കിഡ്നി പ്രശ്നത്തിലാകുന്നത് എങ്ങനെയെല്ലാം തിരിച്ചറിയാം? ഡയാലിസിസ് വരെയെത്തുന്നത് എപ്പോള്‍?

Published : Mar 09, 2023, 12:43 PM IST
കിഡ്നി പ്രശ്നത്തിലാകുന്നത് എങ്ങനെയെല്ലാം തിരിച്ചറിയാം? ഡയാലിസിസ് വരെയെത്തുന്നത് എപ്പോള്‍?

Synopsis

ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ വൃക്കകളെ നേരിട്ട് ബാധിക്കുന്ന രോഗങ്ങളാണ്. പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിര്‍ത്തണം. രക്തസമ്മര്‍ദവും നിയന്ത്രണത്തിലായിരിക്കണം.

കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കേണ്ട ആന്തരാവയവങ്ങളാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യം അരിച്ചെടുത്തും അമിതമായുള്ള ജലാംശം വേര്‍തിരിച്ചും മൂത്രരൂപത്തില്‍ പുറംതള്ളുകയാണ് വൃക്കകളുടെ പ്രധാനജോലി. ശരീരകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അനാവശ്യമായ ആസിഡുകള്‍ പുറംതള്ളുകയും രക്തത്തില്‍ ജലം, ഉപ്പ്, ലവണങ്ങളായ സോഡിയം, കാല്‍ഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ സന്തുലനം നില്നിര്‍ത്തുകയും ചെയ്യുന്നു ഇവ. 

രക്തസമ്മര്‍ദം സാധാരണനിലയിലാക്കുന്നവ അടക്കമുള്ള ചില ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നതും വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കുന്നതും ചുവന്ന രക്താണുക്കളുടെ ഉല്‍പാദനം നിയന്ത്രിക്കുന്നതും കെമിക്കല്‍ ഫാക്ടറിയായി അറിയപ്പെടുന്ന വൃക്കകള്‍ തന്നെ. ഇവയുടെ സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനാണ് മാര്‍ച്ച് മാസത്തിലെ രണ്ടാം വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നത്. 2023-ല്‍ മാര്‍ച്ച് ഒമ്പതിനാണ് ദിനാചരണം. ഇന്‍റര്‍നാഷനല്‍ സൊസൈറ്റി ഓഫ് നെഫ്രോളജി (ഐ.എസ്.എന്‍.), ഇന്‍റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് കിഡ്നി ഫൗണ്ടേഷന്‍സ് (ഐ.എഫ്.കെ.എഫ്.) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വൃക്കദിനം ആചരിക്കുന്നത്. 

വര്‍ഷാവര്‍ഷം നിശ്ചിത വിഷയത്തില്‍ ഊന്നിക്കൊണ്ടാണ് പ്രധാനമായും ദിനാചരണം സംഘടിപ്പിക്കുന്നത്. 'എല്ലാവര്‍ക്കും വൃക്കാരോഗ്യം-അപ്രതീക്ഷിതമായതിന് തയ്യാറെടുക്കുക, ദുര്‍ബലരെ പിന്തുണയ്ക്കുക' എന്നതാണ് ഈ വര്‍ഷത്തെ ആശയം.

പ്രകൃതി ദുരന്തങ്ങളും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളും കോവിഡ് പോലെയുള്ള മഹാമാരികളുമൊക്കെ സംഭവിക്കുമ്പോഴും യുദ്ധം നാശം വിതക്കുമ്പോഴും, വൃക്കരോഗികളെ എങ്ങനെ സംരക്ഷിക്കാം, അവര്‍ക്കെങ്ങനെ പിന്തുണയേകാം എന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഒരു അടിയന്തിര സാഹചര്യം വരുമ്പോള്‍ ഏറ്റവുമധികം ബാധിക്കുന്ന വിഭാഗമാണ് വൃക്കരോഗികള്‍ എന്നതുകൊണ്ടാണിത്. 

