
കണ്ണിന് താഴെയായി കറുത്ത നിറത്തില്‍ വലയം പോലെ കാണപ്പെടുന്നതിനെയാണ് ഡാര്‍ക് സര്‍ക്കിള്‍സ് എന്ന് പറയുക. അധികവും ഉറക്കമില്ലായ്മ, ഉറക്കം ശരിയാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള കാരണങ്ങളും സ്ട്രെസുമാണ് ഡാര്‍ക് സര്‍ക്കിളിലേക്ക് നയിക്കാറ്. മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരിലും ഉറക്കമില്ലായ്മ - ഉത്കണ്ഠ പോലുള്ള, ഇതിന്‍റെ അനുബന്ധപ്രശ്നങ്ങളുടെ ഭാഗമായി ഡാര്‍ക് സര്‍ക്കിള്‍സ് ഉണ്ടാകാറുണ്ട്.
ഇതിന് പുറമെ കംപ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ സ്ക്രീനുകളുടെ അമിതോപയോഗം, പോഷകക്കുറവ് എന്നിവയെല്ലാം ഡാര്‍ക്ക് സര്‍ക്കിള്‍സ് അടക്കമുള്ള സ്കിൻ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ഇക്കാര്യം പലര്‍ക്കും ഇപ്പോഴും അറിയില്ലെന്നതാണ് സത്യം. അതായത് ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളുടെയും കുറവ് ഡാര്‍ക് സര്‍ക്കിള്‍സിലേക്ക് നയിക്കാമെന്നത്.
അങ്ങനെയെങ്കില്‍ ഡാര്‍ക് സര്‍ക്കിള്‍സ് പരിഹരിക്കാൻ ഡയറ്റില്‍ (ഭക്ഷണത്തില്‍) ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയല്ലോ. അതെ, മിക്കവരിലും ആവശ്യമായ പോഷകങ്ങള്‍ എത്തിക്കഴിഞ്ഞാല്‍ തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടും. അത്തരത്തില്‍ ഡാര്‍ക് സര്‍ക്കിള്‍സ് ഒഴിവാക്കാൻ നിര്‍ബന്ധമായും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തേണ്ട അഞ്ച് ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
വൈറ്റമിൻ -എ
വൈറ്റമിൻ-എ ചര്‍മ്മത്തിന് പ്രായമാകുന്നത് ചെറുക്കുന്നതിനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്നതാണ്. ഇതിന് പുറമെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതും ഡാര്‍ക് സര്‍ക്കിള്‍സ് ഉണ്ടാകുന്നതുമെല്ലാം തടയുന്നതിനും വൈറ്റമിൻ- എ സഹായകമാകുന്നു.
ചുവപ്പ്, മഞ്ഞ്, പച്ച കാപ്സിക്കം, മാമ്പഴം, പപ്പായ, ചീര എന്നിവയെല്ലാം വൈറ്റമിൻ-എയുടെ നല്ല സ്രോതസുകളാണ്.
വൈറ്റമിൻ-സി
വൈറ്റമിൻ സി, നമുക്കറിയാം ചര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമാണ്. ചര്‍മ്മത്തെ ആരോഗ്യത്തോടെയും അഴകോടെയും നിലനിര്‍ത്തുന്ന കൊളാജെന്‍റെ ഉത്പാദനത്തിന് വൈറ്റമിൻ -സി ഏറെ സഹായകമാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ ചര്‍മ്മം തിളക്കമുള്ളതായിരിക്കാനും വൈറ്റമിൻ-സി സഹായിക്കുന്നു.
ചെറുനാരങ്ങ, ഓറഞ്ച്, നെല്ലിക്ക, വിവിധയിനം ബെറികള്‍ എന്നിവയെല്ലാം വൈറ്റമിൻ-സിക്കായി കഴിക്കാവുന്ന ഭക്ഷണങ്ങളാണ്.
വൈറ്റമിൻ- ഇ
വൈറ്റമിൻ- ഇയും മുഖത്ത് വീഴുന്ന ചുളിവുകളും കണ്ണിന് താഴെയുണ്ടാകുന്ന ചര്‍മ്മത്തിന്‍റെ വലിഞ്ഞ പാളികളും കറുപ്പുമെല്ലാം നീക്കുന്നതിന് സഹായകമാണ്. നട്ട്സ്-ഉം സീഡ്സ്-ഉം ആണ് വൈറ്റമിൻ -ഇയുടെ നല്ല സ്രോതസുകള്‍. കസ് കസ്, ഫ്ളാക്സ് സീഡ്സ് എന്നിവയെല്ലാം വൈറ്റമിൻ- ഇയുടെ നല്ല ഉറവിടങ്ങളാണ്.
വൈറ്റമിൻ- കെ
വൈറ്റമിൻ-കെയാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താൻ സഹായിക്കുന്ന മറ്റൊരു ഘടകം. ചര്‍മ്മത്തെ പുതുക്കി നിര്‍ത്താനും ആരോഗ്യവും ഭംഗിയുമുള്ളതുമാക്കി സൂക്ഷിക്കാനുമെല്ലാം വൈറ്റമിൻ-കെ സഹായിക്കുന്നു. ചീര പോലുള്ള ഇലക്കറികള്‍, പുതിനയില, ലെറ്റൂസ് എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം വൈറ്റമിൻ-കെയുടെ നല്ല ഉറവിടങ്ങളാണ്.
അയേണ്‍...
അനീമിയ അഥവാ വിളര്‍ച്ചയും ഡാര്‍ക് സര്‍ക്കിള്‍സിന് കാരണമാകാറുണ്ട്. ശരീരത്തില്‍ ആവശ്യത്തിന് അയേണ്‍ ഇല്ലാതാകുന്നതോടെയാണ് വിളര്‍ച്ചയുണ്ടാകുന്നത്. അതിനാല്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് അയേണ്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് വേണ്ടത്. പരിപ്പ്, ശര്‍ക്കര, ബീറ്റ്റൂട്ട്- ചീര- ഉലുവയില പോലുള്ള പച്ചക്കറികളെല്ലാം അയേണ്‍ ലഭിക്കുന്നതിനായി കഴിക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam