കൊവിഡ് വാർഡിൽ നിന്ന് ഇറങ്ങിപ്പോയ വൃദ്ധ കോണിപ്പടിയിൽ കുഴഞ്ഞു വീണു മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

By Web TeamFirst Published Sep 21, 2020, 3:57 PM IST
Highlights

 കൊവിഡ് വാർഡിൽ അന്നേരം നിരവധി ഡോക്ടർമാരും നഴ്‌സുമാരും ഒക്കെ ഉണ്ടായിരുന്നിട്ടും ഈ സ്ത്രീ പുറത്തേക്കിങ്ങനെ ഇറങ്ങിപ്പോയത് ആരുടെയും കണ്ണിൽ തടഞ്ഞില്ല എന്നതിൽ ആരോഗ്യവകുപ്പ് അതിശയം പ്രകടിപ്പിച്ചു. 
 

പട്യാല : പട്യാലയിലെ ഗവൺമെന്റ് രാജീന്ദ്ര ആശുപത്രിയിലെ കൊവിഡ് വാർഡിന്റെ കോണിപ്പടിയിൽ ഏകദേശം മുക്കാൽ മണിക്കൂറോളം നേരം ആരും തിരിഞ്ഞു നോക്കാതെ ബോധരഹിതയായി കിടന്ന ശേഷം ഒരു വയോധികയ്ക്ക് ദാരുണാന്ത്യം. ഏറെ വൈകി ഒരു നഴ്‌സിന്റെ കണ്ണിൽ പെട്ട ശേഷം ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ഈ വൃദ്ധ മണിക്കൂറുകൾക്കുള്ളിൽ മരണത്തിനു കീഴടങ്ങി. 

പ്രാഥമികാന്വേഷണത്തിൽ തെളിയുന്ന വസ്തുതകൾ ഇങ്ങനെ. ഉച്ചക്ക് 12.30 അടുപ്പിച്ചാണ് ഓക്സിജൻ സാച്വറേഷൻ(SPO2 ) ലെവലിൽ കാര്യമായ ഇടിവുണ്ടായ നിലയിൽ ഈ വയോധികയെ ആശുപത്രിയിൽ എത്തിക്കുന്നത്. കുറച്ചു നേരം പരിചരിച്ചപ്പോഴേക്കും അവരുടെ ഓക്സിജൻ ലെവൽ തിരികെ സാധാരണ നിലയിൽ ആയി. ഇതേ സ്ത്രീ അൽപനേരം കഴിഞ്ഞപ്പോൾ വാർഡിലെ നഴ്‌സുമാരുടെ കണ്ണുവെട്ടിച്ച് പുറത്തേക്കിറങ്ങി നടന്നു. കൊവിഡ് വാർഡിൽ അന്നേരം നിരവധി ഡോക്ടർമാരും നഴ്‌സുമാരും ഒക്കെ ഉണ്ടായിരുന്നിട്ടും ഈ സ്ത്രീ പുറത്തേക്കിങ്ങനെ ഇറങ്ങിപ്പോയത് ആരുടെയും കണ്ണിൽ തടഞ്ഞില്ല എന്നതിൽ ആരോഗ്യവകുപ്പ് അതിശയം പ്രകടിപ്പിച്ചു. 

ഈ സ്ത്രീ വാർഡിനു പുറത്തെ കോണിപ്പടികളിൽ എത്തിയപ്പോൾ തലകറങ്ങി വീണുയപോയി എങ്കിലും, പടിയിൽ നിലത്ത് കിടക്കുന്ന അവരെ ആരും തന്നെ മൈൻഡ് ചെയ്തില്ല. മൂന്നുമണിയോടെ അവരെ തിരികെ ഐസിയുവിൽ എത്തിച്ച് വെന്റിലേറ്റർ സപ്പോർട്ടിൽ കിടത്തി എങ്കിലും മൂന്നുമണിക്കൂറിനുള്ളിൽ തന്നെ അവർ മരിച്ചുപോയി. 

ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചതോടെ പ്രതിരോധത്തിലായി പഞ്ചാബ് ആരോഗ്യവകുപ്പ് ഒരു മൂന്നംഗ സമിതിയെ പ്രസ്തുത കേസിന്റെ അന്വേഷണത്തിനായി നിയോഗിച്ചു. ഈ വീഡിയോ ദൃശ്യങ്ങളിൽ ഒരാൾ പലവട്ടം പറഞ്ഞിട്ടും ആരും സഹായിക്കാൻ മുന്നോട്ടു വന്നില്ല എന്ന് പരാതിപ്പെടുന്നുണ്ട്. 
 

click me!