പതിനഞ്ചാം ടെസ്റ്റും പോസിറ്റീവ്, കൊവിഡ് വിടാതെ പിടികൂടി കഷ്ടപ്പെടുന്ന മക്‌സൂദ്‌ ഖാൻ എന്ന കാൻസർ രോഗി

By Web TeamFirst Published Sep 3, 2020, 2:50 PM IST
Highlights

പനിയില്ല, തൊണ്ടവേദനയോ, ശ്വാസം മുട്ടോ ഒന്നുമില്ല. പക്ഷേ, വ്യത്യസ്ത ലാബുകളിലായി ഇതുവരെ നടത്തിയ 15 ടെസ്റ്റുകളിൽ ഒന്നിൽ പോലും കൊവിഡ് നെഗറ്റീവ് ആകുന്നില്ല. 

മുംബൈ വർളിയിലെ നാഷണൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യയുടെ ഡോം ഫെസിലിറ്റി കൊവിഡ് വന്നപ്പോൾ ഉടലെടുത്ത അടിയന്തര സാഹചര്യത്തിലാണ് ഒരു പരിചരണ കേന്ദ്രമാക്കി മാറ്റിയത്. അവിടേക്ക് കൊവിഡ് പോസിറ്റീവ് ആയി എത്തിപ്പെട്ട മക്‌സൂദ്‌ ഖാന് ഇന്നത് വീടുപോലെ ആയിട്ടുണ്ട്. മുപ്പത്തഞ്ചു വയസ്സുള്ള അയാൾ ഒരു രക്താർബുദ രോഗി കൂടിയാണ്. ആ കേന്ദ്രത്തിൽ അയാൾ എത്തിപ്പെട്ട ശേഷം അയാളുടെ കണ്മുന്നിലൂടെ നൂറുകണക്കിന് പേർ രോഗം ഭേദപ്പെട്ട് തിരിച്ചുപോയി. അയാളെപ്പോലെ കാൻസർ രോഗികളായിട്ടുള്ള 250 പേർ രോഗം മാറി തിരികെ പോയിക്കഴിഞ്ഞു. എന്നാൽ, മക്‌സൂദ്‌ ഖാന്റെ രോഗം മാത്രം ഭേദമാവുന്നുമില്ല, അയാൾക്കാവട്ടെ വീട്ടിലേക്ക് പോകാനും ആവുന്നില്ല. ടെസ്റ്റ് നെഗറ്റീവ് ആകാതെ ഇവിടെ അഡ്മിറ്റ് ആവുന്നവരെ തിരികെ വിടില്ല എന്ന ബിഎംസിയുടെ പ്രോട്ടോക്കോൾ ആണ് പ്രശ്നം. അയാൾക്ക് ഇപ്പോൾ വിശേഷിച്ച് ലക്ഷണങ്ങളൊന്നും തന്നെ ഇല്ല. പനിയില്ല, തൊണ്ടവേദനയോ, ശ്വാസം മുട്ടോ ഒന്നുമില്ല. പക്ഷേ, വ്യത്യസ്ത ലാബുകളിലായി ഇതുവരെ നടത്തിയ 15 ടെസ്റ്റുകളിൽ ഒന്നിൽ പോലും കൊവിഡ് നെഗറ്റീവ് ആകുന്നില്ല. ഇതിനു കാരണം ഇയാളുടെ കാൻസർ മരുന്നുകളാണോ എന്നൊരു സംശയവും നിലവിലുണ്ട്.

ഡിസംബർ മാസത്തിൽ കാൻസറിന് കുറേക്കൂടി മെച്ചപ്പെട്ട ചികിത്സ തേടിയാണ് മക്‌സൂദ്‌ ഖാൻ ഉത്തർ പ്രദേശിലെ ഗ്രാമത്തിൽ നിന്ന് മുംബൈയിൽ എത്തുന്നത്. വന്നപ്പോൾ മുതൽ ഒമ്പത് കീമോ തെറാപ്പി സെഷനുകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട് അയാൾ. മെയ് 26 -നാണ് പനിയും ദേഹം വേദനയും ഉണ്ടെന്ന പരാതിയെത്തുടർന്ന് കൊവിഡ് ടെസ്റ്റ് ചെയ്തപ്പോൾ അയാൾക്ക് പോസിറ്റീവ് ആകുന്നത്. അതോടെ കാൻസർ ചികിത്സ പൂർത്തിയാകും മുമ്പ് അയാളെ NSCI യുടെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. അവിടെ കാൻസർ രോഗികൾക്കായി നീക്കിവെച്ചിട്ടുള്ള പ്രത്യേക വിഭാഗത്തിലാണ് അയാൾ അന്നുമുതൽ കഴിയുന്നത്. 

