
കൊവിഡ് 19നിടെ ആശങ്ക പരത്തിക്കൊണ്ട് മങ്കിപോക്സ് ബാധ ( Monkeypox Disease ) വ്യാപകമാകുന്നു. ചിക്കന്‍ പോക്സിന് സമാനമായൊരു വൈറസ് രോഗബാധയാണ് ( Virus Infection ) മങ്കിപോക്സ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന മങ്കിപോക്സ് ഇപ്പോള്‍ 11 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
ആദ്യം യുകെയിലാണ് ഒരിടവേളയ്ക്ക് ശേഷം മങ്കിപോക്സ് സ്ഥിരീകരിച്ചത്. യുകെയില്‍ തന്നെ 15 ദിവസങ്ങള്‍ക്കുള്ളില്‍ പത്തോളം കേസുകള്‍ വന്നതോടെയാണ് ഇതില്‍ ആശങ്ക തുടങ്ങിയത്.
പിന്നാലെ യുഎസിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതിന് ശേഷം ഇപ്പോഴിതാ 11 രാജ്യങ്ങളിലായി 80 ഓളം മങ്കിപോക്സ് കേസുകള്‍ സ്ഥിരീകരിച്ചുകഴിഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇതോടെ ഇന്ത്യയിലും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ സാമ്പിളില്‍ പ്രത്യേക പരിശോധന നടത്തി രോഗനിര്‍ണയം നടത്താനാണ് നീക്കം.
കാര്യമായി, പുറംരാജ്യങ്ങളില്‍ യാത്ര ചെയ്ത് എത്തുന്നവരെയാണ് നിരീക്ഷണത്തിന് വിധേയമാക്കുക. യുകെയില്‍ സ്ഥിരീകരിച്ച ആദ്യ മങ്കിപോക്സ് കേസ് നൈജീരിയയില്‍ പോയി തിരിച്ചെത്തിയ ആളിലായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെയാണ് നേരത്തെ മങ്കിപോക്സ് കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും.
ആദ്യമേ സൂചിപ്പിച്ചത് പോലെ ചിക്കന്‍പോക്സുമായി സാമ്യതയുള്ള രോഗമാണിത്. വൈറസ് ബാധയേറ്റ ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണാം. പനി, ആദ്യം മുഖത്ത് ചെറിയ കുമിളകള്‍, പിന്നീട് ജനനേന്ദ്രിയം അടക്കം ശരീരമാസകലം കുമിളകള്‍, ക്ഷീണം, വേദന, ചൊറിച്ചില്‍, തലവേദന എന്നിവയെല്ലാമാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗബാധയേറ്റാല്‍ രണ്ട് മുതല്‍ നാലാഴ്ച വരെയാണ് ഭേദമാകാന്‍ എടുക്കുന്ന സമയം. ഇതിന് പ്രത്യേകമായ ചികിത്സയുമില്ല. രോഗലക്ഷണങ്ങളെ തുടര്‍ന്നുണ്ടാകുന്ന വിഷമതകള്‍ക്ക് ചികിത്സ തേടാമെന്ന് മാത്രം.
'ഇത്തരത്തില്‍ മങ്കിപോക്സ് കേസുകള്‍ വര്‍ധിക്കാന്‍ ഇടയായ സാഹചര്യമെന്താണെന്ന് ഞങ്ങള്‍ പഠിക്കുന്നുണ്ട്. യാത്ര ചെയ്യുന്നവര്‍ തന്നെയാണ് ഏറെയും ശ്രദ്ധിക്കാനുള്ളത്. 80 കേസുകള്‍ സ്ഥിരീകരിച്ചതിന് പുറമെ 50 കേസുകള്‍ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ ഇത് കൂടുമെന്ന് തന്നെയാണ് വിലയിരുത്തല്‍'- ലോകാരോഗ്യ സംഘടന അറിയിക്കുന്നു.
രോഗം രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് വ്യാപകമാകുന്ന സാഹചര്യത്തില്‍ 'നാ,ണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍'നും 'ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്'നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. സംശയമുള്ള സാമ്പിളുകള്‍ പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കാനാണ് പ്രധാന നിര്‍ദേശം.
Also Read:- കൊറോണയല്ല; 2019ല്‍ ഒരു ലക്ഷത്തിലധികം കുട്ടികളുടെ ജീവനെടുത്ത വൈറസ്
മങ്കിപോക്സും സെക്സും തമ്മില്‍ എന്ത് ബന്ധം?... ഈ അടുത്ത ദിവസങ്ങളിലായി വാര്‍ത്തകളില്‍ ഏറെ ശ്രദ്ധേയമായൊരു വിഷയമാണ് മങ്കിപോക്സ്. മങ്കിപോക്സ് എന്നാണ് അസുഖത്തിന്‍റെ പേരെങ്കിലും കുരങ്ങില്‍ നിന്ന് മാത്രമല്ല, മറ്റ് പല വന്യമൃഗങ്ങളില്‍ നിന്നും ഇതും മനുഷ്യരിലേക്ക് പകരാം. വൈറസാണ് ഇവിടെ രോഗകാരി. ആഫ്രിക്കയിലെ വനപ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും മങ്കിപോക്സ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതായി ചരിത്രമുള്ളത്. എഴുപതുകളില്‍ തന്നെ കണ്ടെത്തിയ രോഗം പിന്നീട് കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തന്നെ...Read More...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam