
12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി (monkeypox) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ 50 കേസുകൾ കൂടിയുണ്ടെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു. ഒമ്പത് യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അണുബാധ സ്ഥിരീകരിച്ചു.
മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയുടെ വിദൂര ഭാഗങ്ങളിൽ കുരങ്ങുപനി ഏറ്റവും സാധാരണമാണ്. ഇതൊരു അപൂർവ വൈറൽ അണുബാധയാണ്. അതിൽ നിന്ന് മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നതായി യുകെയുടെ നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കി.
വൈറസ് ആളുകൾക്കിടയിൽ എളുപ്പത്തിൽ പടരില്ലെന്നും വിദഗ്ധർ പറയുന്നു. യുകെ, സ്പെയിൻ, പോർച്ചുഗൽ, ജർമ്മനി, ബെൽജിയം, ഫ്രാൻസ്, നെതർലാൻഡ്‌സ്, ഇറ്റലി, സ്വീഡൻ എന്നിവിടങ്ങളിലും യൂറോപ്പിലെ പൊതുജനാരോഗ്യ ഏജൻസികൾ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
'വേനൽക്കാലത്ത് പ്രവേശിക്കുമ്പോൾ സമ്മേളനങ്ങളും പാർട്ടികളും, സംക്രമണം ത്വരിതപ്പെടുത്തുമെന്ന് ആശങ്കയുണ്ട്...'- ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗ് മുന്നറിയിപ്പ് നൽകി.
മെയ് 7 നാണ് യുകെയിൽ രോഗത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതു. കുരങ്ങുപനി ലോകത്ത് സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. 1958-ലാണ് കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യനിലേക്ക് കുരങ്ങുപനിയെത്തിയത്. പിന്നീടിങ്ങോട്ട് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ പലപ്പോഴായി കുരങ്ങുപനി സ്ഥിരീകരിച്ചു. 2017ൽ നൈജീരിയയിൽ കുറച്ചധികം കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
വൈറസ്ബാധയുള്ള മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, തലവേദന ,ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്സിന് സമാനമായ കുമിളകൾ ആദ്യം മുഖത്തും പിന്നീട് ശരീരമാകെയും പ്രത്യക്ഷപ്പെടും.
ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണ്. ശരീരസ്രവങ്ങൾ, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങൾ എന്നിവയിലൂടെയും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ പങ്കുവയ്ക്കുന്നതിലൂടെയും രോഗം പകരാം.
കൊവിഡ് ഭീഷണി ഒഴിയും മുമ്പ് കുരങ്ങുപനി വ്യാപിക്കുന്നു; ആശങ്ക അകലുന്നില്ല
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam