
സോഷ്യല്‍ മീഡിയയില്‍ ഓരോ സമയത്തും ഓരോ വിഷയങ്ങളില്‍ രസകരമായതോ അല്ലെങ്കില്‍ വ്യത്യസ്തമായതോ ആയ ചലഞ്ചുകള്‍ വരാറുണ്ട്. പലപ്പോഴും ഇങ്ങനെ വരുന്ന സോഷ്യല്‍ മീഡിയ ചലഞ്ചുകള്‍ അതിര് വിടാറുമുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇവ ആളുകളുടെ ജീവിതത്തെ തന്നെ അട്ടിമറിക്കാനും മതി. ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തലാണ് കാനഡയില്‍ നിന്നുള്ള മിഷേല്‍ ഫെയര്‍ബേണ്‍ എന്ന യുവതി നടത്തുന്നത്.
തന്‍റെ തന്നെ അനുഭവം വീഡിയോയിലൂടെ തുറന്നുപങ്കുവയ്ക്കുകയാണ് ഇവര്‍. ജീവിതരീതി മെച്ചപ്പെടുത്തിക്കൊണ്ട് 'ഹെല്‍ത്തി'യാകാം എന്ന സന്ദേശത്തോടെ തുടങ്ങിയ ഒരു സോഷ്യല്‍ മീഡിയ ചലഞ്ചിന്‍റെ ഭാഗമായതാണത്രേ ഇവരും.
ഈ ചലഞ്ചില്‍ ദിവസത്തില്‍ ദിവസവും നാല് ലിറ്റര്‍ വെള്ളം കുടിക്കേണ്ടതുണ്ടായിരുന്നുവത്രേ. അതനുസരിച്ച് മിഷേല്‍ ദിവസവും നാല് ലിറ്റര്‍ വെള്ളം കുടിക്കാൻ തുടങ്ങി. ഇങ്ങനെ പന്ത്രണ്ട് ദിവസം പിന്നിട്ടു. അത് കഴിഞ്ഞപ്പോള്‍ പതിയെ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുതുടങ്ങി.
'പന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ എനിക്കെന്തോ വയ്യായ്ക തോന്നി. രാത്രിയില്‍ ഉറങ്ങാൻ പറ്റാതായി. പലവട്ടം എഴുന്നേല്‍ക്കും. ബാത്ത്റൂമില്‍ പോകും. പിന്നെ ഓക്കാനം ആയി, അവശതയായി. അങ്ങനെ പിറ്റേന്നും തീരെ വയ്യെന്നായപ്പോള്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു...'- മിഷേല്‍ തന്‍റെ അനുഭവം വിവരിക്കുന്നു.
അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് 'വാട്ടര്‍ പോയിസണിംഗ്' എന്ന അവസ്ഥയിലായതാണത്രേ ഇവര്‍. സോഡിയത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞു. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞുവെന്നും മിഷേല്‍ പറയുന്നു.
ഈ ട്രെൻഡിന്‍റെ ഭാഗമായി ചലഞ്ച് ഏറ്റെടുക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയിലാണ് മിഷേല്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
വാട്ടര്‍ പോയിസണിംഗ് എല്ലായ്പോഴും ജീവന് ഭീഷണിയാകുന്ന അവസ്ഥയല്ല. സോഡിയം താഴുന്നത് തന്നെയാണ് ഇതിന്‍റെ പ്രശ്നം. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ വാട്ടര്‍ പോയിസണിംഗ് ജീവന് ആപത്തായി വരികയും ചെയ്യാം.
Also Read:- കണ്ണിന് ചുറ്റും ഇങ്ങനെ ചെറിയ മുഴകള്‍ കാണുന്നത് എന്തുകൊണ്ട്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam