വിഷാദത്തിനുള്ള മരുന്ന് കഴിച്ച ശേഷം യുവാവിന് സംഭവിച്ചത്...

By Web TeamFirst Published Sep 29, 2022, 12:54 PM IST
Highlights

ടെയ്‍ലര്‍ ആദ്യഘട്ടത്തിലിത് കാര്യമാക്കിയില്ല. തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇത് കൂടിവന്നതോടെ ഇദ്ദേഹം മരുന്ന് നിര്‍ത്തി. ആശുപത്രിയില്‍ പോയി ഇതെക്കുറിച്ച് ഡോക്ടറെ ധരിപ്പിച്ചെങ്കിലും എന്താണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമായതെന്ന് കണ്ടെത്താൻ ഡോക്ടര്‍ക്കുമായില്ല.

ശാരീരികാരോഗ്യത്തെയാണെങ്കിലും മാനസികാരോഗ്യത്തെയാണെങ്കിലും അസുഖങ്ങള്‍ കടന്നുപിടിക്കുമ്പോള്‍ അതിന് ചികിത്സ തേടുക തന്നെ വേണം. പലപ്പോഴും ഇത്തരത്തില്‍ അസുഖങ്ങള്‍ക്ക് ചികിത്സ തേടുമ്പോള്‍ മരുന്നുകള്‍ പാര്‍ശ്വഫലം സൃഷ്ടിക്കാറുണ്ട്, അല്ലേ? എന്നാലിവയൊന്നും അത്രമാത്രം അപകടമായി വരാറില്ല. അല്ലെങ്കില്‍ അങ്ങനെ അപകടകരമാംവിധം മാറുന്നത് അപൂര്‍വം കേസുകളിലാണ്. 

ഇവിടെയിതാ ഒരു യുവാവ് വിഷാദരോഗത്തിനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ അദ്ദേഹത്തില്‍ സംഭവിച്ചിരിക്കുന്ന മാറ്റമാണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്. വിഷാദരോഗത്തിനുള്ള ചില മരുന്നുകള്‍ പാര്‍ശ്വഫലങ്ങളുള്ളതായി നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാലിങ്ങനെയൊരു പാര്‍ശ്വഫലത്തെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് തന്നെ മനസിലാകുന്നില്ല എന്നതാണ് സത്യം. 

യുഎസിലെ ലൂസിയാന സ്വദേശിയായ ടെയ്‍ലര്‍ മോങ്ക് എന്ന യുവാവിനാണ് അസാധാരണമായ അനുഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെയാണ് വിഷാദരോഗത്തിനുള്ള മരുന്ന് ടെയ്‍ലര്‍ കഴിച്ചുതുടങ്ങുന്നത്. മരുന്ന് കഴിച്ചുതുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇദ്ദേഹത്തിന്‍റെ ചര്‍മ്മത്തിന്‍റെ നിറം മാറുന്നതായി ഭാര്യ എമിലിയുടെ ശ്രദ്ധയില്‍ പെട്ടു.

എന്നാല്‍ ടെയ്‍ലര്‍ ആദ്യഘട്ടത്തിലിത് കാര്യമാക്കിയില്ല. തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇത് കൂടിവന്നതോടെ ഇദ്ദേഹം മരുന്ന് നിര്‍ത്തി. ആശുപത്രിയില്‍ പോയി ഇതെക്കുറിച്ച് ഡോക്ടറെ ധരിപ്പിച്ചെങ്കിലും എന്താണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമായതെന്ന് കണ്ടെത്താൻ ഡോക്ടര്‍ക്കുമായില്ല. മരുന്ന് നിര്‍ത്തായില്‍ പ്രശ്നം തീരുമെന്ന് കരുതിയെങ്കിലും സംഗതി അവിടെയും അവസാനിച്ചില്ല.

വെളുത്ത ചര്‍മ്മമായിരുന്നു ടെയ്‍ലറിന്. അത് ചാരനിറത്തിലേക്കും പിന്നെ ഇരുണ്ടും വരുന്നത് തുടര്‍ന്നു. പല ഡോക്ടര്‍മാരെ കണ്ടു. എങ്ങനെയാണ് വിഷാദരോഗത്തിന് കഴിച്ച മരുന്ന് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താൻ ആര്‍ക്കും സാധിച്ചില്ല. ഇതിനിടെ സൂര്യപ്രകാശം അധികമേല്‍ക്കാനും ടെയ്‍ലറിന് സാധിക്കാതായി. അത് ചര്‍മ്മത്തെയും ഒപ്പം തന്നെ കണ്ണിനെയും ബാധിക്കുന്നു. 

ഇതിനൊന്നും ഉത്തരം കണ്ടെത്താൻ ടെയ്‍ല്‍ കണ്‍സള്‍ട്ട് ചെയ്ത ഡോക്ടര്‍മാര്‍ക്കൊന്നും സാധിച്ചില്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഇപ്പോള്‍ ചര്‍മ്മത്തിന്‍റെ നിറം മാറുന്നതല്ല ടെയ്‍ലറിനെയും എമിലിയെയും ആശങ്കയിലാഴ്ത്തുന്നത്. ഇത് മറ്റ് വല്ല ഗുരുതരമായ പ്രശ്നങ്ങളുടെയും  തുടക്കമോ സൂചനയോ ആണോ, എങ്കിലത് എന്താണെന്നറിയണം. ആരോഗ്യം സുരക്ഷിതമാണോ എന്നറിയണം. അത്രമാത്രമാണ് ഇവരുടെ ആവശ്യം.

തങ്ങളുടെ പ്രശ്നം സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവച്ചിരിക്കുകയാണ് ദമ്പതികള്‍. ആര്‍ക്കെങ്കിലും ഇതെക്കുറിച്ച് അറിവുണ്ടെങ്കില്‍ അവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കാര്യങ്ങള്‍ സോഷ്യല്‍ മീഡിയിയലൂടെയും അവതരിപ്പിക്കാൻ ഇവര്‍ തീരുമാനിച്ചത്. എന്തായാലും ഇതോടെ സംഭവം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. 

Also Read:- വര്‍ഷങ്ങളോളം മുഖത്ത് മാത്രം ക്രീം തേച്ചു, കഴുത്തില്‍ തേച്ചില്ല; ഞെട്ടിക്കുന്ന ഫോട്ടോ

click me!