മുഖമാകെ പടര്‍ന്നുപിടിച്ച മുഴ; അപൂര്‍വ്വരോഗത്തിനിടെ നാട്ടുകാരുടെ ആരാധനയും

By Web TeamFirst Published Feb 20, 2020, 4:49 PM IST
Highlights

വീടിനടുത്തുള്ള ഒരമ്പലത്തിലാണ് ദാബുലിന് ജോലി. ഈ വരുമാനം കൊണ്ടാണ് കണ്ണ് കാണാത്ത ഭാര്യയും മൂന്ന് ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ ദാബുല്‍ നോക്കുന്നത്. ഇതിനിടയില്‍ തന്റെ രോഗത്തിന് മികച്ച ചികിത്സ തേടാനൊന്നും അദ്ദേഹത്തിനായിരുന്നില്ല

ജനിക്കുമ്പോള്‍ മുതല്‍ താന്‍ ഈ അപൂര്‍വ്വരോഗത്തിന്റെ പിടിയിലായിരുന്നുവെന്നാണ് യുപിയിലെ ഷാജഹാന്‍പൂര്‍ സ്വദേശിയായ ദാബുല്‍ മിശ്ര എന്ന യുവാവ് പറയുന്നത്. ഇപ്പോള്‍ 32 വയസായി ദാബുലിന്. മുഖത്തുണ്ടായിരുന്ന ചെറിയ മുഴ വളര്‍ന്നുവളര്‍ന്ന് മുഖത്തിന്റെ മുക്കാലും പടര്‍ന്നുകഴിഞ്ഞിട്ടുണ്ട്. എങ്കിലും പ്രതീക്ഷ കൈവിടാന്‍ ദാബുല്‍ തയ്യാറല്ല. 

വീടിനടുത്തുള്ള ഒരമ്പലത്തിലാണ് ദാബുലിന് ജോലി. ഈ വരുമാനം കൊണ്ടാണ് കണ്ണ് കാണാത്ത ഭാര്യയും മൂന്ന് ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ ദാബുല്‍ നോക്കുന്നത്. ഇതിനിടയില്‍ തന്റെ രോഗത്തിന് മികച്ച ചികിത്സ തേടാനൊന്നും അദ്ദേഹത്തിനായിരുന്നില്ല. 

ഇതിനിടെ രാമായണത്തിലെ 'ജാംബവാന്റെ' പ്രതിരൂപമാണ് ദാബുല്‍ എന്ന് പറഞ്ഞ് ഗ്രാമത്തിനകത്തും പുറത്തും നിന്നുമായി ചിലരെത്തുകയും അവര്‍ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു. കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ദാബുല്‍ തയ്യാറല്ല. തനിക്ക് പ്രധാനം തന്റെ രോഗത്തിനുള്ള ചികിത്സയാണെന്നും എന്നെങ്കിലും പൂര്‍ണ്ണമായി ഭേദമായി, സാധാരണനിലയിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ദാബുല്‍ പറയുന്നു. 

 

 

പ്രാദേശികതലത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അസുഖവിവരം അറിയാമെങ്കിലും അവരാരും ഇതുവരെ സഹായവുമായി തന്നെ സമീപിച്ചിട്ടില്ലെന്നും ദാബുല്‍ പറയുന്നു. കാഴ്ചയില്ലാത്തത് എത്രയോ വലിയ അനുഗ്രഹമായി എന്നാണ് ദാബുലിന്റെ ഭാര്യ പറയുന്നത്. ഈ ദുരവസ്ഥകളൊന്നും കാണേണ്ടല്ലോ എന്നാണ് അവരുടെ ന്യായം. ഒരുപാട് കഷ്ടപ്പെട്ടു, ഇപ്പോഴും കഷ്ടപ്പെടുന്നു, പക്ഷേ ഒരുനാള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഇതില്‍ നിന്ന് മോചനമാകും- അവര്‍ പറയുന്നു. സന്മനസുള്ള ആളുകളില്‍ നിന്ന് ചികിത്സയ്ക്കുള്ള സഹായം പ്രതീക്ഷിക്കുകയാണിപ്പോള്‍ ഈ ചെറിയ കുടുംബം. അതിലൂടെ പിടിച്ചുകയറി കര പറ്റാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നതും.

click me!