്ന് മലേഷ്യയിലേക്കും...

By Web TeamFirst Published Apr 15, 2020, 5:55 PM IST
Highlights
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി അനുവദിച്ചതിനെ തുടര്‍ന്ന് രാജ്യത്തിനകത്ത് ഇതിന് ക്ഷാമം നേരിടുന്നുവെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ഇത് ലഭിക്കുന്നില്ലെന്ന തരത്തില്‍ പരാതികളുയര്‍ന്നിരുന്നു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ പിടിച്ചുനിര്‍ത്തേണ്ടത് നമ്മുടെ അടിയന്തര ആവശ്യങ്ങളാണെന്നും അത് കഴിഞ്ഞുള്ള സഹായങ്ങളേ രാജ്യം ചെയ്യാന്‍ പാടുള്ളൂവെന്നും വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു
 
കൊറോണ വൈറസ് രോഗലക്ഷണങ്ങളെ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിതമായ ഒരു മരുന്നിനെയാണ് ഇപ്പോള്‍ പ്രമുഖ രാജ്യങ്ങളടക്കം പലരും ആശ്രയിക്കുന്നത്. ഇന്ത്യയില്‍ മലേരിയയെ പ്രതിരോധിക്കാന്‍ നല്‍കിക്കൊണ്ടിരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ആണ് ഈ താരം. 

ലോകത്ത് തന്നെ ഇതിന്റെ ഉത്പാദനം പ്രധാനമായും നടക്കുന്നത് ഇന്ത്യയിലാണ്. കൃത്യമായി പറഞ്ഞാല്‍ ലോകത്താകെയും ഉപയോഗിക്കപ്പെടുന്ന 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' മരുന്നില്‍ 70 ശതമാനത്തിന്റേയും ഉത്പാദനം നടക്കുന്നത് നമ്മുടെ രാജ്യത്താണ്.

അതുകൊണ്ട് തന്നെ കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ ഈ മരുന്നിന് വേണ്ടി പല രാജ്യങ്ങളും ഇന്ത്യയെ സമീപിച്ചിരുന്നു. ഈ മരുന്നിന്റെ കയറ്റുമതിയില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍, മരുന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട രൂക്ഷമായ നിലപാടോടെ യുഎസ് രംഗത്തെത്തിയതോടെ ഇന്ത്യ മരുന്ന് കയറ്റുമതി നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ തയ്യാറാവുകയായിരുന്നു. 

അങ്ങനെ യുഎസ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മരുന്ന കയറ്റിയയച്ചിരുന്നു. നയതന്ത്രകാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് പതിമൂന്ന് രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്ന് മരുന്ന് എത്തിയതായി മലേഷ്യ കൂടി സ്ഥിരീകരിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങള്‍ നടത്തുന്നില്ലെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് പറയുന്നു. 

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി അനുവദിച്ചതിനെ തുടര്‍ന്ന് രാജ്യത്തിനകത്ത് ഇതിന് ക്ഷാമം നേരിടുന്നുവെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ഇത് ലഭിക്കുന്നില്ലെന്ന തരത്തില്‍ പരാതികളുയര്‍ന്നിരുന്നു.

Also Read:- കൊവിഡ് 19; അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്നിന് ഇവിടെ ക്ഷാമമോ?...

നിര്‍ണായകമായ ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ പിടിച്ചുനിര്‍ത്തേണ്ടത് നമ്മുടെ അടിയന്തര ആവശ്യങ്ങളാണെന്നും അത് കഴിഞ്ഞുള്ള സഹായങ്ങളേ രാജ്യം ചെയ്യാന്‍ പാടുള്ളൂവെന്നും വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനിടെയാണ് മലേഷ്യയും മരുന്ന് ലഭിച്ച കാര്യം അറിയിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരായ എല്ലാ രോഗികള്‍ക്കും ബൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കുന്നില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് ഇത് നല്‍കുന്നത്. നേരത്തേ സൂചിപ്പിച്ചത് പോലെ പ്രധാനമായും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഈ മരുന്ന് ഇവിടെ നല്‍കിവരുന്നത്. എന്നാല്‍ മലേഷ്യയില്‍ കൊവിഡ് 19 രോഗികള്‍ക്ക് വ്യാപകമായി ഈ മരുന്ന് നല്‍കുന്നുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കൂടുതല്‍ മരുന്ന് ഇന്ത്യയോട് ആവശ്യപ്പെടാനാണ് മലേഷ്യയുടെ തീരുമാനമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഇതുവരെ 5000 കൊവിഡ് 19 കേസുകളാണ് മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 82 പേര്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു.
 
click me!