കണ്ണിന് ഭംഗി പോര! 9 വയസുകാരിക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്താനൊരുങ്ങിയ അമ്മ പിടിയില്‍

By Web TeamFirst Published Nov 16, 2022, 1:16 PM IST
Highlights

സെലിബ്രിറ്റികള്‍ മാത്രമല്ല, ഇപ്പോള്‍ സാധാരണക്കാരും അവര്‍ക്ക് താങ്ങാവുന്ന ചെലവുകളിലുള്ള സര്‍ജറികള്‍ ചെയ്യുന്നുണ്ട്. എന്നാലിതിനെല്ലാം നിയമങ്ങളും മാനദണ്ഡങ്ങളമുണ്ട്.

മുൻകാലങ്ങളെ അപേക്ഷിച്ച് പ്ലാസ്റ്റിക് സര്‍ജറി- അല്ലെങ്കില്‍ കോസ്മെറ്റിക് സര്‍ജറി ഇന്ന് വളരെ കൂടുതലായാണ് നടക്കുന്നത്. ശരീരത്തിന് പരുക്കോ, പൊള്ളലോ പോലുള്ള കേടുപാടുകളേല്‍ക്കുമ്പോള്‍ അതില്‍ നിന്നുള്ള പോരായ്കകള്‍ മാറ്റിയെടുക്കാനെന്ന തരത്തിലാണ് ആദ്യകാലങ്ങളില്‍ കോസ്മെറ്റിക് സര്‍ജറി നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നു. സൗന്ദര്യം വര്‍ധിപ്പിക്കാനായി പ്രത്യേകമായുള്ള കോസ്മെറ്റിക് സര്‍ജറികള്‍ ലോകവ്യാപകമായി ഓരോ ദിവസവും അനവധിയാണ് നടക്കുന്നത്.

സെലിബ്രിറ്റികള്‍ മാത്രമല്ല, ഇപ്പോള്‍ സാധാരണക്കാരും അവര്‍ക്ക് താങ്ങാവുന്ന ചെലവുകളിലുള്ള സര്‍ജറികള്‍ ചെയ്യുന്നുണ്ട്. എന്നാലിതിനെല്ലാം നിയമങ്ങളും മാനദണ്ഡങ്ങളമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത (18 വയസിന് താഴെയുള്ള) വ്യക്തികള്‍ക്ക് സര്‍ജറി നടത്തുന്നതിന് മെഡിക്കല്‍ നിയമങ്ങളുണ്ട്.

പലയിടങ്ങളിലും നിയമലംഘനങ്ങള്‍ നടത്തിക്കൊണ്ട് കോസ്മെറ്റിക് സര്‍ജറികള്‍ മുന്നേറുന്നുവെന്നത് സത്യമാണ്. പലപ്പോഴും ഇത്തരം കേസുകളില്‍ സര്‍ജറിക്കിടെയുണ്ടാകുന്ന പിഴവുകള്‍ വ്യക്തിയുടെ ജീവൻ തന്നെ നഷ്ടമാകുന്നതിലേക്ക് വരെ നയിക്കാറുമുണ്ട്.

ഇപ്പോഴിതാ ഒമ്പത് വയസ് മാത്രം പ്രായമുള്ള മകളുടെ കണ്ണിന് സൗന്ദര്യം പോരെന്ന കാരണത്താല്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് ശ്രമിച്ച അമ്മ പിടിയിലായിരിക്കുന്നുവെന്ന വാര്‍ത്തയാണ് ഇത്തരത്തില്‍ ശ്രദ്ധേയമാകുന്നത്. ജപ്പാനിലാണ് സംഭവം. തീരെ നേര്‍ത്ത കണ്ണുകളാണ് മകള്‍ക്ക് എന്നതിനാലും ജപ്പാനില്‍ മടക്കുള്ള കണ്‍പോളകളാണ് സൗന്ദര്യത്തിന്‍റെ ലക്ഷണമായി കണക്കാക്കുന്നത് എന്നതിനാലും ഇതിനായി പ്ലാസ്റ്റ് സര്‍ജറി ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. 

എന്നാല്‍ ഈ ശ്രമം എങ്ങനെയോ പരസ്യമായി. ഇതോടെ സംഭവം വാര്‍ത്തകളിലുമെത്തി. ഒമ്പത് വയസുള്ള കുഞ്ഞിന് ഇങ്ങനെയൊരു ശസ്ത്രക്രിയ ചെയ്യാൻ എങ്ങനെയാണ് അമ്മയ്ക്ക് മനസ് വരുന്നതെന്ന ചോദ്യം ഏവരും ഉന്നയിച്ചു. എന്നാല്‍ ഇതുപോലുള്ള നിരവധി ശസ്ത്രക്രിയ ജപ്പാനിലടക്കം രഹസ്യമായി നടക്കുന്നതായാണ് സൂചന.

ഇപ്പോള്‍ മകള്‍ക്ക് ശസ്ത്രക്രിയയ്ക്ക് ശ്രമിച്ച സ്ത്രീ പതിനെട്ട് വയസ് കഴിഞ്ഞപ്പോള്‍ ഇതേ രീതിയിലുള്ള ശസ്ത്രക്രിയ കണ്ണിന് ചെയ്തിട്ടുള്ളയാളാണത്രേ. കണ്ണുകള്‍ ചെറുതും നേര്‍ത്തും ആയിരിക്കുന്നത് സൗന്ദര്യത്തിന് പോരായ്കയാവുകയും ഇത് കുട്ടിയില്‍ ചെറുപ്പത്തിലേ അപകര്‍ഷതയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന ചിന്തയാണത്രേ ഇവരെ ഇതിലേക്ക് നയിച്ചത്. എന്നാല്‍തനിക്ക് ശസ്ത്രക്രിയയ്ക്ക് സമ്മതമല്ലെന്ന് കുഞ്ഞ് മാധ്യമങ്ങളോട് അറിയിച്ചിട്ടുണ്ട്. 

ലോകത്തില്‍ തന്നെ ഏറ്റവുമധികം പ്ലാസ്റ്റിക് സര്‍ജറി നടക്കുന്ന നാലാമത്തെ രാജ്യമാണ് ജപ്പാൻ. കണ്‍പോളയിലെ മടക്കിന് വേണ്ടി നടത്തുന്ന 'ഡബിള്‍ ഐലിഡ് സര്‍ജറി'യാണ് ജപ്പാനില്‍ ഏറ്റവുമധികം നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Also Read:- ഉയരം ആറടിയിലധികമാക്കാൻ ശസ്ത്രക്രിയ; ഒടുവിൽ വലിയ തുകയ്ക്ക് കടക്കാരനായി ഒരാള്‍

click me!