
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ചില സംസ്ഥാനങ്ങളിലെ മാത്രം സാഹചര്യങ്ങളുടെ ഭാഗമായാണെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും പുതിയ കൊവിഡ് കേസുകളുടെ കാര്യമെടുത്താലും ഇത് കാണാനാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,738 പുതിയ കൊവിഡ് കേസുകളാണ് ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 89.57 ശതമാനം കേസുകളും വന്നിട്ടുള്ളത് ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ 89 ശതമാനം കേസുകളും വന്നിരിക്കുന്നതത്രേ. 8,807 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നിലുള്ളത്. ഇതിന് പിന്നാലെ 4,106 കേസുകളുമായി കേരളം.
എന്തുകൊണ്ടാണ് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്നതെന്ന് പഠിക്കാനും അതത് സര്‍ക്കാരുകളുമായി സഹകരിച്ച് കൊവിഡ് വ്യാപനത്തിന് തടയിടാനും കേരളം, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, തമിഴ്‌നാട്, കര്‍ണാടക, ജമ്മു & കശ്മീര്‍ എന്നിവിടങ്ങളില്‍ കേന്ദ്രം പ്രത്യേകസമിതികളെ നിയോഗിച്ചിട്ടുമുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി കര്‍ശനമായ നടപടികളിലേക്ക് കടക്കാനും അതത് സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുറെക്കൂടി ജാഗ്രതയോടെ കൊവിഡ് പരിശോധനകള്‍ നടത്താനും ആരോഗ്യമന്ത്രാലയം നിഷ്‌കര്‍ശിക്കുന്നു. ടെസ്റ്റ് പൊസിറ്റീവായവരെ ഉടന്‍ തന്നെ ഐസൊലേഷനിലേക്കോ ആശുപത്രിയിലേക്കോ മാറ്റുക, അവരുമായി ബന്ധപ്പെട്ട ആളുകളെ കണ്ടെത്തി വൈകാതെ തന്നെ ടെസ്റ്റിന് വിധേയരാക്കുക, കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ പരിശോധനയും കൂട്ടുക എന്നിങ്ങനെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പ്രധാനമായും നല്‍കിയിരിക്കുന്നത്.
Also Read:- യുഎസില്‍ കൊവിഡ് മരണം അഞ്ച് ലക്ഷത്തിനടുത്തെത്തുന്നു; ഭയാനകമായ അവസ്ഥയെന്ന് സർക്കാർ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam