Anxiety : മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ മടിയാണോ? നിങ്ങളറിയേണ്ടത്...

Web Desk   | others
Published : Dec 30, 2021, 11:53 PM IST
Anxiety : മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ മടിയാണോ? നിങ്ങളറിയേണ്ടത്...

Synopsis

ചാറ്റുകള്‍ക്ക് വിവിധ പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമായി തുടങ്ങിയ കാലത്ത് ഇവയെല്ലാം മിക്കവരിലും 'പൊസിറ്റീവ്' ആയ സ്വാധീനം വച്ചുപുലര്‍ത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറിവന്നുവെന്നുമാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്

ഡിജിറ്റല്‍ കാലഘട്ടത്തിലൂടെ ( Digital Age )  ജീവിച്ചുപോകുന്നവര്‍ എന്ന നിലയില്‍ മൊബൈല്‍ ഫോണ്‍ ( Mobile Phone ), വിവിധ ആപ്ലിക്കേഷനുകള്‍, ഇവയുടെ ഉപയോഗം എന്നിവയില്‍ നിന്നൊന്നും മാറിനില്‍ക്കാന്‍ നമുക്ക് കഴിയില്ല. പ്രത്യേകിച്ച് കൊവിഡ് കൂടി വന്നതോടെ ഓണ്‍ലൈന്‍ ( Online Interactions ) ആയി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതിന്റെ ആവശ്യകത വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തു. 

ഇതില്‍ തന്നെ മെസേജുകളാണ് ഏറ്റവും വലിയ ആശയവിനിമയോപാധിയായി ഇന്നും നിലനില്‍ക്കുന്നത്. മുമ്പ് എസ്എംഎസുകളുടെ രൂപത്തിലായിരുന്നു മെസേജുകളെങ്കില്‍ ഇപ്പോള്‍ ടെക്‌സ്റ്റ് അയക്കാന്‍ പല പ്ലാറ്റ്‌ഫോമുകളും ലഭ്യമാണ്. മെസഞ്ചര്‍, വാട്ട്‌സ് ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയെല്ലാം ഇവയില്‍ സാധാരണമായി ഉപയോഗിക്കുന്ന ചിലത് മാത്രം. 

ആശയവിനിമയത്തിന് ഇത്രമാത്രം ഉപാധികള്‍ ലഭ്യമാകുന്ന സാഹചര്യം സ്വാഭാവികമായും നമുക്ക് കൂടുതല്‍ സൗകര്യങ്ങളാണ് നല്‍കുക. എന്നാല്‍ വലിയൊരു വിഭാഗം പേരിലും മെസേജുകള്‍ ഉത്കണ്ഠയ്ക്ക് ഇടയാക്കുന്നുവെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 'വൈബര്‍' എന്ന സോഫ്‌റ്റ്വെയറിന്റെ നിര്‍മ്മാതാക്കള്‍ അടുത്തിടെ നടത്തിയൊരു സര്‍വേയും സമാനമായ വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്. 

അഞ്ചിലൊരാളെങ്കിലും മെസേജുകള്‍ക്ക് മറുപടി നല്‍കുന്നതിന് വിഷമം നേരിടുന്നുവെന്നും ആറിലൊരാള്‍ ഈ പ്രശ്‌നം മൂലം മെസേജുകള്‍ അവഗണിക്കുമെന്നുമാണ് 'വൈബര്‍' നടത്തിയ സര്‍വേ അവകാശപ്പെടുന്നത്. 

ചാറ്റുകള്‍ക്ക് വിവിധ പ്ലാറ്റ്‌ഫോമുകള്‍ ലഭ്യമായി തുടങ്ങിയ കാലത്ത് ഇവയെല്ലാം മിക്കവരിലും 'പൊസിറ്റീവ്' ആയ സ്വാധീനം വച്ചുപുലര്‍ത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറിവന്നുവെന്നുമാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും 1980കളിലും 1990- പകുതി വരെയുമുള്ള കാലഘട്ടത്തില്‍ ജനിച്ചവരാണ് 'ടെക്സ്റ്റിംഗ്' ഉത്കണ്ഠ കൂടുതലും നേരിടുന്നതെന്നും 'ഗാര്‍ഡിയന്‍' റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഡിജിറ്റല്‍ കാലത്തിലേക്കുള്ള ചുവടുവയ്പ് നടന്ന ഒരു കാലഘട്ടമാണിത്. അതിന് മുമ്പുണ്ടായിരുന്ന ജീവിതസാഹചര്യങ്ങളിലും ശേഷമുണ്ടായതിലും ഒരുപോലെ പങ്കാളിയായവര്‍ എന്ന നിലയില്‍ പലപ്പോഴും പുതിയ കാലത്തെ വേഗതയോടും സമ്മര്‍ദ്ദത്തോടും പോരാടാന്‍ ഈ സമയത്ത് ജനിച്ചുവളര്‍ന്നവര്‍ വിഷമത നേരിടുന്നുവത്രേ. 

മെസേജുകള്‍ കാണുമ്പോള്‍ അത് തുറന്നുനോക്കാനുള്ള ആകാംക്ഷ വരികയും എന്നാല്‍ മറുപടി നല്‍കുകയെന്നത് ബാധ്യതയായി തോന്നുകയും ചെയ്യുമ്പോള്‍ ഇത് പതിയെ ഉത്കണ്ഠയിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ തൊഴിലിടത്തില്‍ നിന്നുള്ളതോ ആയ മെസേജുകളില്‍ നിന്നെല്ലാം ഈ പ്രശ്‌നം ഒരാളിലുണ്ടാക്കാമെന്നും പഠനങ്ങള്‍ പറയുന്നു. 

പതിവായി ആരോടെല്ലാം സംസാരിക്കാം, ആരെയെല്ലാം പരിഗണിക്കാമെന്നതില്‍ ഒരു ഏകദേശ ധാരണ സൂക്ഷിക്കുന്നതും, അപ്രധാനമായ ചാറ്റുകളുടെ നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തുവയ്ക്കുന്നതും, മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ നിന്ന് അല്‍പസമയം മാറിനില്‍ക്കുന്നതും, പ്രകൃതിയുമായി അടുത്തിടപഴകാന്‍ സമയം മാറ്റിവയ്ക്കുന്നതും, ആഴത്തിലുള്ള ഉറക്കവുമെല്ലാം ഒരു പരിധി വരെ 'മെസേജ്' ഉത്കണ്ഠയെ ഒഴിവാക്കാന്‍ സഹായിക്കും. എപ്പോഴും സ്വന്തം മാനസികാരോഗ്യത്തെ പരിഗണിച്ചുകൊണ്ടായിരിക്കണം ഏത് സംവിധാനങ്ങളും ഉപയോഗിക്കേണ്ടതെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. 

Also Read:- 'ആംഗ്‌സൈറ്റി'യും 'സ്‌ട്രെസ്'ഉം കുറയ്ക്കാന്‍ ഇതാ ചില പരീക്ഷണങ്ങള്‍...

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