രാത്രി ഷിഫ്റ്റ് ജോലി സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെയാക്കും

By Web TeamFirst Published Mar 4, 2019, 9:22 AM IST
Highlights

രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെയാകുമെന്ന് പുതിയ പഠനം. 

രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെയാകുമെന്ന് പുതിയ പഠനം. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ഡാല്‍ഹൗസാണ് പഠനം നടത്തിയത്. 20 മാസത്തില്‍ കൂടുതല്‍ രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആര്‍ത്തവ വിരാമം നേരത്തെയാകാനുളള സാധ്യത ഒമ്പത് ശതമാനമാണെന്നും പഠനം പറയുന്നു.

20 വര്‍ഷത്തില്‍ കൂടുതലായി രാത്രിയാണ് ഡ്യൂട്ടിയെങ്കില്‍ ആര്‍ത്തവ വിരാമം നേരത്തെയാകാനുളള സാധ്യത 73 ശതമാനമാണ്. ജോലി ഭാരവും മാനസിക പിരിമുറുക്കവും മൂലമാണ് ഇങ്ങനെയുണ്ടാകുന്നത് എന്നും പഠനം വ്യക്തമാക്കുന്നു. രാത്രി ഡ്യൂട്ടി ചെയ്യുന്ന 80,000 നഴ്സുമാരിലാണ് ഈ പഠനം നടത്തിയത്. ഡെയ്ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍  വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മാറി മാറിയുള്ള ജോലി ഷിഫ്റ്റുകളില്‍ പണിയെടുക്കുന്നവരില്‍ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മുന്‍പ് ചില പഠനങ്ങള്‍ വന്നിരുന്നു. 20 ലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനത്തില്‍ 25% പേരിലും ഹൃദ്രോഗ സാധ്യത കണ്ടെത്താനായി. പകല്‍ ജോലിക്കാരേക്കാള്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും സാധ്യത കൂടുതല്‍ ഷിഫ്റ്റ് ജോലിക്കാര്‍ക്കാണെന്നും പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകാര്‍ക്കാണെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി ജോലിക്കാരില്‍ ഈ രോഗങ്ങള്‍ക്കുള്ള സാധ്യത 41% ആണ്.

ഷിഫ്റ്റ് ജോലി ചെയ്യുന്നവരില്‍ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ തകരാറിലാക്കുമെന്നും ജീവിതശൈലിയില്‍ പ്രതികൂലമായ അനന്തരഫലങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫാസ്റ്റ് ഫുഡുകള്‍ കഴിക്കുക, ഉറക്ക കുറവ്, വ്യായാമമില്ലായ്മ എന്നീവ വളരാന്‍ രാത്രി ഷിഫ്റ്റ് കാരണമാകും. ഇതെല്ലാം ഹൃദ്രോഗത്തിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!