ആദ്യത്തെ ആഴ്ച തന്നെ ഓക്സിജൻ ലെവൽ അടക്കമുള്ള എല്ലാ പരാമീറ്ററുകളും മെച്ചപ്പെട്ടതോടെ മക്‌സൂദ്‌ ഖാന്റെ സ്വാബെടുത്ത് ഡോക്ടർമാർ ടെസ്റ്റിനയച്ചു. രണ്ടാമത്തെ ടെസ്റ്റും പോസിറ്റീവ് ആകുകയും, അയാൾക്ക് ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ വരികയും ചെയ്തതോടെ ഡോക്ടർമാർ പിന്നെ പരിശോധനാ കേന്ദ്രത്തിലെ പിശക് ആയിരിക്കാം എന്ന സംശയത്തിന്റെ പുറത്ത് വിവിധ കേന്ദ്രങ്ങളിലായി പതിമൂന്നു ടെസ്റ്റുകൾ കൂടി നടത്തി. ഒക്കെയും പോസിറ്റീവ് ആയിരുന്നു. അയാൾക്കിന്നു പനിയോ, ജലദോഷമോ, തലവേദനയോ ഒന്നുമില്ല. ശാരീരികമായി അയാൾ പൂർണ്ണാരോഗ്യവാനാണ് എന്ന് ഡോക്ടർമാർ തന്നെ പറയുന്നു. വിറ്റാമിൻ സി സപ്പ്ളിമെന്റുകൾ മാത്രമാണ് എന്നയാൾക്ക് മരുന്നായി നൽകുന്നത്. അവിടെ അയാൾ യോഗയും ധ്യാനവും ഒക്കെ ചെയ്യുന്നുണ്ട്. ആവി പിടിക്കിതവും, ചൂടുവെള്ളം കൊണ്ടുള്ള കുലുക്കുഴിയലും ഒക്കെ നടക്കുന്നുണ്ട്. എന്തൊക്കെ ചെയ്തിട്ടും ടെസ്റ്റിന്റെ റിസൾട്ട് മാത്രം നെഗറ്റീവ് ആയിക്കിട്ടുന്നില്ല. റിസൾട്ട് നെഗറ്റീവ് ആകാതെ ആളെ വിടരുത് എന്ന കർശന നിർദേശം മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ളതുകൊണ്ട് ഡോക്ടർമാർക്ക് ഖാനെ ഡിസ്‌ചാർജ് ചെയ്യാൻ കഴിയില്ല. 

"എനിക്ക് ഭാര്യയെയും കുഞ്ഞുങ്ങളെയും വല്ലാതെ മിസ് ചെയ്യുന്നുണ്ട്. കാൻസറിനെ അതിജീവിക്കാൻ വേണ്ടി മുംബൈയിലേക്ക് വന്നതാണ് ഞാൻ. ഇപ്പോൾ ഇവിടെ കുടുങ്ങിയ അവസ്ഥയാണ് എന്റേത്" ഖാൻ മുംബൈ മിറർ പത്രത്തിനോട് പറഞ്ഞു. 

മക്‌സൂദ്‌ ഖാനെപ്പറ്റി ഡോക്ടർമാർക്ക് പറയാനുള്ളത് ഇങ്ങനെയാണ്,"ഇതുപോലെ ഒരു കേസ് ഞങ്ങൾ വേറെ കണ്ടിട്ടില്ല. ഒരു ലാബ് റിസൾട്ട് തെറ്റാകും എന്ന് കരുതിയാണ് ഞങ്ങൾ വേറെ ഒരു ലാബിലേക്ക് വിട്ടത്. പക്ഷേ അവിടെയും പോസിറ്റീവ് റിസൾട്ട് തന്നെയാണ് തുടർച്ചയായി വരുന്നത്. ഇത് അതിശയകരമാണ്." 

പതിനാറാമതും മക്‌സൂദ്‌ ഖാന്റെ സ്വാബ്‌ സാമ്പിൾ എടുത്ത് ടെസ്റ്റിന് വിട്ടിട്ടുണ്ട് ഡോക്ടർമാർ. ഇക്കുറിയെങ്കിലും ഫലം കൊവിഡ് നെഗറ്റീവ് ആകും എന്നും തനിക്ക് വീട്ടിൽ ചെന്ന് ഭാര്യയെയും മക്കളെയും കാണാം എന്നുമുള്ള  ശുഭപ്രതീക്ഷപ്പുറത്താണ് മക്‌സൂദ്‌ ഖാനും. വെള്ളിയാഴ്ച വരാനിരിക്കുന്ന ഫലം നെഗറ്റീവ് ആകുമെന്ന് ഡോക്ടർമാരും പ്രതീക്ഷിക്കുന്നു.

click me!