ഡെങ്കുവിനെ തുരത്താന്‍ 'തോട്ടങ്ങളിലേക്ക് നീങ്ങാം'; ക്യാംപയിനുമായി ആരോഗ്യ വകുപ്പ്

By Web TeamFirst Published Jun 25, 2020, 9:57 AM IST
Highlights

ക്യാംപയിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ഡെങ്കിപ്പനി സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന ക്യാംപയിനുമായി ആരോഗ്യ വകുപ്പ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇന്നാണ് ക്യാംപയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കൊതുക്‌ നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ എന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. തോട്ടം മേഖലകളില്‍ ഈഡിസ് കൊതുകിന്റെ വര്‍ദ്ധിച്ച സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് തോട്ടങ്ങളില്‍ അവയുടെ സജീവ ഉറവിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംസ്ഥാനമൊട്ടാകെയുള്ള റബര്‍, കമുക്, പൈനാപ്പിള്‍, കൊക്കോ തുടങ്ങിയ തോട്ടങ്ങളില്‍ ഈഡിസ് കൊതുകിന്റ ഉറവിടം നശിപ്പിക്കുന്നതിനായാണ് ഇന്ന് ഇത്തരമൊരു ക്യാംപയിന്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.  

ആരോഗ്യ വകുപ്പ് നടത്തുന്ന പതിവ് കൊതുക്, കൂത്താടി നിയന്ത്രണ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് തോട്ടം മേഖലയിലെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നത്. ക്യാംപയിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍...

1. റബര്‍ തോട്ടങ്ങളില്‍ ലാറ്റക്‌സ് കപ്പുകള്‍, ചിരട്ടകള്‍, റെയിന്‍ ഗാര്‍ഡ് എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഉപയോഗശൂന്യമായ കപ്പുകളും ചിരട്ടകളും മുഴുവനായി നീക്കം ചെയ്യണം.

2. കമുകിന്‍ തോട്ടങ്ങളിലെ ഉപയോഗശൂന്യമായ പാളകള്‍ യഥാസമയം നീക്കം ചെയ്യണം.

3. പൈനാപ്പിള്‍ തോട്ടങ്ങളിലെ ചെടികളുടെ ഇലകള്‍ക്കിടയില്‍ മഴ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ളതിനാല്‍ ടെമിഫോസ്, വേപ്പിന്‍പിണ്ണാക്ക്, ടെമിഫോസ് ഗ്രാന്യൂള്‍സ്, ബിടിഐ എന്നിവ ഉപയോഗിച്ച് കൂത്താടി നശീകരണം നടത്തണം.

4. കൊക്കോ തോട്ടങ്ങളില്‍ കേടായ തോടുകള്‍ നശിപ്പിക്കണം.

5. തോട്ടം പരിശോധനയില്‍ കൊതുകിന്റെ ഉറവിട സാന്നിദ്ധ്യം കണ്ടെത്തുന്നെങ്കില്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കണം.

6. തുടര്‍ച്ചയായി ഉറവിട നശീകരണം നടത്താത്ത തോട്ടമുടമകള്‍ക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ നിലവിലെ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടതാണ്.

Also Read: ശ്രദ്ധ മുഴുവന്‍ കൊവിഡിലേക്ക്; 'ഡെങ്കു' ഭീഷണിയായേക്കുമെന്ന് വിദഗ്ധര്‍...

click me!