മലം നിറഞ്ഞ് വയറ് പൊട്ടാറായി; ഒടുവില്‍ അറ്റകൈയ്ക്ക് ശസ്ത്രക്രിയ...

By Web TeamFirst Published Mar 27, 2019, 5:04 PM IST
Highlights

ഒരാഴ്ച കക്കൂസില്‍ പോകാതിരിക്കുമ്പോഴേക്ക് മരണത്തോളം എത്തുമോ? ശ്രദ്ധിച്ചില്ലെങ്കില്‍ അങ്ങനെയും സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്

ഭക്ഷണത്തിലെയോ മറ്റ് ജീവിതചര്യകളിലെയോ വ്യത്യാസങ്ങള്‍ കൊണ്ടൊക്കെയാണ് സാധാരണഗതിയില്‍ മലബന്ധമുണ്ടാകാറ്. ഇത് പക്ഷേ ദിവസങ്ങള്‍ കൊണ്ട് തന്നെ പരിഹരിക്കാനും കഴിയും. എന്നാല്‍ പരിഹരിക്കാനാകാത്ത വിധത്തില്‍ മലബന്ധം പിടിപെട്ടാലോ? മരണത്തിന് പോലും കാരണമാകുന്ന വിധത്തില്‍?

മലബന്ധം മരണത്തിന് കാരണമാകുമോ? കേള്‍ക്കുമ്പോള്‍ ഭയങ്കര അവിശ്വസനീയത തോന്നിയേക്കാം. എന്നാല്‍ അങ്ങനെയും ഉണ്ടാകാമെന്നാണ് തായ്വാനിൽ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം സൂചിപ്പിക്കുന്നത്. സംഗതി മരണം വരെ എത്താതെ ഭാഗ്യം കൊണ്ട് രോഗി രക്ഷപ്പെട്ടെങ്കിലും ആവശ്യത്തിന് ശ്രദ്ധയെങ്ങാന്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ മരണം ഉറപ്പായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

എണ്‍പതുകാരനായ ആള്‍ക്കാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത്. ആകെ ഒരാഴ്ച മാത്രമാണ് മലം പുറത്തുപോകാതിരിന്നിട്ടുള്ളൂവെന്നാണ് ഇദ്ദേഹം പറയുന്നത്. ഒരാഴ്ച കക്കൂസില്‍ പോകാതിരിക്കുമ്പോഴേക്ക് മരണത്തോളം എത്തുമോ? ശ്രദ്ധിച്ചില്ലെങ്കില്‍ അങ്ങനെയും സംഭവിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

വയറിനെ ബാധിക്കുന്ന 'Ulceratice Colitis' എന്ന അസുഖമായിരുന്നു ഇദ്ദേഹത്തിന്. ഇതിന്റെ ഭാഗമായാണ് മലബന്ധം ഉണ്ടായിരുന്നത്. വയറ് കെട്ടിവീര്‍ത്ത്, പൊട്ടുമെന്ന അവസ്ഥയിലായിരുന്നു ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. സ്‌കാനിംഗില് വയറ്റിനകത്ത് വലിയ അളവില്‍ മലം കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. 

അങ്ങനെ മറ്റ് വഴികളൊന്നുമില്ലാതെ ശസ്ത്രക്രിയ നടത്താന്‍ തന്നെ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഒരു കാല്‍പാദത്തിന്റെയത്രയും വലിപ്പത്തില്‍ മലം കുടലില്‍ കട്ട പിടിച്ച് കിടക്കുകയായിരുന്നു. ഇത് കുടലില്‍ 'ബ്ലോക്ക്' ഉണ്ടാക്കിയതോടെ ഇങ്ങോട്ടുള്ള രക്തപ്രവാഹം കുറഞ്ഞു. തുടര്‍ന്ന് അവിടെയുള്ള കലകളും കോശങ്ങളുമെല്ലാം തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. 

ശസ്ത്രക്രിയയിലൂടെ കുടലിന്റെ ഒരു ഭാഗം തന്നെ ഇവര്‍ക്ക് മുറിച്ചുമാറ്റേണ്ടി വന്നു. ഇപ്പോള്‍ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. അപ്പോള്‍ മലബന്ധവും അല്‍പം സൂക്ഷിക്കേണ്ട അവസ്ഥയാണെന്നാണ് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നത്. ദിവസങ്ങളായി തുടരുന്ന ബുദ്ധിമുട്ടാണെങ്കില്‍ അത് ഡോക്ടറെ കാണിക്കുകയും മറ്റ് ഗൗരവപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് സാരം.

click me!