കൊവിഡ് കാലത്ത് അമിതവണ്ണമുള്ളവര്‍ ശ്രദ്ധിക്കുക; പുതിയ പഠനം...

By Web TeamFirst Published May 12, 2021, 7:45 PM IST
Highlights

രോഗം പിടിപെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയെന്നതാണ് നിലവില്‍ ചെയ്യേണ്ടത്. കാരണം, തീര്‍ത്തും അപ്രതീക്ഷിതമായാണ് ചിലരില്‍ രോഗം തീവ്രമാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്. ഇത്തരം കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഏത് പ്രായക്കാരും ഏത് ആരോഗ്യാവസ്ഥയിലുള്ളവരും പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. എങ്കിലും ചിലര്‍ അല്‍പം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്
 

കൊവിഡ് 19 മഹാമാരിയോടുള്ള പോരാട്ടത്തിലാണ് നാമേവരും. അനിയന്ത്രിതമാം വിധം കൊവിഡ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പരമാവധി വീടുകളില്‍ തന്നെ തുടരാനാണ് ഏവരും ശ്രമിക്കുന്നത്. കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം രംഗത്തുണ്ട്. 

രോഗം പിടിപെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയെന്നതാണ് നിലവില്‍ ചെയ്യേണ്ടത്. കാരണം, തീര്‍ത്തും അപ്രതീക്ഷിതമായാണ് ചിലരില്‍ രോഗം തീവ്രമാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്. ഇത്തരം കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഏത് പ്രായക്കാരും ഏത് ആരോഗ്യാവസ്ഥയിലുള്ളവരും പ്രതിരോധിക്കേണ്ടത് ആവശ്യമാണ്.

എങ്കിലും ചിലര്‍ അല്‍പം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. നേരത്തേ ഏതെങ്കിലും തരത്തിലുള്ള രോഗം പിടിപെട്ടവര്‍, പ്രായമായവര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളാണ് ഇതിലുള്‍പ്പെടുന്നത്. അതോടൊപ്പം തന്നെ അമിതവണ്ണമുള്ളവരുടെ കാര്യവും ആരോഗ്യവിദഗ്ധര്‍ എടുത്തുപറയുന്നുണ്ട്. ഈ വിഷയം സംബന്ധിച്ച് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 

 

 

ഇസ്രയേലില്‍ നിന്നുള്ള ഗവേഷകരാണ് 25,000ത്തിലധികം കൊവിഡ് രോഗികളുടെ കേസ് സ്റ്റഡികളെ ആസ്പദമാക്കി പഠനം നടത്തിയത്. ഇതില്‍ അമിതവണ്ണമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൊവിഡ് പിടിപെടാന്‍ 22 ശതമാനം അധികം സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം തീവ്രമാകുന്നതിനെക്കാള്‍ പെട്ടെന്ന് രോഗം ബാധിക്കാനുള്ള സാധ്യതയാണ് കൂടുതലായി കാണിക്കുന്നത്. 

അമിതവണ്ണമുള്ളവരെ അവരുടെ ബിഎംഐയുടെ (ബോഡി മാസ് ഇന്‍ഡെക്‌സ്) അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളാക്കി തരം തിരിക്കാറുണ്ട്. ഇതില്‍ ക്ലാസ് ഒന്നിലുള്‍പ്പെടുന്നവരില്‍ 27 ശതമാനം അധികസാധ്യതയും, ക്ലാസ് രണ്ടില്‍ ഉള്‍പ്പെടുന്നവരില്‍ 38 ശതമാനം അധികസാധ്യതയും, ക്ലാസ് മൂന്നിലുള്‍പ്പെടുന്നവരില്‍ 86 ശതമാനം അധികസാധ്യതയുമാണ് മറ്റുള്ളവരെ അപേക്ഷിച്ച് രോഗം പിടിപെടുന്നതിനുള്ളതെന്ന് പഠനം അവകാശപ്പെടുന്നു. 

ഒപ്പം തന്നെ പ്രമേഹം, ബിപി എന്നിവയുള്ളവരിലും കൊവിഡ് എളുപ്പത്തില്‍ പിടിപെടാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പ്രമേഹമുള്ളവരില്‍ 30 ശതമാനം അധികസാധ്യതയും ബിപിയുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആറ് മടങ്ങ് അധികസാധ്യതയുമാണേ്രത രോഗം പിടിപെടുന്നതിനുള്ളത്. ഇവരെ താരതമ്യപ്പെടുത്തുമ്പോള്‍ പക്ഷാഘാതം, വൃക്കരോഗം എന്നിവ വന്നവരില്‍ സാധ്യത അല്‍പം കൂടി കുറവാണെന്നും പഠനം അവകാശപ്പെടുന്നു. 

 

 

Also Read:- കൊവിഡിന്‍റെ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തി; ലോകാരോഗ്യ സംഘടന...

ഏതായാലും അമിതവണ്ണമുള്ളവരെ സംബന്ധിച്ച് അല്‍പം ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് തന്നെയാണിത്. എന്നാല്‍ ആശങ്കപ്പെടുന്നതിന് പകരം കുറെക്കൂടി ജാഗ്രതയോടെ മുന്നോട്ട് പോകാന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ സഹായിക്കുമെന്ന് ചിന്തിക്കുന്നതാണ് ഏറെ ഉചിതം. രോഗഭീഷണി ഏവരും നേരിടുന്നുണ്ട്. എത്തരത്തിലെല്ലാം രോഗം ആക്രമിക്കാമെന്ന് പ്രവചിക്കുകയും സാധ്യമല്ല. ഈ അവസരത്തില്‍ ജാഗ്രതയോടെ മുന്നോട്ടുപോവുക മാത്രമാണ് നമുക്ക് ചെയ്യാനാവുകയെന്ന് ഓര്‍ക്കുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!