വിവാദമായ ലാബിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചൈന...

Web Desk   | others
Published : Jul 09, 2020, 08:16 PM IST
വിവാദമായ ലാബിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചൈന...

Synopsis

കൊവിഡ് 19 വ്യാപകമായ ദിവസങ്ങളില്‍ തന്നെ ഇത്തരമൊരു ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാലിക്കാര്യം ചൈന നിഷേധിക്കുകയും, അത്തരം പ്രചരണങ്ങള്‍ അനാവശ്യമാണെന്ന മട്ടില്‍ ലോകാരോഗ്യ സംഘടന പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും അതേ ആരോപണം കനപ്പെടുന്ന പശ്ചാത്തലത്തില്‍ വിവാദത്തിലായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചൈന

ഇന്ന് ലോകരാജ്യങ്ങളൊട്ടാകെ നേരിടുന്ന പ്രതിസന്ധിയാണ് കൊറോണ വൈറസ് അഥവാ കൊവിഡ് 19. ഒരു കോടി, 21 ലക്ഷത്തി നാല്‍പതിനായിരം പേര്‍ക്കാണ് ആകെ ഇതുവരെ കൊവിഡ് 19 രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 5,51,000 പേര്‍ രോഗബാധ മൂലം മരിച്ചു. ഓരോ ദിവസവും കൂടുംതോറും വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 

പോയ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാന്‍ എന്ന നഗരത്തില്‍ നിന്നുമാണ് ഈ വൈറസ് ഉത്ഭവിച്ചത്. വുഹാനിലെ ഒരു മാംസ മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് വച്ചിരുന്ന മൃഗങ്ങളില്‍ നിന്ന് വൈറസ് മനുഷ്യരിലേക്കെത്തിയെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ കൂടുതല്‍ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടുമില്ല.

ഈ സാഹചര്യത്തില്‍ ചൈനയ്‌ക്കെതിരായ പ്രതിഷേധം ഒരു വശത്ത് കനക്കുകയാണ്. യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് കടുത്ത നിലപാടുമായി മുന്‍നിരയില്‍ തുടരുന്നത്. വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും വുഹാനിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് ഇത് പുറത്തെത്തിയത് എന്നുമാണ് ചൈനയ്‌ക്കെതിരായി ഉയരുന്ന പ്രധാന ആരോപണം. 

 

 

കൊവിഡ് 19 വ്യാപകമായ ദിവസങ്ങളില്‍ തന്നെ ഇത്തരമൊരു ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാലിക്കാര്യം ചൈന നിഷേധിക്കുകയും, അത്തരം പ്രചരണങ്ങള്‍ അനാവശ്യമാണെന്ന മട്ടില്‍ ലോകാരോഗ്യ സംഘടന പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും അതേ ആരോപണം കനപ്പെടുന്ന പശ്ചാത്തലത്തില്‍ വിവാദത്തിലായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചൈന. 

പുറത്തുനിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്നെ ലാബിന്റെ  അകത്തുനിന്നുള്ള ഏതാനും ചിത്രങ്ങളും ചൈന പുറത്തുവിട്ടിട്ടുണ്ട്. കനത്ത സുരക്ഷയുള്ള ലബോറട്ടറിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് പോലും കട്ടിയുള്ള ചില്ലിന് പുറത്തുകൂടിയാണത്രേ. ഇത്രയും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ഒരു ലാബില്‍ നിന്ന് എങ്ങനെയാണ് അപകടകാരികളായ വൈറസ് പോലുള്ള രോഗകാരികള്‍ പുറത്തുകടക്കുന്നതെന്നാണ് ചൈനയുടെ ചോദ്യം. 

ഏതായാലും പുറത്തെത്തിയ ചിത്രങ്ങളിലൂടെ ലാബിന്റെ പ്രവര്‍ത്തനമോ മറ്റ് കാര്യങ്ങളോ ഒന്നും വിലയിരുത്താനാകില്ല. അത്തരം വിവരങ്ങളൊന്നും തന്നെ ചിത്രങ്ങള്‍ വച്ച് അനുമാനിക്കാനുമാകില്ല. എങ്കിലും വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പുറത്തുവിടുന്നത് ആദ്യമായാണ്. 

 

 

'ഈ ലാബില്‍ നിന്ന് അപകടകാരികളായ ഒരു വൈറസും പുറത്തുപോയിട്ടില്ല. അല്ലെങ്കില്‍ ഇവിടെ നിന്ന് ആര്‍ക്കും അങ്ങനെയൊരു വൈറസ് ബാധ ഉണ്ടായിട്ടുമില്ല. ഇത്തരമൊരു മഹാമാരി വരുമ്പോള്‍ ആരോപണങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. പേടിയും നിസഹായതയും കൊണ്ടാണ് ആളുകള്‍ ഇങ്ങനെയുള്ള ആരോപണങ്ങളിലേക്കെത്തുന്നത്. എന്നാല്‍ ലാബിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കിയാല്‍ ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിക്കില്ല...' - വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി ഡയറക്ടര്‍ യുവാന്‍ സിമിംഗ് പറയുന്നു. 

വിവാദങ്ങള്‍ ചൂട് പിടിക്കുന്നതിനിടെ വൈറസിന്റെ ഉറവിടം ഏതെന്ന് കണ്ടെത്താനുള്ള ദൗത്യവുമായി ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ വിദഗ്ധര്‍ ഈ ആഴ്ച തന്നെ വുഹാനിലെത്തും. ഇതിനിടെയാണ് ലാബിന്റെ ചിത്രങ്ങളും വീഡിയോകളും ചൈന പുറത്തുവിട്ടിരിക്കുന്നത്.

Also Read:- 'താമസിയാതെ മറ്റ് ചില കാര്യങ്ങളെക്കുറിച്ച് കേള്‍ക്കാം'; ചൈനയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയുമായി വൈറ്റ്ഹൗസ്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