ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം; രോഗത്തെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web TeamFirst Published May 16, 2020, 11:09 AM IST
Highlights

കൊവിഡ് 19 പ്രതിരോധത്തിൽ ശ്രദ്ധയൂന്നുമ്പോഴും മറ്റൊരു മാരക പകർച്ച വ്യാധിയായ ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിൽ വീഴ്ച വരാതെ നാം ശ്രദ്ധിക്കേണ്ടതാണ്. കൊവിഡ്  വ്യാപനത്തിനിടെ സംസ്ഥാനത്തിന് ആശങ്കയായി ഡെങ്കിപ്പനി കേസുകളും ഉയരുന്ന സാഹചര്യത്തില്‍ കൊതുകിനെ നിയന്ത്രിക്കാൻ വീടും പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക പ്രധാനമാണ്. 

ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം. ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിദിനാചരണ സന്ദേശം. കൊവിഡ് 19 പ്രതിരോധത്തിൽ ശ്രദ്ധയൂന്നുമ്പോഴും മറ്റൊരു മാരക പകർച്ച വ്യാധിയായ ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിൽ വീഴ്ച വരാതെ നാം ശ്രദ്ധിക്കേണ്ടതാണ്.

കൊവിഡ്  വ്യാപനത്തിനിടെ സംസ്ഥാനത്തിന് ആശങ്കയായി ഡെങ്കിപ്പനി കേസുകളും ഉയരുന്ന സാഹചര്യത്തില്‍ കൊതുകിനെ നിയന്ത്രിക്കാൻ വീടും പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക പ്രധാനമാണ്. 

എന്താണ് ഡെങ്കിപ്പനി? 

'ഈഡിസ്' കൊതുകുകള്‍ വഴി പകരുന്ന രോഗമാണ് ഡെങ്കിപ്പനി. 'ആര്‍ബോവൈറസ്' വിഭാഗത്തില്‍പ്പെടുന്ന ഫ്ളാവിവൈറസുകളാണ് രോഗത്തിന് കാരണമാവുന്നത്. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന 'ക്ലാസിക്കല്‍ ഡെങ്കിപ്പനി', രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ 'ഡെങ്കി ഹെമറാജിക് ഫീവര്‍', രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന 'ഡെങ്കിഷോക് സിന്‍ഡ്രോം' എന്നിവയാണിവ. 

വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍.  ഇത്തരം കൊതുകുകളുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. അനുകൂലസാഹചര്യത്തില്‍ വിരിഞ്ഞ് കൊതുകുകളായി മാറുകയും ചെയ്യും.

ഡെങ്കിപ്പനി പകരുന്നതെങ്ങനെ? 

രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍? 

രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, സന്ധികളിലും പേശികളിലും വേദന, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ...

ഒന്ന്...

വീടിന് ചുറ്റും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. അതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് വേണ്ടത്. വീടിന്‍റെ പരിസരത്ത് ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണം. കിണറുകള്‍ ക്ലോറിനേറ്റു ചെയ്യണം. 

രണ്ട്...

ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ കിടത്തുവാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ആ രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരിലേക്ക് രോഗം വ്യാപിപ്പിക്കുന്നത് പൂര്‍ണമായും തടയാനാകും. കുട്ടികളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. 

മൂന്ന്...

രാത്രി ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്ത് കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ തുടങ്ങിവ കൊതുക് കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും.

നാല്...

ചെറിയ പനി വന്നാല്‍ പോലും വിദഗ്ധ ചികിത്സ തേടുക.

Also Read: കൊതുകിനെ വീട്ടിൽനിന്നും പറപറത്താം; നിങ്ങൾ ചെയ്യേണ്ടത്...
 

click me!