കൊവിഡ് ഐസിയുവിൽ കിടക്ക അനുവദിച്ചു കിട്ടാൻ സ്വാധീനം വേണമെന്ന് സർവേ, നേർവഴിക്ക് ബെഡ് കിട്ടിയത് വെറും 4% പേർക്ക്

By Web TeamFirst Published Sep 21, 2020, 11:42 AM IST
Highlights

 ഗവണ്മെന്റിന്റെ കൊറോണ ആപ്പിൽ ഐസിയു ബെഡ്ഡുകൾ ലഭ്യമാണ് എന്ന് കാണിക്കുന്നുണ്ടെങ്കിലും, ആശുപത്രിയിൽ നേരിട്ട് ചെല്ലുമ്പോൾ ബെഡൊന്നും ഒഴിവില്ല എന്ന മറുപടിയാണ് കിട്ടുന്നത് സർവേയിൽ പങ്കെടുത്തവർ പറഞ്ഞത്

ഇന്ത്യ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഇന്നും അനുദിനം രോഗികളുടെ എണ്ണത്തിൽ വർദ്ധനവുതന്നെയാണ് ഇന്ത്യയിൽ ദൃശ്യമാകുന്നത്. സ്ഥിതിഗതികൾ ഇങ്ങനെ തുടർന്നാൽ, ഇന്ത്യ അമേരിക്കയെ മറികടന്ന് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചേരുന്ന ദിവസം വിദൂരമല്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ അത് സംഭവിച്ചേക്കാം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് നിത്യേന 90,000 -ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു ലക്ഷം പിന്നിട്ടത് വെറും പതിനൊന്നു ദിവസം കൊണ്ടാണ്. കൊവിഡ് മഹാമാരിയുടെ രണ്ടാമത്തെ വേവ് രാജ്യത്ത് എത്തിക്കഴിഞ്ഞു എന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. രോഗപരിചരണത്തിന്റെ പ്രോട്ടോക്കോളുകളും ഇപ്പോൾ ഏറെ മാറിയിട്ടുണ്ട്. കഴിഞ്ഞ മെയ് ജൂൺ കാലത്തേതിന് വിപരീതമായി ഇപ്പോൾ ലക്ഷണങ്ങൾ ഇല്ലാത്തവരും, വളരെ കുറഞ്ഞ രീതിയിലുള്ള ലക്ഷണങ്ങൾ ഉള്ളവരും ഒക്കെ വീടുകളിൽ മുറിയടച്ചിരുന്നാണ് ചികിത്സ തേടുന്നത്. അതിൽ നിന്ന് ഒരു കാര്യം ഊഹിച്ചെടുക്കാം, രോഗലക്ഷണങ്ങൾ അത്യാവശ്യം മൂർച്ഛിച്ചവരാണ് ആശുപത്രികളിലെത്തി ചികിത്സ തേടുന്നത്. അതോടെ, ആശുപത്രികളിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റുകളായ ഐസിയുകളിലെ കിടക്കകൾക്കായി ആവശ്യപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ മാസത്തേക്കാൾ ഇപ്പോൾ വർധിച്ചിട്ടുണ്ട്. 

 

 

അഡ്മിറ്റ് ആകുന്ന ആശുപത്രി, അത്പ്രൈ വറ്റ് ആയാലും ശരി ഗവൺമെന്റ് ആയാലും അതെ, ഐസിയുവിൽ ബെഡ് അനുവദിച്ചുകിട്ടാൻ വലിയ പ്രയാസം നേരിടുന്നുണ്ട് എന്ന പരാതി വളരെ ശക്തമായി ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് ദിവസം കുറെയായി. ഈ വിഷയത്തിലെ നിജസ്ഥിതി അറിയാൻ വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ 'ലോക്കൽസർക്കിൾസ്' എന്ന സ്ഥാപനം നടത്തിയ സർവേയുടെ ഫലങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. രാജ്യത്തെ 211 സർക്കിളുകളിൽ നിന്നായി ഏകദേശം 17,000  പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്. ഐസിയു ബെഡുകളുടെ ലഭ്യതയുടെ തത്സമയ വിവരങ്ങൾ ആശുപത്രി പരിസരത്തും സോഷ്യൽ മീഡിയയിലും ഒക്കെ പ്രദർശിപ്പിക്കണം എന്നാണ് സർവേയിൽ പങ്കെടുത്തവർ പൊതുവെ അഭിപ്രായപ്പെട്ടത്.

