
വണ്ണം കുറയ്ക്കുകയെന്നത് നിസാരമായ കാര്യമേയല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാമുണ്ടെങ്കില്‍ മാത്രമേ സമയമെടുത്താണെങ്കില്‍ പോലും വണ്ണം കുറയ്ക്കാൻ സാധിക്കൂ. അതും ഓരോരുത്തരുടെയും പ്രായവും ആരോഗ്യാവസ്ഥയുമെല്ലാം ഇക്കാര്യത്തില്‍ വലിയ സ്വാധീനഘടകമായി വരാറുണ്ട്.
എന്തായാലും വണ്ണം കുറയ്ക്കുന്നതിലേക്ക് വരുമ്പോള്‍ ഡയറ്റിന് അഥവാ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പല ഭക്ഷണപാനീയങ്ങളും ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ടി വരാം. അതേസമയം പലതും ഡയറ്റിലുള്‍പ്പെടുത്തേണ്ടിയും വരാം. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് രാത്രി കിടക്കാൻ പോകും മുമ്പായി ചെയ്യാവുന്ന ചില ഡയറ്റ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
രാത്രിയില്‍ കിടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് പോലും ചായയോ കാപ്പിയോ കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല. എന്നാല്‍ അല്‍പം പുതിനച്ചായ കഴിക്കുന്നത് നല്ലതാണ്. ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൊഴുപ്പെരിച്ചുകളയാനുമെല്ലാം സഹായിക്കും. ഇക്കാര്യങ്ങളെല്ലാം വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് ഗുണകരമാണ്.
രണ്ട്...
അത്താഴം വളരെ ലളിതമായി കഴിക്കുകയെന്നതാണ് അടുത്തതായി ശ്രദ്ധിക്കേണ്ടത്. അത്താഴം ലളിതമായിരിക്കണം എന്ന് പൊതുവെ തന്നെ പറയപ്പെടുന്നതാണ്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ഇത് പിന്തുടരണം. അതുപോലെ രാത്രിയില്‍ കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഫുഡ്സ് എന്നിവ കഴിക്കുന്നതും നല്ലതല്ല.
മൂന്ന്...
അത്താഴം അധികം വൈകി കഴിക്കുന്നതും, വൈകി ഉറങ്ങുന്നതുമൊന്നും വണ്ണം കുറയ്ക്കാൻ ശ്രമം നടത്തുന്നവര്‍ക്ക് തിരിച്ചടിയാകും. കഴിയുന്നതും അത്താഴം നേരത്തെ തന്നെ കഴിച്ച് ശീലിക്കുക. അധികം വൈകാതെ ഉറങ്ങിയും ശീലിക്കണം. അത്താഴം അളവിലധികം കഴിക്കുന്നതും വൈകി കഴിക്കുന്നതുമെല്ലാം കാര്യമായ ദഹനപ്രശ്നങ്ങളുണ്ടാക്കും. ഇതെല്ലാം വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താം.
നാല്...
മദ്യപിക്കുന്നവരാണെങ്കില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ അതുപേക്ഷിക്കുക. രാത്രിയില്‍ ഇതൊഴിവാക്കാനാണ് ആദ്യമേ തൊട്ട് ശ്രദ്ധിക്കേണ്ടത്. മദ്യം മാത്രമല്ല ആല്‍ക്കഹോളിക് ആയ പാനീയങ്ങളെല്ലാം രാത്രിയില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
അഞ്ച്...
രാത്രിയില്‍ എന്തെങ്കിലും സ്നാക്സ് കഴിക്കുന്നത് പലരുടെയും ശീലമാണ്. എന്നാല്‍ വണ്ണം കുരയ്ക്കാൻ ശ്രമിക്കുമ്പോള്‍ ഇത് ദുശീലമാണ്.ഇനി അഥവാ സ്നാക്സിന് കൊതി തോന്നിയാലും അനാരോഗ്യകരമായ ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുക. നട്ട്സ്, പോപ്കോണ്‍ പോലുള്ള ഹെല്‍ത്തിയായ സ്നാക്സ്- അതും പരിമിതമായ അളവില്‍ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. മറ്റ് സ്നാക്സ് രാത്രിയില്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കും.
Also Read:- ശ്വാസകോശത്തെ ബാധിക്കുന്ന 'വൈറ്റ് ലങ് സിൻഡ്രോം' വ്യാപകമാകുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam