
ഇന്ത്യയിൽ മൂന്നിലൊന്നു പേർക്ക് (38 ശതമാനം) ഫാറ്റിലിവർ രോഗമോ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമോ ബാധിച്ചതായി എയിംസ് പഠനം. ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മുതിർന്നവരെ മാത്രമല്ല 35 ശതമാനം കുട്ടികളെയും ഈ രോഗം ബാധിച്ചിട്ടുള്ളതായും പഠനം പറയുന്നു.
പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തതു മൂലമാണ് പലപ്പോഴും നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് തിരിച്ചറിയപ്പെടാതെ പോകുന്നത്. എന്നാൽ രോഗം മൂർച്ഛിച്ച് ചിലരിൽ ഇത് ഗുരുതരമായ കരൾരോഗമായി മാറുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഭക്ഷണത്തിലെ പാശ്ചാത്യവൽക്കരണം, പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത്, ഫാസ്റ്റ് ഫുഡിന്‍റെ അമിത ഉപയോഗം തുടങ്ങിയവയാണ് ഫാറ്റിലിവർ അഥവാ സ്റ്റെറ്റോഹൈപ്പറ്റൈറ്റിസിനു കാരണം എന്ന് എയിംസിലെ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗം തലവൻ ഡോ. അനൂപ് സരയ പറയുന്നു. അനാരോഗ്യകരവും ചടഞ്ഞുകൂടിയുള്ളതുമായ ജീവിതശൈലിയും ഈ രോഗ സാധ്യത കൂട്ടുന്നുവെന്നും ഡോ. അനൂപ് പറഞ്ഞു.
പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ പോലെ തന്നെയാണ് ഇതും. നിലവിൽ ഫാറ്റിലിവറിന് മരുന്ന് ഒന്നുമില്ലെന്നും ഇതിനെ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണെന്നും ഡോക്ടര്‍ പറഞ്ഞു. രോഗത്തെ അകറ്റാനുള്ള വഴി എന്നത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജങ്ക്ഫുഡ് ഒഴിവാക്കിയും മധുരം ചേർന്ന ഭക്ഷണം ഒഴിവാക്കിയും ശരീരഭാരം നിയന്ത്രിക്കുകയും മദ്യപാനം കുറയ്ക്കുകയും ചെയ്താല്‍ ഒരു പരിധി വരെ രോഗ സാധ്യതയെ തടയാം. മദ്യപാനികൾക്ക് ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് ഇവ വരാം. ഇത് ക്രമേണ ലിവർ ക്യാൻസറിനും മരണത്തിനും കാരണമാകും. ചില മരുന്നുകളുടെ അമിത ഉപയോഗവും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാമെന്നും ഡോ. അനൂപ് കൂട്ടിച്ചേര്‍ത്തു.
Also Read: പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam