കാലില്‍ ഒമ്പത് വിരലുകളുമായി ഒരു യുവാവ്; ഒടുവില്‍ ശസ്ത്രക്രിയ...

By Web TeamFirst Published Oct 31, 2019, 10:47 PM IST
Highlights

നടക്കാന്‍ തുടങ്ങിയ കാലത്താണ് ആദ്യമായി ഇതിന്റെ വിഷമതകള്‍ അജുന്‍ അനുഭവിച്ചുതുടങ്ങിയത്. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ അധികമായിരിക്കുന്ന വിരലുകള്‍ എവിടെയെങ്കിലും കുരുങ്ങുകയോ, തട്ടുകയോ ചെയ്തുകൊണ്ടിരിക്കും. ഇതിന് ശേഷം സ്‌കൂള്‍ കാലമായപ്പോള്‍ ചെരിപ്പ് ധരിക്കാനാകാതെ ഏറെ വിഷമിച്ചു

കാലില്‍ ഒമ്പത് വിരലുകളുമായി ഒരു യുവാവ്. കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ ആദ്യം നിങ്ങളില്‍ കൗതുകമായിരിക്കാം തോന്നിയിരിക്കുക.. എന്നാല്‍ ഈ അപൂര്‍വ്വാവസ്ഥ കൊണ്ട് നിരവധി ബുദ്ധിമുട്ടുകളാണ് ചൈനക്കാരനായ അജുന്‍ എന്ന യുവാവ് തന്റെ ഇരുപത്തിയൊന്ന് വര്‍ഷക്കാലത്തെ ജീവിതത്തിനിടയില്‍ അനുഭവിച്ചത്. 

നടക്കാന്‍ തുടങ്ങിയ കാലത്താണ് ആദ്യമായി ഇതിന്റെ വിഷമതകള്‍ അജുന്‍ അനുഭവിച്ചുതുടങ്ങിയത്. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ അധികമായിരിക്കുന്ന വിരലുകള്‍ എവിടെയെങ്കിലും കുരുങ്ങുകയോ, തട്ടുകയോ ചെയ്തുകൊണ്ടിരിക്കും. ഇതിന് ശേഷം സ്‌കൂള്‍ കാലമായപ്പോള്‍ ചെരിപ്പ് ധരിക്കാനാകാതെ ഏറെ വിഷമിച്ചു. 

അങ്ങനെ മൂന്നാം ക്ലാസോടുകൂടി ചെരിപ്പ് ധരിക്കുന്നത് പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ശാരീരികമായ ഒരു സവിശേഷതയായി ആരും ഇതിനെ കണ്ടില്ലെന്നും എല്ലാവരും തന്നെ 'വൈകല്യം' ഉള്ളയാളായിട്ടാണ് കണക്കാക്കിപ്പോന്നതെന്നും അജുന്‍ പറയുന്നു. 

 

 

ഇതിനിടെ കുടുംബത്തിനുണ്ടായിരുന്ന അന്ധവിശ്വാസവും അജുന് തിരിച്ചടിയായി. ഏതെങ്കിലും വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായത്തോടെ അധികമായ വിരലുകള്‍ മാറ്റാമെന്നായിരുന്നു അജുന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരാന്‍ ഇടയാക്കുന്നതാണ് അജുന്റെ ഈ പ്രത്യേകതയെന്നും ഈ വിരലുകള്‍ മുറിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്നും വീട്ടുകാര്‍ ശഠിച്ചു. 

എന്നാല്‍ ഇരുപത് വയസ് കടന്നതോടെ അജുന്‍ തന്റെ തീരുമാനം വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഒടുവില്‍ അവര്‍ക്ക് അവന് മുമ്പില്‍ വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. അപ്പോഴും വെല്ലുവിളികളേറെയായിരുന്നു. ഇടതുകാലില്‍ നാല് വിരലുകളാണ് അധികമായിട്ടുള്ളത്. 

ഇതില്‍ തള്ളവിരല്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന വിരലുകളുടെ കൂട്ടത്തിലായിരുന്നു. ആദ്യം കണ്ട ഡോക്ടര്‍മാരെല്ലാം പറഞ്ഞത്, പുറത്തേക്ക് തള്ളിനില്‍ക്കുന്ന നാല് വിരലുകള്‍ നീക്കം ചെയ്യാമെന്നാണ്. എന്നാല്‍, തന്റെ കാല്‍ കാണുമ്പോള്‍ മനോഹരമായിരിക്കണമെന്ന് അജുന് നിര്‍ബന്ധമുണ്ടായിരുന്നു. 

 


(അജുന്‍റെ കാല് ശസ്ത്രക്രിയയ്ക്ക് ശേഷം...)

 

അങ്ങനെ ആഗ്രഹത്തിനൊത്ത് വിജയകരമായി ശസ്ത്രക്രിയ നടത്തിത്തരാന്‍ കഴിവുള്ള ഡോക്ടര്‍മാരെ തേടി, ഫോഷന്‍ എന്ന സ്ഥലത്തെ ഒരാശുപത്രിയില്‍, അജുനും കുടുംബവും എത്തി. അവിടെ ഡോ. വു ക്‌സിയാംഗിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്താമെന്നും ഒട്ടും വികലമാക്കാതെ തന്നെ കാലിനെ സാധാരണരൂപത്തിലാക്കാമെന്നും ഏറ്റു. നീണ്ട ഒമ്പത് മണിക്കൂറത്തെ ശസ്ത്രക്രിയയായിരുന്നു. അതിമനോഹരമായ തരത്തിലാണ് അധികമായ വിരലുകളെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. 

കൈകളിലും കാലുകളിലുമെല്ലാം അധികവിരലുകളുണ്ടാകുന്നതും, അവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതുമെല്ലാം സാധാരണമാണെന്നും എന്നാല്‍ ഒമ്പത് വിരലുകളുള്ള ഒരാളുടെ ശസ്ത്രക്രിയ ചൈനയില്‍ തന്നെ മുമ്പ് നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും ഡോ. വൂ ക്‌സിയാംഗ് പറയുന്നു. അജുന്‍ സുഖം പ്രാപിച്ചുവരികയാണെന്നും, വളരെ വൈകാതെ നടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

click me!