യഥാസമയമുള്ള രോഗനിര്‍ണയം, ചികിത്സ, മരുന്ന്, പരിചരണം, അണുബാധയില്‍ നിന്നും മറ്റുമുള്ള സംരക്ഷണം തുടങ്ങിയവ വലിയ വെല്ലുവിളിയാവുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ലഭിക്കുന്ന ഓരോ പിന്തുണയും ഏറെ നിര്‍ണായകമായിരിക്കും.

പയറുമണിയുടെ ആകൃതിയില്‍, ശരീരത്തിന്‍റെ ഇരുവശത്തും സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് വൃക്കകള്‍. നെഫ്രോണുകള്‍ എന്നറിയപ്പെടുന്ന ദശലക്ഷത്തോളം പ്രവര്‍ത്തനയൂണിറ്റുകള്‍ അടങ്ങിയതാണ് ഓരോ വൃക്കയും. ഓരോ നെഫ്രോണിലും കുഞ്ഞുരക്തക്കുഴലുകളാല്‍ രൂപീകൃതമായ ഓരോ ഫില്‍റ്ററിങ് യൂണിറ്റ് (അരിപ്പ) അടങ്ങിയിരിക്കുന്നു.

വൃക്കയെ ബാധിക്കുന്ന പ്രധാന രോഗങ്ങളെ കുറിച്ച് വിശദമായി മനസിലാക്കാം ഇനി...

ക്രോണിക് കിഡ്നി ഡിസീസ് അഥവാ സ്ഥായിയായി വൃക്കകളുടെ പ്രവര്‍ത്തനക്കുറവ്

വൃക്കകളെ തകരാറിലാക്കുന്ന, ദീര്‍ഘകാലമായി തുടരുന്ന രോഗാവസ്ഥയെ പൊതുവില്‍ വിളിക്കുന്ന പേരാണ് ക്രോണിക് കിഡ്നീ ഡിസീസ് (സി.കെ.ഡി.). കിഡ്നി കേടുവരികയും രക്തത്തിലെ മാലിന്യം വേര്‍തിരിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഈയൊരു രോഗാവസ്ഥ രൂക്ഷമാകുമ്പോള്‍ വൃക്ക പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകും. തുടര്‍ന്ന് ഡയാലിസിസിലൂടെ മുന്നോട്ടുപോവുകയോ വൃക്കമാറ്റിവെക്കുകയോ ചെയ്യേണ്ടിവരും. വൃക്കയുടെ പ്രവര്‍ത്തനം ശരിയാംവണ്ണം നടക്കാതെ വരുമ്പോള്‍ രക്തത്തില്‍ മാലിന്യത്തിന്‍റെ തോത് കൂടുകയും നീര് നിറയുകയും ചെയ്യും. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും വഴിവെക്കും.

അനീമിയ, ഇടയ്ക്കിടെയുള്ള അണുബാധ, കുറഞ്ഞ കാല്‍ഷ്യം, ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം, ഫോസ്ഫറസ്, വിശപ്പ് കുറവ്, വിഷാദരോഗം തുടങ്ങിയവയാണ് ക്രോണിക് കിഡ്നി ഡിസീസിന്റെ മറ്റു ലക്ഷണങ്ങള്‍. രോഗം പൂര്‍ണമായും സുഖപ്പെടുത്താനാകില്ലെങ്കിലും, ശരിയായ ചികിത്സയിലൂടെ ഗുരുതരമാകുന്നത് പ്രതിരോധിക്കാന്‍ സാധിക്കും.

സി.കെ.ഡി. ബാധിതരായ എല്ലാരോഗികളുടെയും കിഡ്നി പ്രവര്‍ത്തനരഹിതമാകണമെന്നില്ല. 30 ശതമാനം മുതല്‍ 90 ശതമാനം വരെയും പ്രവര്‍ത്തനം ഇല്ലാതെയാകാം. അതില്‍ തന്നെ 90 ശതമാനവും പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യത്തിലാണ് മരുന്നുകള്‍ കൊണ്ടു മാത്രമുള്ള ചികിത്സയ്ക്കു പകരം ഡയാലിസിസിലേക്ക് നീങ്ങുന്നത്.

