Norovirus Kerala : കേരളത്തില്‍ നോറോവൈറസ് കേസുകള്‍; ഇത് പകരുന്നത് എങ്ങനെ?

Published : Jun 07, 2022, 07:47 PM IST
Norovirus Kerala :  കേരളത്തില്‍ നോറോവൈറസ് കേസുകള്‍; ഇത് പകരുന്നത് എങ്ങനെ?

Synopsis

ഭക്ഷ്യവിഷബാധ എന്നാല്‍ ഏവര്‍ക്കും അറിയാമല്ലോ. ഭക്ഷ്യവിഷബാധയിലേക്ക് പല രോഗാണുക്കളും നമ്മെ എത്തിക്കാം. അത് വിവിധയിനം ബാക്ടീരിയകളോ ഫംഗസോ എന്തുമാകാം. അതിലുള്‍പ്പെടുന്നൊരു വൈറസാണ് നോറോവൈറസും. ഭക്ഷ്യവിഷബാധ ആയതിനാല്‍ തന്നെ വയറിനെയാണ് ഇത് ബാധിക്കുന്നത്. 

കേരളത്തില്‍ നോറോവൈറസ് കേസുകള്‍ ( Norovirus Kerala ) കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പലരും ആശങ്ക പങ്കിടുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നോറോവൈറസ് കേസുകള്‍ കൂടുതല്‍ വന്നാലും അതില്‍ ആശങ്കപ്പെടേണ്ടതുണ്ടോ? ഭക്ഷ്യവിഷബാധയുമായി ( Food Poison )  നോറോവൈറസ് ചര്‍ച്ചകളിൽ നിറയുന്നത്. 

ചിലരെങ്കിലും ഈ രോഗകാരിയെ കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്. അതുകൊണ്ട് തന്നെ ഇതിന്മേല്‍ അനാവശ്യമായ ഭയവും ജനിക്കുകയാണ്. സത്യത്തില്‍ അത്രമേല്‍ ഭയപ്പെടേണ്ട ഒന്നല്ല നോറോവൈറസ്. മുമ്പും കേരളം അടക്കം പലയിടങ്ങളിലും ഇന്ത്യക്ക് പുറത്തുമെല്ലാം നോറോവൈറസ് കേസുകള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം വയനാട്ടിലും തൃശൂരിലുമെല്ലാം ഇത്തരത്തില്‍ നോറോവൈറസ് ബാധകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂട്ടമായാണ് നോറോവൈറസ് ( Norovirus Kerala ) ബാധ കണ്ടെത്തിയിരുന്നത്. 

എന്താണ് നോറോവൈറസ്?

ഭക്ഷ്യവിഷബാധ ( Food Poison ) എന്നാല്‍ ഏവര്‍ക്കും അറിയാമല്ലോ. ഭക്ഷ്യവിഷബാധയിലേക്ക് പല രോഗാണുക്കളും നമ്മെ എത്തിക്കാം. അത് വിവിധയിനം ബാക്ടീരിയകളോ ഫംഗസോ എന്തുമാകാം. അതിലുള്‍പ്പെടുന്നൊരു വൈറസാണ് നോറോവൈറസും. ഭക്ഷ്യവിഷബാധ ആയതിനാല്‍ തന്നെ വയറിനെയാണ് ഇത് ബാധിക്കുന്നത്. 

ആമാശയത്തിന്‍റെയും കുടലിന്‍റെയും ആവരണത്തില്‍ വീക്കം വരുത്തുക, കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് നോറോവൈറസ് സൃഷ്ടിക്കുന്ന ഉദരസംബന്ധമായ പ്രശ്നങ്ങള്‍.  ഇതിനൊപ്പം തന്നെ തളര്‍ച്ച, പേശീവേദന, പനി, വയറുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കാണാം. നോറോവൈറസ് തന്നെ പല ഇനങ്ങളില്‍ പെടുന്നവയുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ കണ്ടെത്തലും ചികിത്സയും അത്ര എളുപ്പമല്ലതാനും.

എങ്ങനെയാണ് നോറോവൈറസ് പകരുന്നത്?

ഭക്ഷ്യവിഷബാധയെന്ന് പറയുമ്പോഴും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പകരുമോയെന്ന ഭയം മിക്കവരിലുമുണ്ട്. ഈ ഭയം സത്യവുമാണ്.  മലിനജലത്തിലൂടെയും മോശം ഭക്ഷണങ്ങളിലൂടെയുമെല്ലാം മനുഷ്യശരീരത്തിലെത്തുന്ന നോറോവൈറസ് പിന്നീട് ആ രോഗിയില്‍ നിന്ന് എളുപ്പത്തില്‍ തന്നെ അടുത്തയാളിലേക്കുമെത്താം. രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കം തന്നെ ഇതിന് ധാരാളം. രോഗി കഴിച്ച ഭക്ഷണത്തില്‍ നിന്ന് കഴിക്കുക, സ്പര്‍ശിച്ചത് കഴിക്കുക, കുടിച്ച പാനീയത്തിന്‍റെ ബാക്കി കുടിക്കുക ഇവയെല്ലാം രോഗം പകരാനിടയാക്കും. 

രോഗിയില്‍ നിന്ന് പുറത്തെത്തുന്ന വൈറസ് ദിവസങ്ങളോളം പല പ്രതലങ്ങളിലും കാണാം. ഇവിടെ മറ്റുള്ളവര്‍ സ്പര്‍ശിക്കുകയും ആ കൈകള്‍ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിലൂടെയും വൈറസ് പകരാം. അധികവും പ്രായമായവരും കുട്ടികളുമാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. കാരണം രോഗം പകരാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. 

വ്യക്തിശുചിത്വം, രോഗിയുമായുള്ള അകലം പാലിക്കല്‍ എല്ലാം രോഗവ്യാപനം തടയും. അതുപോലെ രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഉടനെ ചികിത്സയെടുത്തില്ലെങ്കിലും കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകാം. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നതില്‍ കവിഞ്ഞ് ആശങ്കപ്പെടേണ്ടതായതോ ഭയപ്പെടേണ്ടതായതോ സാഹചര്യം നിലവിലില്ല. ഇക്കാര്യം ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. 

Also Read:- ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍; ഭക്ഷ്യവിഷബാധ തടയാന്‍ എന്ത് ചെയ്യാം

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം