കൊവിഡ് 19 ഭീതി വിതച്ച് മുന്നേറുന്നതിനിടെ ഇന്ത്യക്ക് ആശ്വസിക്കാനുള്ള വക നല്‍കിയത്, 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' എന്ന 'അത്ഭുത' മരുന്നായിരുന്നു. മലേരിയയ്ക്ക് നല്‍കിവരുന്ന മരുന്നായിരുന്നു ഇത്. മലേരിയയ്ക്ക് മാത്രമല്ല, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ് എന്നിങ്ങനെ പല രോഗങ്ങള്‍ക്കും നല്‍കിവന്നിരുന്ന മരുന്ന്.

കൊവിഡ് 19നെ ഫലപ്രദമായി ചെറുക്കാന്‍ ഈ മരുന്നിന് കഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഇതിന് ആഗോളതലത്തില്‍ തന്നെ 'ഡിമാന്‍ഡ്' വര്‍ധിച്ചു. ഇന്ത്യയാണ് നിലവില്‍ ഈ മരുന്നിന്റെ ഏറ്റവും വലിയ ഉത്പാദകര്‍. ലോകത്താകെയും ഉപയോഗിക്കപ്പെടുന്ന 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' മരുന്നിന്റെ 70 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്.

അങ്ങനെ വിദേശരാജ്യങ്ങളെല്ലാം മരുന്നിനായി ഇന്ത്യയെ സമീപിക്കുമെന്ന സാഹചര്യം വന്നപ്പോള്‍ തന്നെ, ഇതിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചു. പിന്നീട് അമേരിക്ക കടുത്ത ഭാഷയില്‍ പ്രതികരിച്ചതും പിന്നാലെ കയറ്റുമതി ഭാഗികമായി തുടങ്ങിയതും നമ്മള്‍ കണ്ടു. 

മരുന്നിന്റെ വലിയ ഉത്പാദകര്‍ ഇന്ത്യയാണെങ്കിലും ഉയര്‍ന്ന ഡിമാന്‍ഡ് വരികയാണെങ്കില്‍ ഉത്പാദന നിരക്ക് കൂട്ടേണ്ട സാഹചര്യം വരുമെന്ന് നേരത്തേ 'ദ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി' അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിറകെ മരുന്നിന് ക്ഷാമം നേരിടുന്നുവെന്ന് കൊവിഡ് 19 ഏറ്റവുമധികം രൂക്ഷമായ മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. 

നിലവില്‍ കൊവിഡ് 19 രോഗികള്‍ക്ക് വ്യാപകമായി 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' നല്‍കുന്നില്ല. അപകടഭീഷണി നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പോലുള്ള വിഭാഗക്കാര്‍ക്കാണ് മരുന്ന് നല്‍കിവരുന്നത്. ഇത്തരത്തില്‍ ഐസിഎംആറിന്റെ നിര്‍ദേശപ്രകാരം മുംബൈയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡോക്ടര്‍മാര്‍ ഈ മരുന്ന് കുറിച്ചുനല്‍കുകയും എന്നാല്‍ മരുന്ന് കിട്ടാത്ത സാഹചര്യമുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

അതേസമയം മരുന്നിന് ക്ഷാമമൊന്നുമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മരുന്നിന്റെ സ്റ്റോക്ക് ധാരാളമുണ്ടെന്നും എവിടെയെങ്കിലും മരുന്ന് ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. 

'ഇപ്പോള്‍ നമുക്കാവശ്യമുള്ളത്രയും മരുന്ന് നമ്മുടെ പക്കലുണ്ട്. മരുന്നിന്റെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നമ്മള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും ഇത് ലഭ്യമാക്കുക എന്നത് തന്നെയാണ് നമ്മുടെ ആദ്യത്തെ ലക്ഷ്യം. അതിന് ശേഷം മാത്രമേ കയറ്റുമതിക്ക് സ്ഥാനമുള്ളൂ...'- 'നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി' ചെയര്‍മാന്‍ ശുഭ്ര സിംഗ് പറയുന്നു. 

ഏതായാലും വരും ദിവസങ്ങളിലും ഈ മരുന്നിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയേ ഉള്ളൂ. അപ്പോഴും ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടായിട്ടും മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇത് ലഭ്യമാകാത്ത സാഹചര്യമുണ്ടായാലേ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് വരുന്ന പരാതികള്‍ കണക്കിലെടുക്കേണ്ടതുള്ളൂ. നിലവില്‍ അവശ്യസാധനങ്ങള്‍ പോലും സമയബന്ധിതമായി കടകളിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. എന്നാല്‍ അത്തരം പ്രശ്‌നങ്ങള്‍ ആരോഗ്യമേഖലയെ ബാധിക്കില്ലെന്ന് തന്നെ കരുതാം.