Covid 19 : 'ഒമിക്രോണിന്‍റെ കാര്യത്തില്‍ ഈ ഒരാശ്വാസമാകാം'; പഠനം

By Web TeamFirst Published Jun 17, 2022, 3:27 PM IST
Highlights

രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണ്‍ എന്ന വകഭേദം തന്നെയാണ് നിലവില്‍ ആഗോളതലത്തില്‍ കാര്യമായ രോഗവ്യാപനം സൃഷ്ടിക്കുന്നത്. രണ്ടാം തരംഗത്തിന് കാരണമായിരുന്ന ഡെല്‍റ്റ വകഭേദത്തെക്കാളെല്ലാം ഇരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഒമിക്രോണിന്‍റെ വലിയ സവിശേഷത.

കൊവിഡ് 19 പ്രതിസന്ധിയില്‍ ( Covid 19 ) തന്നെയാണ് നാമിപ്പോഴും തുടരുന്നത്. വാക്സിന്‍ ലഭ്യത ഉണ്ടെങ്കില്‍ കൂടിയും ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പല രീതിയില്‍ ഇപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുക തന്നെയാണ്. 

രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണ്‍ ( Omicron Virus ) എന്ന വകഭേദം തന്നെയാണ് നിലവില്‍ ആഗോളതലത്തില്‍ കാര്യമായ രോഗവ്യാപനം സൃഷ്ടിക്കുന്നത്. രണ്ടാം തരംഗത്തിന് കാരണമായിരുന്ന ഡെല്‍റ്റ വകഭേദത്തെക്കാളെല്ലാം ഇരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഒമിക്രോണിന്‍റെ വലിയ സവിശേഷത.

അതിനാല്‍ തന്നെ രോഗികളുടെ എണ്ണം കൂടുതല്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ രോഗതീവ്രതയുടെ കാര്യത്തില്‍ ഡെല്‍റ്റയോളം തന്നെ അപകടകാരിയായില്ല ഒമിക്രോണ് ( Omicron Virus ). അതുപോലെ തന്നെ വാക്സിന്‍ കൂടുതല്‍ പേരിലേക്ക് എത്തിയിരുന്നു എന്നതും മൂന്നാംതരംഗത്തിന്‍റെ വ്യാപ്തി കുറച്ചിരുന്നു. 

ഇപ്പോഴിതാ ഒമിക്രോണുമായി ബന്ധപ്പെട്ട് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. യുകെയിലെ കിംഗ്സ് കോളേജില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ദ ലാന്‍സെറ്റി'ലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

കൊവിഡ് രോഗത്തില്‍ ( Covid 19 )  നിന്ന് മുക്തി നേടിയാലും ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ രോഗികളില്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതായി നാം കണ്ടു. ലോംഗ് കൊവിഡ് എന്നാണിതിനെ വിളിക്കുന്നത്. നിരവധി പേര്‍ ലോംഗ് കൊവിഡ് മൂലം നിത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. തളര്‍ച്ച, ശ്വാസതടസം,വിഷാദരോഗം, ഉറക്കമില്ലായ്മ, ബ്രെയിന്‍ ഫോഗ് ( ചിന്താശക്തിയും ഓര്‍മ്മശക്തിയും കുറയുന്ന അവസ്ഥ), ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥയെല്ലാം ലോം് കൊവിഡിന്‍റെ ഭാഗമായി വരാം.

ഇതിന് പുറമെ ചിലരില്‍ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയും ലോംഗ് കൊവിഡില്‍ കാണാം. 

ഇത്തരത്തില്‍ ലോംഗ് കൊവിഡ് ബാധിക്കപ്പെടുന്നത് ഒമിക്രോണ്‍ കേസുകളില്‍ കുറവായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഏറെ ആശ്വാസം പകരുന്നൊരു വാര്‍ത്ത തന്നെയാണിത്. കാരണം ലോംഗ് കൊവിഡ് അത്രമാത്രം തലവേദനയുണ്ടാക്കുന്നൊരു പ്രശ്നമാണ് നിലവില്‍. 

20 മുതല്‍ 50 ശതമാനം വരെ ഒമിക്രോണില്‍ ലോംഗ് കൊവിഡ് സാധ്യത കുറവാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത് യുകെയിലെ സാഹചര്യം വച്ചാണ് വിലയിരുത്തിയിട്ടുള്ളത്. ഡെല്‍റ്റ വകഭേദവുമായാണ് ഗവേഷകര്‍ ഒമിക്രോണിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. 

ഡെല്‍റ്റ യുകെയിലുണ്ടാക്കിയ തരംഗത്തില്‍ 41,361 പേരില്‍ 10.8 ശതമാനം പേരില്‍ ലോംഗ് കൊവിഡ് കണ്ടിരുന്നുവെങ്കില്‍ ഒമിക്രോണ്‍ തരംഗത്തില്‍ 56,003 പേരില്‍ 4.5 ശതമാനം പേരില്‍ ആണ് ലോംഗ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. 

Also Read:- അ‍ജ്ഞാതമായ കുടല്‍ രോഗം; ബാധിക്കപ്പെട്ടത് നൂറുകണക്കിന് കുടുംബങ്ങള്‍

അതേസമയം ഒമിക്രോണ്‍ ഡെല്‍റ്റയെ അപേക്ഷിച്ച് കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുന്നതിനാല്‍ ആകെ രോഗികളുടെ എണ്ണം കൂടുകയും അതിന് അനുസരിച്ച് ലോംഗ് കൊവിഡ് രോഗികളുടെ എണ്ണവും കൂടുകയും ചെയ്യാം. അതിനാല്‍ തന്നെ ലോംഗ് കൊവിഡ് എന്ന വെല്ലുവിളിയില്‍ നിന്ന് നമ്മള്‍ മോചിതരായി എന്ന് ധരിക്കേണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത തുടരണമെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- കൊവിഡിന്‍റെ പുതിയ ലക്ഷണങ്ങൾ എന്തൊക്കെ?

click me!