വൃക്കരോഗങ്ങള്‍ക്കുള്ള പ്രധാനകാരണങ്ങളിലൊന്ന് പ്രമേഹമാണ്. രക്തസമ്മര്‍ദം, വൃക്കയില്‍ ചില കുമിളകള്‍ പോലുള്ളവ ഉണ്ടാകുന്ന പോളിസിസ്റ്റിക് കിഡ്നി ഡിസീസ്, വൃക്കയിലെ കല്ല്, അണുബാധ, ജന്മനാലുള്ള രോഗങ്ങള്‍, അമിതമായ മരുന്നുകള്‍, വിഷാംശങ്ങള്‍ എന്നിവയും ക്രോണിക് കിഡ്നി ഡിസീസിന് ഇടയാക്കും. മൂന്ന് മാസമോ അതില്‍ കൂടുതലോ കാലം ഇത്തരം രോഗാവസ്ഥകള്‍ തുടരുമ്പോഴാണ് അത് ക്രോണിക് ഡിസീസ് ആയി മാറുന്നത്. അമിതമായ രീതിയില്‍ വേദനാ സംഹാരികള്‍ ഉപയോഗിക്കുന്നതും സമീപകാലത്ത് കൂടുതല്‍ പേരെ കടുത്ത രോഗാവസ്ഥയിലേക്ക് തള്ളിവിടുന്നുണ്ട്.

രോഗം നേരത്തെകണ്ടുപിടിക്കുകയെന്നതാണ് വൃക്കകളുടെ നാശത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. പ്രമേഹം, രക്തസമ്മര്‍ദം, ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍, കുടുംബത്തില്‍ സി.കെ.ഡി. രോഗബാധിതര്‍ ഉള്ളവര്‍/ ഉണ്ടായിരുന്നവര്‍ തുടങ്ങിയവര്‍ രോഗസാധ്യതയുണ്ടോയെന്ന് അറിയാന്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

വൃക്കകളെ ബാധിക്കുന്ന മറ്റ് രോഗങ്ങളെ കുറിച്ച് കൂടി അറിയാം...

പോളിസിസ്റ്റിക് കിഡ്നി ഡിസീസ്

വൃക്ക അടക്കമുള്ള അവയവങ്ങളില്‍ കുമിളകള്‍ നിറയുന്ന രോഗമാണിത്. പാരമ്പര്യമായി ബാധിച്ചേക്കാവുന്ന രോഗം. ഇത് വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കും, പ്രത്യേകിച്ചും രക്തത്തെ അരിക്കാനുള്ള ശേഷി ഇല്ലാതാക്കും. ക്രമേണ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിലേക്ക് രോഗം നയിച്ചേക്കാം. ചികിത്സയിലൂടെ രോഗം മാറ്റാനാകില്ലെങ്കിലും, കുമിളകളുടെ വളര്‍ച്ച കുറച്ചുകൊണ്ടുവന്ന്, ഗുരുതരമാകുന്നത് തടയാം.

ഐജിഎ നെഫ്രോപതി (IgA Nephropathy)

വൃക്കകളില്‍ പ്രോട്ടീന്‍ അടിഞ്ഞുകൂടി, രക്തത്തെ അരിക്കുന്ന ചെറു അരിപ്പകളെ (ഗ്ലോമെറൂലി) തകരാറിലാക്കുന്ന രോഗമാണിത്. ഏറെ വര്‍ഷങ്ങള്‍കൊണ്ട് ക്രമേണ വളര്‍ന്നുവരുന്ന രോഗമാണ് എന്നതിനാല്‍, ഇത് തിരിച്ചറിയാന്‍ സമയമെടുക്കും. ഈ രോഗവും ക്രോണിക് കിഡ്നി ഡിസീസിലേക്ക് നയിക്കും. ക്രമേണ വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിനും മരണത്തിനും കാരണമായേക്കാം. രോഗത്തിന് മരുന്നുകൊണ്ട് പ്രതിവിധി കാണാനാകില്ലെങ്കിലും വൃക്കയുടെ നാശം സാവധാനമാക്കാന്‍ സാധിക്കും.

