
കൊവിഡ് 19-മായുള്ള പോരാട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഓരോ 44 സെക്കൻഡിലും കൊവിഡ് മരണം സംഭവിക്കുന്നുണ്ടെന്ന് പറയുകയാണ് ഇപ്പോള്‍ ലോകാരോഗ്യസംഘടന. ഈ വൈറസ് അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ലെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറയുന്നു.
കൊവിഡ് നിരക്കുകളും മരണവും റിപ്പോർട്ട് ചെയ്യുന്നതിൽ ആഗോളതലത്തിൽ ഇടിവ് തുടരുന്നുണ്ട്. അതു വളരെ പ്രതീക്ഷാവഹമാണ്. എന്നാൽ ആ നില തുടരുമെന്ന് പറയാനാവില്ല. പ്രതിവാര കൊവിഡ് നിരക്കുകൾ ഫെബ്രുവരി മുതൽ എൺപതു ശതമാനത്തോളം കുറവു രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച മുതൽ ഓരോ 44 സെക്കൻഡിലും കൊവിഡ് മൂലം ഒരു മരണമെങ്കിലും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
'മഹാമാരി ഇനിയും അവസാനിച്ചിട്ടില്ലെന്ന് താൻ ഇടയ്ക്കിടെ പറയുന്നത് പലർക്കും മടുക്കുന്നുണ്ടാവും. പക്ഷേ അതവസാനിക്കും വരെ താൻ പറഞ്ഞുകൊണ്ടേയിരിക്കും. ഈ വൈറസ് അത്ര എളുപ്പത്തിൽ വിട്ടുപോവില്ല'- ടെഡ്രോസ് അഥാനോം പറയുന്നു.
Also Read: കൊവിഡിന് ശേഷം ശ്വാസകോശത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ചെയ്യേണ്ട നാല് കാര്യങ്ങള്‍
മൂക്കിലൂടെ എടുക്കാവുന്ന കൊവിഡ് വാക്സിൻ; ഫലപ്രദമാകുമെന്ന് ലോകാരോഗ്യസംഘടന
മൂക്കിലൂടെ എടുക്കാവുന്ന കൊവിഡ് വാക്സിൻ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയും ചൈനയുമാണ് ആദ്യമായി ഇത്തരത്തില്‍ കൊവിഡ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ ഇത് നിലവില്‍ വന്നുകഴിഞ്ഞു. ഇന്ത്യയിലാണെങ്കില്‍ പരിമിതമായ രീതിയില്‍ ഉപയോഗിക്കാനേ അനുമതി നല്‍കിയിട്ടുള്ളൂ. ഇന്ത്യയില്‍ പ്രമുഖ മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോട്ടെക് ആണ് നേസല്‍ കൊവിഡ് (മൂക്കിലൂടെ എടുക്കുന്ന ) വികസിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് അടിയന്തകരഘട്ടങ്ങളില്‍ ഉപയോഗിക്കാനെന്ന മാനദണ്ഡത്തില്‍ ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നേസല്‍ വാക്സിൻ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഇനി വലിയ പങ്ക് വഹിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍ ഇതെക്കുറിച്ച് കുറച്ചുകൂടി വ്യക്തത വന്നെങ്കില്‍ മാത്രമേ അനുമതി നല്‍കാൻ സാധിക്കൂവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
മൂക്കിലൂടെ വാക്സിനെടുക്കുമ്പോള്‍ ഉള്ള ഗുണമെന്തെന്നാല്‍ വൈറസ് പ്രധാനമായും ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തന്നെ മൂക്കിലൂടെയാണ്. ഇവിടെ വച്ച് തന്നെ വൈറസിനെ പിടിച്ചുകെട്ടാൻ സാധിച്ചാല്‍ അത് രോഗം പിടിപെടുന്നതില്‍ നിന്നും അത് തീവ്രമാകുന്നതില്‍ നിന്നും രോഗിയെ രക്ഷപ്പെടുത്തുന്നു. ഇതുവഴി രോഗവ്യാപനവും വലിയ രീതിയില്‍ നിയന്ത്രിതമാക്കാൻ സാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam