
കൊവിഡ് 19ന് പിന്നാലെ മങ്കിപോക്സിന്റെ ഭീതിയിലാണ് രാജ്യങ്ങൾ. ഇപ്പോഴിതാ ലോകത്തിലാദ്യമായി ഇറ്റലിയിൽ മങ്കിപോക്സും കൊവിഡും എച്ച്ഐവിയും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്നും തിരിച്ചെത്തിയ 36- കാരനിലാണ് മൂന്ന് രോഗാവസ്ഥയും കൂടി ഒന്നിച്ചു വന്നത്. ജേണൽ ഓഫ് ഇൻഫെക്ഷനിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പേരുവെളിപ്പെടുത്താത്ത വ്യക്തി സ്പെയിനിൽ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞു വന്നതിനു പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. പനിയും തലവേദനയും തൊണ്ടവേദനയുമാണ് ഇയാളില്‍ ആദ്യം ഉണ്ടായിരുന്നത്. പിന്നാലെ ശരീരത്തിൽ മങ്കിപോക്സിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തി. പലയിടത്തും ചൊറിച്ചിലും കുമിളകളും ഉണ്ടായി. ഉടനെ യുവാവിനെ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റുകയായിരുന്നു.
കരളിലും ഇൻഫെക്ഷൻ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈകാതെ എച്ച്ഐവി പോസിറ്റീവാണെന്ന റിസൽട്ടും വന്നു. യുവാവ് ഫൈസർ വാക്സിൻ ഇരുഡോസുകളും സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇയാള്‍ കൊവിഡ്, മങ്കിപോക്സ് എന്നീ രോഗങ്ങളിൽ നിന്നും മുക്തനായെന്നും എയ്ഡിസിനുള്ള ചികിത്സ പുരോഗമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് പത്തൊമ്പതിനാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ജേണൽ ഓഫ് ഇൻഫെക്ഷനിൽ പ്രസിദ്ധീകരിച്ചത്.
Also Read: രാജ്യത്ത് തക്കാളിപ്പനി പടരുന്നു; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?
മങ്കിപോക്സിന്‍റെ ലക്ഷണങ്ങള്‍...
പനി, തളർച്ച, തലവേദന പോലുള്ള ലക്ഷണങ്ങളാണ് പ്രധാനമായി കണ്ടുവരുന്നത്. അതേസമയം ദേഹത്ത് ചെറിയ കുമിളകൾ പൊങ്ങുന്നതാണ് മങ്കിപോക്സിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. ജലദോഷം, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങളും കാണാം. ദേഹത്ത് ചിക്കൻ പോക്സ് രോഗത്തിലെന്ന പോലെ കുമിളകൾ പൊങ്ങുന്നതാണ് മങ്കിപോക്സിന്‍റെ വലിയ പ്രത്യേകത.
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന ജൂലൈ 23 ന് പ്രഖ്യാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മങ്കിപോക്സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യസംഘടനാ തലവൻ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം വ്യക്തമാക്കി. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തിൽ വെല്ലുവിളി ഉയർത്തുന്നവെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam