Brain Eating Amoeba : തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ ; ഒരു മരണം, എന്താണ് നെഗ്ലേരിയ ഫൗലേരി?

Published : Mar 04, 2023, 12:03 PM IST
Brain Eating Amoeba : തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ ; ഒരു മരണം, എന്താണ് നെഗ്ലേരിയ ഫൗലേരി?

Synopsis

അമീബയുള്ള വെള്ളം ഒരു വ്യക്തിയുടെ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. 1962 മുതല്‍ 2021 വരെ അമേരിക്കയില്‍ ഇത്തരം 154 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ നാല് പേരെ മാത്രമാണ് രക്ഷിക്കാനായത്.

ഫ്ലോറിഡയിൽ തലച്ചോർ ഭക്ഷിക്കുന്ന അമീബയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പെെപ്പ് വെള്ളം ഉപയോ​ഗിച്ച് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിലേക്കെത്തിയത്. ഫെബ്രുവരി 20നായിരുന്നു യുവാവ് മരിച്ചത്. പ്രെെമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (primary amebic meningoencephalitis) മൂലമാണ് യുവാവ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. 

ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്നു. അണുബാധ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്നു. തടാകങ്ങൾ, നദികൾ,  തുടങ്ങിയ ഊഷ്മള ശുദ്ധജല പരിതസ്ഥിതികളിൽ കാണപ്പെടുന്ന ഒരു തരം അമീബ (ഏകകോശജീവി) ആണ് നെയ്ഗ്ലേരിയ ഫൗലേരി. അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ കടന്നുപോകുമ്പോൾ ഇത് തലച്ചോറിനെ ബാധിക്കും. അതിനാൽ ഇത് 'മസ്തിഷ്കം തിന്നുന്ന അമീബ' എന്നും അറിയപ്പെടുന്നതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.

ഇതൊരു അപൂർവ രോഗമാണ്. എന്നിരുന്നാലും, ഇത് എല്ലായ്പ്പോഴും മാരകമാണ്. നെയ്‌ഗ്ലേരിയ ഫൗളേരി അടങ്ങിയ വെള്ളം മൂക്കിൽ പ്രവേശിക്കുകയും അമീബ ഘ്രാണ നാഡിയിലൂടെ തലച്ചോറിലേക്ക് കുടിയേറുകയും ചെയ്യുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്.

നെയ്‌ഗ്ലേരിയ അടങ്ങിയ വെള്ളം സമ്പർക്കം പുലർത്തിയതിന് ശേഷം ഒന്നു മുതൽ 12 ദിവസം വരെ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ശേഷം ഒന്ന് മുതൽ 18 ദിവസം വരെ ആളുകൾ മരിക്കുന്നതായി സിഡിസി സൂചിപ്പിക്കുന്നു. തലവേദന, പനി, ഓക്കാനം, അപസ്മാരം എന്നിവ അമീബ മൂലമുണ്ടാകുന്ന ചില ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ആരും ചികിത്സ തേടാൻ വൈകരുതെന്നും ആരോഗ്യ വകുപ്പ് വിശദമാക്കിയതായി റിപ്പോർട്ട് ചെയ്യുന്നു.

അണുബാധയേറ്റ സാഹചര്യത്തിൽ അമ്പേഷണം ആരംഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ കൈക്കൊളളുമെന്നും ഷാർലെറ്റിലെ ആരോ​ഗ്യവിഭാ​ഗം വ്യക്തമാക്കി. കുളിക്കുക, മുഖം കഴുകുക, നീന്തുക തുടങ്ങി വെള്ളവുമായി അടുത്തിടപഴകുന്ന അവസരങ്ങളിൽ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ ഈ രോ​ഗാവസ്ഥയ്ക്ക് വ്യക്തമായ ചികിത്സ ലഭ്യമല്ല. PAM-ന്റെ യഥാർത്ഥ അപകടസാധ്യത കൃത്യമായി കണക്കാക്കാൻ ഒരു ഡാറ്റയും നിലവിലില്ലെന്ന് സിഡിസി കൂട്ടിച്ചേർത്തു. 

തലച്ചോറിൽ അമീബ മൂലമുണ്ടാകുന്ന അണുബാധ ജീവഹാനിക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ നിരീക്ഷിക്കുന്നത്. ടാപ്പുകളിൽ നിന്നും മറ്റ് ജല ശ്രോതസ്സുകളിൽ നിന്നും മൂക്കിലൂടെ ജലം ശരീരത്തിലെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. 

എന്താണ് നെഗ്ലേരിയ ഫൗലേരി? (Naegleria Fowleri)

പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (PAM) എന്ന് വിളിക്കുന്ന ഈ അണുബാധ ഏകകോശ ജീവിയായ നെഗ്ലേരിയ ഫൗലേരി അമീബ മൂലമുണ്ടാകുന്ന അസാധാരണവും മാരകമായേക്കാവുന്നതുമായ മസ്തിഷ്‌ക അണുബാധയാണ്.

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ, മണ്ണ്, തടാകങ്ങൾ, നദികൾ, ചൂടുള്ള നീരുറവകൾ എന്നിവിടങ്ങളിലുൾപ്പെടെ നെയ്‌ഗ്ലേരിയ ഫൗലേരി എന്ന അമീബയെ പതിവായി കാണാറുണ്ട്. ക്ലോറിനേറ്റ് ചെയ്യാത്ത സ്വിമ്മിംഗ് പൂളുകളിലും അവയുയുണ്ടാകാം.

അമീബയുള്ള വെള്ളം ഒരു വ്യക്തിയുടെ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിലെത്തുകയും മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. 1962 മുതൽ 2021 വരെ അമേരിക്കയിൽ ഇത്തരം 154 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ നാല് പേരെ മാത്രമാണ് രക്ഷിക്കാനായത്.

സ്ത്രീകളിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം