
രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ ( Third Wave ) കടന്നുപോവുകയാണിപ്പോള്‍. ഒമിക്രോണ്‍ എന്ന വൈറസ് ( Omicron Variant ) വകഭേദമാണ് മൂന്നാം തരംഗത്തിന് കാരണമായിരിക്കുന്നത്. നേരത്തെ ഡെല്‍റ്റ എന്ന വകഭേദമായിരുന്നു രാജ്യത്ത് അതിശക്തമായ രണ്ടാം തരംഗമുണ്ടാക്കിയത്.
അതിന് മുമ്പുണ്ടായിരുന്ന ആല്‍ഫ വൈറസിനെക്കാളും വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഡെല്‍റ്റയെക്കാള്‍ മൂന്നോ നാലോ ഇരട്ടി വേഗത്തില്‍ രോഗവ്യാപനം നടത്താനാകുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത.
എന്നാല്‍ ഡെല്‍റ്റയോളം തന്നെ രോഗതീവ്രതയില്ല ഒമിക്രോണിനെന്നാണ് നിലവിലെ വിലയിരുത്തല്‍. അതോടൊപ്പം തന്നെ വാക്‌സിന്‍ നല്‍കുന്ന പ്രതിരോധവും ഒമിക്രോണിനെ ഒരു പരിധി വരെ ലഘൂകരിക്കുന്നുണ്ട്.
എന്നാല്‍ അടുത്തതായി വരാവുന്ന വൈറസ് വകഭേദങ്ങള്‍ ഇതുപോലെ ആയിരിക്കണമെന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പ്രതിനിധികള്‍ അറിയിക്കുന്നത്. ഇതുവരെ വന്നതിനെക്കാള്‍ അപകടകാരിയായ വൈറസ് വകഭേദമാകാം ഇനി വരുന്നതെന്നും അത് വാക്‌സിനെ ഇതുവരെയില്ലാത്ത വിധം ചെറുത്തുനില്‍ക്കാമെന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള എപിഡെമോളജിസ്റ്റ് ഡോ. മരിയ വാൻ കെര്‍ഖോവ് പറയുന്നു.
'ഒമിക്രോണോട് കൂടി കൊവിഡ് തീരുമെന്ന് കരുതുന്നുവരുണ്ട്. അത് മണ്ടത്തരമാണ്. ഇനിയും അപകടകാരികളായ വകഭേദങ്ങള്‍ വരാം. രോഗവ്യാപനം ഇതിലും വേഗത്തിലാക്കുന്ന വകഭേദങ്ങള്‍. നിലവിലുള്ള വകഭേദങ്ങളെക്കാളെല്ലാം നിലനില്‍ക്കാന്‍ കെല്‍പ് നേടുന്നവയായിരിക്കും ഇനി വരിയകയെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ജാഗ്രത തുടരേണ്ടതുണ്ട്...'- ഡോ. മരിയ കെര്‍ഖോവ് പറയുന്നു.
ഭാവിയില്‍ വരാനിരിക്കുന്ന വൈറസ് വകഭേദങ്ങളില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ വ്യാപകമായി കൊവിഡ് എല്ലാവരിലും എത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടതെന്നും ഡോ. മരിയ ചൂണ്ടിക്കാട്ടുന്നു. കാലം ചെല്ലുംതോറും കൊവിഡ് 19 എന്ന രോഗം ദുര്‍ബലമായി വരികയാണ് ചെയ്യുകയെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. ഈ ചിന്തയില്‍ യാതൊരു കഴമ്പുമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Also Read:- കൊവിഡ് സംശയം തോന്നിയാലുടനെ ഈ ഗുളിക വാങ്ങിക്കഴിക്കുന്നവര്‍ അറിയാന്‍...