കൊറോണ വൈറസ് എന്ന മാഹാമാരിയുടെ വരവോടുകൂടി ലോകം മറ്റെല്ലാ വിഷയങ്ങളില്‍ നിന്നും മാറി ഇതിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഇതിനിടെ സീസണലായി വരാറുള്ള 'ഡെങ്കിപ്പനി' പതിവിലധികം ഭീഷണി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ത്തിയേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കഴിഞ്ഞ ആഴ്ചയില്‍ സിംഗപ്പൂരില്‍ പ്രതിദിനം 165 എന്ന ശരാശരി കണക്കിലാണത്രേ 'ഡെങ്കു' കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സിംഗപ്പൂരില്‍ ഇത്രയധികം 'ഡെങ്കു' കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മറ്റ് പല രാജ്യങ്ങളിലും അവസ്ഥ മോശമായിക്കൊണ്ടിരിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കേരളത്തിലും കൊവിഡ് 19 തിരക്കുകള്‍ക്കിടെ 'ഡെങ്കു' കേസുകള്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നുണ്ട്. ജൂണ്‍ മാസം ഇതുവരെ മാത്രം മുന്നൂറിലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കാസര്‍കോട് രണ്ട് പേരാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് മരിച്ചത്. 'ഡെങ്കു' സംശയിച്ച് വിവിധയിടങ്ങളിലായി നിരവധി പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. 

കൊവിഡ് 19 പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടി വന്നതോടെ 'ഡെങ്കു' സീസണില്‍ പരിസര ശുചീകരണം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ ഫലപ്രദമായി നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന പരാതികള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഇത് നേരത്തേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പായി നല്‍കിയിരുന്നതുമാണ്. 

ലോക്ഡൗണ്‍ മൂലം ആളുകള്‍ വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങിപ്പോയത് മൂലം ശുചീകരണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതും, ആരോഗ്യപ്രവര്‍ത്തകരുടെ സമയക്കുറവുമെല്ലാം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 'ഡെങ്കു' വ്യാപകമാകാന്‍ ഇടയാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇനി വരുംദിവസങ്ങളിലും സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് തന്നെയാണ് സൂചന. ആശുപത്രികളില്‍ പോകാന്‍ ആളുകള്‍ മടിക്കുന്നതും, ആവശ്യമായ ചികിത്സ സമയത്തിന് ലഭ്യമാകാത്തതുമായ സാഹചര്യങ്ങള്‍ കൂടിയുണ്ടാകുമ്പോള്‍ അത് 'ഡെങ്കു' മൂലമുള്ള മരണനിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Also Read:- കൊവിഡിന് പിന്നാലെ കാസർകോട് ഡെങ്കിപ്പനി പടരുന്നു; ഒരാഴ്ചക്കിടെ ജില്ലയിൽ രണ്ട് മരണം...