ഗ്ലോമറൂലോ നെഫ്രൈറ്റിസ്

വൃക്കകളിലെ ചെറു-അരിപ്പകള്‍ക്ക് ക്ഷതം സംഭവിച്ച് മാലിന്യവും ജലാംശവും വേര്‍തിരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണിത്. ക്രമേണ ഇത് വൃക്ക പ്രവര്‍ത്തനരഹിതമാകാന്‍ ഇടയാക്കിയേക്കാം. ചില ആരോഗ്യപ്രശ്നങ്ങളാണ് ഈയൊരു രോഗത്തിലേക്ക് നയിക്കുന്നത്.

ലൂപസ് നെഫ്രൈറ്റിസ്
 
ശരീരത്തിന്‍റെ പ്രതിരോധകോശങ്ങളെ നശിപ്പിക്കുന്ന ഓട്ടോ ഇമ്യൂണ്‍ ഡിസീസുകളില്‍പെട്ടതാണിത്. ശരീരവേദന, നീര്‍വീക്കം.  കിഡ്നി അടക്കമുള്ള അവയവങ്ങളുടെ നാശം തുടങ്ങിയവയക്ക് കാരണമാകുന്ന രോഗമാണിത്. ഇതും ക്രോണിക് കിഡ്നി ഡിസീസിലേക്ക് നയിച്ചേക്കാം. ഈ രോഗത്തിന്‍റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. മാത്രമല്ല, ചികിത്സിച്ച് ഭേദമാക്കാനാകുന്നതും അല്ല. എങ്കിലും ചികിത്സയിലൂടെ അസ്വസ്ഥകള്‍ കുറച്ചുകൊണ്ടുവരാനും ഗുരുതരമാകുന്നത് തടയാനും സാധിക്കും.

എടിപിക്കല്‍ ഹീമോലിറ്റിക്  യൂറീമിക് സിന്‍ഡ്രോം

ചെറു രക്തക്കുഴലുകളില്‍ രക്തം ചെറുകട്ടകളായി മാറി, വൃക്ക അടക്കമുള്ള അവയവങ്ങളിലേക്ക് രക്തയോട്ടം തടയുന്ന രോഗമാണിത്. പുറമേയ്ക്ക് ലക്ഷണം കാണിക്കാത്തതിനാല്‍ തന്നെ രോഗം കണ്ടെത്തുന്നതും വൈകും. ഗര്‍ഭാവസ്ഥയിലും ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിക്കുമ്പോഴുമൊക്കെയായിരിക്കും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങുക. പാരമ്പര്യമായി ലഭിക്കാവുന്നതും അപൂര്‍വവുമായ രോഗമാണിത്.

വൃക്കകളുടെ ഏതൊരു രോഗാവസ്ഥയും സി.കെ.ഡി. എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത്തരത്തിലൊന്നാണ് പാരമ്പര്യമായി കുടുംബാംഗങ്ങളിലേക്ക് പടരാന്‍ ഇടയുള്ള ഫാബ്രി ഡിസീസ്. ആന്തരാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്ന അവസ്ഥയാണിത്. വൃക്കകള്‍ക്ക് പുറമെ, ഹൃദയം, തലച്ചോറ് തുടങ്ങിയവയെല്ലാം രോഗം ബാധിച്ചേക്കാം.

സിസ്റ്റിനോസിസ്

സിസ്റ്റൈന്‍ എന്ന രാസവസ്തു ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അപൂര്‍വ രോഗാവസ്ഥയാണിത്. ഇതുമൂലം നശിക്കുന്ന വൃക്കകള്‍ ചിലപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായേക്കാം. അതുകൊണ്ട് വൃക്കമാറ്റിവെക്കേണ്ട സാഹചര്യംവരെ വന്നേക്കാം. ജനിതകമായി കൈമാറിവരുന്ന രോഗമായതിനാല്‍ തന്നെ കൊച്ചുകുട്ടികളിലും ഈ രോഗം കണ്ടുവരുന്നു.

എങ്ങനെ വൃക്കകളെ സംരക്ഷിക്കാം? അതിനായി നിത്യജീവിതത്തില്‍ പ്രാഥമികമായി എന്തെല്ലാം ചെയ്യണം?

നല്ല ഭക്ഷണം...

ആരോഗ്യകരമായ ഭക്ഷണശീലം തുടരുക. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ധാരാളമായി കഴിക്കുക. കൊഴുപ്പ് കുറഞ്ഞതോ തീരെ ഇല്ലാത്തതോ ആയ പാലും പാലുല്‍പന്നങ്ങളും തിരഞ്ഞെടുക്കുക. ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. ദിനേനയുള്ള സോഡിയം തോത് പരിമിതപ്പെടുത്തുക. പഞ്ചസാരയില്‍ നിന്നുള്ള കാലറി മൊത്തം കാലറിയുടെ 10 ശതമാനമായി പരിമിതപ്പെടുത്തണം.

വ്യായാമം...

ദിനേന അരമണിക്കൂര്‍ നേരമെങ്കിലും വ്യായാമം ശീലമാക്കുക. ഇതിന് സാധിക്കുന്ന ആരോഗ്യാവസ്ഥ അല്ല എങ്കില്‍, ഡോക്ടറുടെ ഉപദേശപ്രകാരമുള്ള വ്യായാമമുറകള്‍ സ്വീകരിക്കണം.

ശരീരഭാരം...

അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തുക. കാലറി നിയന്ത്രിച്ചും വ്യായാമങ്ങളിലൂടെയും ഇത് സാധ്യമാകും. അമിതവണ്ണമുള്ളവര്‍ ഇത് നിയന്ത്രിക്കുന്നതിനായി ആരോഗ്യവിദഗ്ധരുടെ സഹായം തേടണം.

ഉറക്കം...

മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ദിനേന ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണം. ശരിയായി ഉറങ്ങാന്‍ പറ്റുന്നില്ല എങ്കില്‍, ഉറക്കശീലങ്ങളില്‍ മാറ്റം വരുത്തിനോക്കാം.

പുകവലിയും മദ്യപാനയും നിയന്ത്രിക്കണം...

മദ്യപാനവും പുകവലിയും വൃക്കകളെ ബാധിക്കുന്ന ദുശ്ശീലങ്ങളാണ്. വൃക്കകളെ ആരോഗ്യത്തോടെ സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ ഇവ രണ്ടും നിയന്ത്രിക്കണം. മദ്യപാനം രക്തസമ്മര്‍ദം കൂട്ടുകയും കലോറിയുടെ അംശം ഉയര്‍ത്തുകയും ചെയ്യും.

മാനസിക പിരിമുറുക്കം ഒഴിവാക്കുക...

മാനസിക പിരിമുറുക്കമില്ലാത്ത, സ്വാസ്ഥ്യം നിറഞ്ഞതായിരിക്കട്ടെ നിങ്ങളുടെ ജീവിതം. പ്രശ്നങ്ങളെ യുക്തിസഹമായി നേരിട്ട്, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ധ്യാനം, യോഗ തുടങ്ങിയവ പരിശീലിക്കുന്നതും നല്ലതാണ്.

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയുടെ നിയന്ത്രണം...

ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ വൃക്കകളെ നേരിട്ട് ബാധിക്കുന്ന രോഗങ്ങളാണ്. പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിര്‍ത്തണം. രക്തസമ്മര്‍ദവും നിയന്ത്രണത്തിലായിരിക്കണം. ഇതിനായുള്ള മരുന്നുകള്‍ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധവേണം. വേദനയ്ക്കുള്ള മരുന്നുകളും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം.

ഹൃദയസ്തംഭനവും പക്ഷാഘാതവും വരാതിരിക്കാന്‍ രക്തത്തിലെ കൊഴുപ്പ് നിയന്ത്രണവിധേയമാക്കാം.

ലേഖനം തയ്യാറാക്കിയത് : ഡോ. അഖില്‍ പി ആര്‍
കണ്‍സള്‍ട്ടന്‍റ് - നെഫ്രോളജി വിഭാഗം,
തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍, തലശ്ശേരി

Also Read:- 'പെയിൻ കില്ലര്‍' ഉപയോഗം പതിവാക്കിയവരാണോ നിങ്ങള്‍? എങ്കിലറിയുക...

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