ഈ സർവ്വേ ഫലം പറയുന്നത്, കൊവിഡ് ഐസിയു ബെഡിനു വേണ്ടി ശ്രമിച്ചവരിൽ 38 ശതമാനം പേർക്കും ബെഡ് കിട്ടാൻ വേണ്ടി തങ്ങളുടെ ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിക്കേണ്ടി വന്നു, 'മുകളിൽ നിന്ന് വിളിച്ച് പറയിക്കേണ്ടി വന്നു' എന്നാണ്. ഏഴു ശതമാനം പേർ പറഞ്ഞത് നിരന്തരം ചെന്ന് അന്വേഷിച്ച്, ദിവസങ്ങൾ പാഴാക്കിയ ശേഷം മാത്രമാണ് അവർക്ക് ഐസിയു ബെഡ് അനുവദിച്ചു കിട്ടിയതെന്നാണ്. ഏഴു ശതമാനം പേർ പറഞ്ഞത് അവർക്ക് ഐസിയു ബെഡ് കിട്ടാൻ വേണ്ടി ആശുപത്രിയിലെ ജീവനക്കാർക്ക് കൈക്കൂലി നൽകേണ്ടി വന്നു എന്നാണ്. നാലു ശതമാനം പേർ മാത്രമാണ് തങ്ങൾക്ക് സ്വാഭാവികമായ പ്രക്രിയകളിലൂടെ കടന്നു പോയ ശേഷം യാതൊരു പ്രയാസവും കൂടാതെ ഐസിയു ബെഡ് അനുവദിച്ചു കിട്ടി എന്ന് പറഞ്ഞത്. 

ദില്ലിയിൽ നിന്ന് സർവേയിൽ പങ്കെടുത്തവർ പറഞ്ഞത്, ഗവണ്മെന്റിന്റെ ദില്ലി കൊറോണ ആപ്പിൽ ഐസിയു ബെഡ്ഡുകൾ ലഭ്യമാണ് എന്ന് കാണിക്കുന്നുണ്ടെങ്കിലും, ആശുപത്രിയിൽ നേരിട്ട് ചെല്ലുമ്പോൾ ബെഡൊന്നും ഒഴിവില്ല എന്ന മറുപടിയാണ് കിട്ടുന്നത് എന്നാണ്. ദില്ലി സർക്കാർ പ്രദേശത്തെ 33 കോർപ്പറേറ്റ് ആശുപത്രികളോട് തങ്ങളുടെ ഐസിയുകളിലെ 80 ശതമാനം ബെഡുകളും കൊവിഡ് രോഗികൾക്കായി നീക്കിവെച്ച ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ഈ നിർദേശം പാലിക്കപ്പെട്ടിട്ടില്ല എന്ന പരാതിയും വ്യാപകമാണ്. 

രോഗബാധിതരായി ആശുപത്രികളിലേക്ക് എത്തിപ്പെടുന്ന, കടുത്ത ലക്ഷണങ്ങളാൽ വലയുന്ന ആരോഗ്യപ്രവർത്തകർക്ക് പോലും ഐസിയു ബെഡ് കിട്ടാൻ വേണ്ടി ഒരു പാട് കാലതാമസം നേരിട്ടതായി സർവേ ഫലം സൂചിപ്പിക്കുന്നു. ആശുപത്രികൾ തങ്ങളുടെ ഐസിയു കിടക്കകൾ അനുവദിച്ചു നൽകുന്ന പ്രക്രിയ കുറേക്കൂടി സുതാര്യമാക്കാൻ വേണ്ട മാതൃകാ നടപടി പ്രക്രിയകൾ (SOP) സർക്കാരുകളുടെ ഭാഗത്തുനിന്ന് ലഭ്യമാക്കേണ്ടതുണ്ട് എന്ന അഭിപ്രായവും സർവേയിൽ പ്രതിഫലിച്ചു കണ്ടു. 


 

click me!