
ലോകരാജ്യങ്ങളെ ആകെയും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടായിരുന്നു കൊറോണ വൈറസ് എന്ന രോഗകാരിയുടെ വരവ്. വിവിധ രാജ്യങ്ങളിലായി മൂന്നരക്കോടിയിലധികം ആളുകളെ കൊവിഡ് 19 ബാധിച്ചതായാണ് കണക്കുകള്‍. ഇതില്‍ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
ഇപ്പോഴും ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന.
പലയിടങ്ങളിലും ഇനിയും കൂടുതല്‍ മോശമായ സാഹചര്യങ്ങള്‍ വരാനിരിക്കുന്നുവെന്നും അതിനാല്‍ തീര്‍ച്ചയായും ജാഗ്രത പാലിച്ചേ മതിയാകൂ എന്നുമാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. ലോകത്ത് പത്തിലൊരാള്‍ക്ക് എന്ന നിലയില്‍ കൊവിഡ് ബാധിക്കപ്പെട്ടുവെന്നാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
'നഗരങ്ങളിലും ഗ്രാമങ്ങളിലും രണ്ട് തരത്തിലാണ് കൊവിഡ് ആഘാതങ്ങള്‍ സംഭവിക്കുന്നത്. രോഗികളുടെ എണ്ണത്തിലും ഈ വ്യതിയാനം കൃത്യമായി കാണാം. അതുപോലെ തന്നെ പ്രായം, തൊഴില്‍, ലിംഗവ്യത്യാസം എന്നിവയ്‌ക്കെല്ലാം കൊവിഡ് വിഷയത്തില്‍ കൃത്യമായ സ്വാധീനമുണ്ട്. പക്ഷേ ചുരുക്കിപ്പറയുമ്പോള്‍ നമ്മളിപ്പോഴും ആശങ്കയുടെ കാലം കടന്നുപോയിട്ടില്ലെന്ന് ഉറപ്പിക്കേണ്ടിവരും. കാരണം രോഗകാരിയായ കൊറോണ വൈറസ് ഇപ്പോഴും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമയം മുന്നോട്ട് പോകുംതോറും നമ്മള്‍ അതുമായി കഴിയാവുന്ന തരത്തിലെല്ലാം പോരാടാന്‍ സജ്ജരാകും. എന്നുവച്ചാല്‍ രോഗവ്യാപനവും മരണങ്ങളും പതിയെപ്പതിയെ നിയന്ത്രണത്തിലാക്കാന്‍ നമുക്ക് സാധിച്ചേക്കാം. എന്നാല്‍ ഈ ഘട്ടത്തില്‍ നാം സുരക്ഷിതരാണെന്ന് പറയാനാകില്ല'- ലോകാരോഗ്യ സംഘടന വക്താവ് ഡോ. മിഖായേല്‍ റയാന്‍ പറയുന്നു.
Also Read:- കൊവിഡ് അല്ലാത്ത രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam