കൊറോണ വൈറസിന്റെ വരവ് നമ്മുടെയെല്ലാം ശീലങ്ങളെ പാടേ മാറ്റിയിരിക്കുന്നു. ആളുകള്‍ കൈ കഴുകുന്നത് വര്‍ധിച്ചു, കൈകള്‍ സാനിറ്റൈസ് ചെയ്യുന്ന പുതിയ ശീലം വന്നു. മാസ്ക് ജീവിതത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു. സാമൂഹിക അകലം പാലിച്ചുകൊണ്ടൊരു ജീവിതമാണ് ഇന്ന് നാം നയിക്കുന്നത്. വീടുകളിലേക്ക് വാങ്ങി വരുന്ന സാധനങ്ങള്‍ അണുവിമുക്തമാക്കാനുള്ള ശ്രമങ്ങളും പല രീതിയില്‍ നടക്കുന്നു. 

ലോകത്തെയാകെ ഭീതിയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍, കൂടുതൽ ആശുപത്രികൾ കൊവിഡ് ചികിത്സാകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തില്‍, കൊവിഡ് അല്ലാത്ത രോഗങ്ങള്‍ക്ക് ആശുപത്രിയില്‍ പോകുമ്പോള്‍ കുറച്ചധികം ജാഗ്രത പാലിക്കണം.

കൊവിഡ് ഇതര രോഗങ്ങളുള്ളവര്‍ ആശുപത്രിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. ഡോക്ടറെ കാണാനുള്ള 'അപോയിൻമെന്‍റ് ' എടുത്തതിന് ശേഷം മാത്രം ആശുപത്രിയിലേയ്ക്ക് പോവുക. 

2. മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണമെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഫേസ് ഷീല്‍ഡും ഉപയോഗിക്കാം. ഇടയ്ക്കിടെ കൈ സാനിറ്റൈസ് ചെയ്യാന്‍ മറക്കരുത്. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ തന്നെ കൈവശം വയ്ക്കുക.

3. ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ തുടങ്ങിയവർ അത്യാവശ്യ ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.

4. യാത്ര ചെയ്യാൻ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുക. അല്ലെങ്കിൽ സുരക്ഷാ സംവിധാനങ്ങൾ ഉള്ള ടാക്സി വാഹനങ്ങൾ ഉപയോഗിക്കാം.

5. പണമിടപാടുകൾ നടത്താൻ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കുക.

6. ആശുപത്രിയിൽ കുറഞ്ഞത് രണ്ട് അടിയെങ്കിലും സാമൂഹിക അകലം പാലിക്കുക. 

7. ആശുപത്രിയിൽ പറയുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കണം.

8. പനി പോലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ എല്ലാ ആശുപത്രികളിലും സജ്ജീകരിച്ചിരിക്കുന്ന പനി ക്ലിനിക്കുകളിൽ നേരിട്ട് പോവുക. ഒ.പിയിൽ പോകരുത്. ഇതുവഴി കൊവിഡ് 19 റിസ്ക്ക് കുറയ്ക്കാം. 

9. ഡോക്ടറെ കാണുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി കഴുകുക. 

10. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയാൽ പാദരക്ഷകൾ വാതിലിന് പുറത്ത് വയ്ക്കുക. 

11. കൈകൾ സോപ്പും വെള്ളവുമോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകിയതിന് ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക.

12. മാസ്ക് ശുചിയാക്കി കഴുകിയിടുക.

13. ആശുപത്രിയില്‍ പോയപ്പോള്‍ ധരിച്ച വസ്ത്രം ചൂടുവെള്ളത്തിൽ ഡിറ്റർജെന്റ് ഉപയോഗിച്ച് തന്നെ കഴുകുക. ശേഷം ഇളം ചൂടുവെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് കുളിക്കുകയും ചെയ്യണം.

Also Read: ഈ രണ്ട് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, കൊവിഡ് സംശയിക്കാം