
കൊവിഡ് 19 പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron Variant ) . ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa ) ആദ്യമായി ഈ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
നേരത്തെ ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തെക്കാളെല്ലാം ഇരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. അതിനാല്‍ തന്നെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയും അത് ആരോഗ്യമേഖലയില്‍ കടുത്ത പ്രതിസന്ധിക്കിടയാക്കുകയും ചെയ്യുമോയെന്ന ആശങ്കയിലാണ് ഏവരും തുടരുന്നത്.
ഇതിനിടെ കുട്ടികള്‍ക്ക് ഇതുവരെയും കൊവിഡ് വാക്‌സിന്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഒമിക്രോണ്‍ കുട്ടികളിലെ കൊവിഡ് കേസുകള്‍ വര്‍ധിപ്പിക്കുമോയെന്നതും, കുട്ടികളില്‍ കൊവിഡ് തീവ്രത വര്‍ധിപ്പിക്കുമോയെന്നതും അടുത്ത ആശങ്കയാവുകയാണ്.
ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലെ സ്ഥിതിഗതികള്‍ കണക്കിലെടുക്കുകയാണെങ്കില്‍ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് ചെറുതല്ലാത്ത ആശങ്കയ്ക്ക് വകയുണ്ട്. കാരണം ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ എല്ലാ പ്രായക്കാരിലും കൊവിഡ് കേസുകളിലും രോഗ തീവ്രതയിലും വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ അഞ്ച് വയസും അതിന് താഴെയും പ്രായമുള്ള കുട്ടികളിലെ വര്‍ധനവ് സവിശേഷമായി കാണേണ്ടതാണ്. ഇതുവരെ ഇല്ലാത്ത വിധമാണ് കുട്ടികളിലെ കേസ് ഇവിടെ വര്‍ധിച്ചത്.
'ഞങ്ങളുടെ ആശുപത്രിയില്‍ ഒരേസമയം അഞ്ച് മുതല്‍ പത്ത് കുട്ടികളെയൊക്കെയാണ് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നത്. രോഗികളില്‍ രോഗതീവ്രത കൂടുന്നതായും കാണുന്നുണ്ട്. ഇപ്പോള്‍ തന്നെ പതിനഞ്ച് വയസുള്ളൊരു കുട്ടി കൊവിഡ് മൂലം മരിച്ചു. പതിനേഴ് വയസുള്ളൊരു രോഗി വളരെ ഗുരുതരമായി തുടരുകയാണ്...'- ജൊഹനാസ്ബര്‍ഗിലെ ക്രിസ് ഹാനി ബരഗ്വനാത് ഹോസ്പിറ്റലില്‍ നിന്നുള്ള ഡോ. റൂഡോ മതീവ പറയുന്നു.
മരിച്ച കുട്ടിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന കാര്യം ആശുപത്രി വ്യക്തമാക്കിയിട്ടില്ല.
കൊവിഡ് പ്രതിരോധത്തിന് അവലംബിക്കുന്ന മാര്‍ഗങ്ങള്‍, അത് വാക്‌സിന്‍ അടക്കം മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികളിലും വ്യാപകമാക്കുക എന്നതാണ് നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചെയ്യാനാകുന്നതെന്നും ഡോ. റൂഡോ പറയുന്നു.
വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ കൊവിഡ് രോഗത്തിന്റെ തീവ്രത നിയന്ത്രിക്കാനാകും. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യവും പരമാവധി ഒഴിവാക്കാം. ഒമിക്രോണ്‍, രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ രോഗ തീവ്രത കൂട്ടുന്നതായി സംശയിക്കുന്നതായും ഗവേഷകര്‍ പറയുന്ന സന്ദര്‍ഭത്തില്‍ വാക്‌സിന്റെ പ്രാധാന്യം ഇരട്ടിയാവുകയാണ്.
ഒമിക്രോണിന്റെ സവിശേഷതകളെ കുറിച്ചും ഇതിന്റെ പ്രവര്‍ത്തനരീതിയെ കുറിച്ചും ഗവേഷകര്‍ പഠനത്തിലാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. രോഗ തീവ്രത സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ഇനിയും ആഴ്ചകള്‍ എടുക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ ഗോപിനാഥന്‍ അറിയിച്ചിരുന്നു.
Also Read:- ഞെട്ടിപ്പിക്കുന്ന പഠനം; ഒമിക്രോണിനെ കുറിച്ച് ജാപ്പനീസ് ഗവേഷകർ പറയുന്നത്...