വിഷാദമുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒന്ന്...

By Web TeamFirst Published Jul 9, 2020, 10:15 PM IST
Highlights

മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ അതിന് ഭക്ഷണത്തില്‍ എന്താണ് ശ്രദ്ധിക്കാനുള്ളത് എന്നാണ് പലരുടേയും സംശയം. എങ്കില്‍ കേട്ടോളൂ, മാനസികാരോഗ്യവും ഭക്ഷണവും തമ്മില്‍ ശാരീരികാരോഗ്യവും ഭക്ഷണവും തമ്മിലുള്ള അതേ അടുപ്പം തന്നെയാണുള്ളത്

ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ ഭക്ഷണമാണെന്ന കാര്യം നമുക്കേവര്‍ക്കുമറിയാം. എന്നാല്‍ ആരോഗ്യം എന്ന് പറയുമ്പോള്‍ ശരീരം മാത്രമേ ഒട്ടുമിക്കവരും കണക്കാക്കുന്നുള്ളൂ. അതിനാല്‍ തന്നെ മനസിന്റെ ആരോഗ്യവും ഡയറ്റും തമ്മിലുള്ള ബന്ധം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. 

മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ അതിന് ഭക്ഷണത്തില്‍ എന്താണ് ശ്രദ്ധിക്കാനുള്ളത് എന്നാണ് പലരുടേയും സംശയം. എങ്കില്‍ കേട്ടോളൂ, മാനസികാരോഗ്യവും ഭക്ഷണവും തമ്മില്‍ ശാരീരികാരോഗ്യവും ഭക്ഷണവും തമ്മിലുള്ള അതേ അടുപ്പം തന്നെയാണുള്ളത്. 

ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ഒരു നിര്‍ദേശമാണ് പ്രമുഖ ഡയറ്റീഷ്യനായ പവിത്ര എന്‍ രാജ് നല്‍കുന്നത്. ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രധാന മാനസികാരോഗ്യ പ്രശ്‌നമാണ് വിഷാദം. വിഷാദമുള്ളവര്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ഒരു ഘടകത്തെക്കുറിച്ചാണ് പവിത്ര എന്‍ രാജ് വിശദീകരിക്കുന്നത്. 

 

 

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ വിഷാദം മൂലം നേരിടുന്ന വിഷമതകളെ ലഘൂകരിക്കാനാകും എന്നാണ് ഇവര്‍ പറയുന്നത്. ഹൃദയാരോഗ്യത്തിന്, തച്ചോറിന്റെയും കണ്ണിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന്, ചര്‍മ്മത്തിന്റെ ചെറുപ്പം സൂക്ഷിക്കാന്‍ അങ്ങനെ പല തരത്തിലുള്ള ഗുണങ്ങള്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ക്കുണ്ട്. 

ഇതിനൊപ്പം തന്നെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇവയ്ക്കുള്ള പങ്ക് ചെറുതല്ലെന്നാണ് പവിത്ര എന്‍ രാജ് വ്യക്തമാക്കുന്നത്. ഫാറ്റി ഫിഷ്, നട്ടസ് എന്നിവയെല്ലാമാണ് പ്രധാനമായും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സംഭരിക്കപ്പെടുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍. 

 

 

'ഒന്ന് മുതല്‍ രണ്ട് ഗ്രാം വരെ ഒമേഗ-3 ഫാറ്റി ആസിഡാണ് പ്രതിദിനം കഴിക്കേണ്ടത്. ഇത് വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്ന മുതിര്‍ന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. 6-8 എണ്ണം വരെ ബദാം, സാള്‍ട്ടഡ് അല്ലാത്ത ഫ്രൈഡ് അല്ലാത്ത വാള്‍നട്ട്‌സ് 2 എണ്ണം, ഒന്നോ രണ്ടോ ടീസ്പൂണ്‍ ഫ്‌ളാക്‌സ് സീഡ്‌സ്, സാല്‍മണ്‍, ട്യൂണ, മത്തി, ഐല എന്നിങ്ങനെയുള്ള മീനുകള്‍, 5 ഗ്രാം എള്ള് - എന്നിങ്ങനെയൊക്കെയാണ് പ്രതിദിനം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഉറവിടം...'- പവിത്ര എന്‍ രാജ് നിര്‍ദേശിക്കുന്നു. 

Also Read:- എപ്പോഴും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണോ നിങ്ങൾ കാണാറുള്ളത്...?

click me!