Diabetes Diet : ഷുഗര്‍ കുറയ്ക്കാൻ ഉള്ളി സഹായിക്കുമോ? നിങ്ങളറിയേണ്ടത്...

Published : Oct 02, 2022, 11:02 PM IST
Diabetes Diet : ഷുഗര്‍ കുറയ്ക്കാൻ ഉള്ളി സഹായിക്കുമോ? നിങ്ങളറിയേണ്ടത്...

Synopsis

പ്രധാനമായും മാറിവന്ന ജീവിതരീതികള്‍ തന്നെയാണ് പ്രമേഹം ഇത്രമാത്രം വ്യാപകമാക്കാൻ കാരണമായിട്ടുള്ളത്. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധികവും പ്രമേഹത്തിലേക്ക് നയിക്കുന്നത്.

ഷുഗര്‍ അഥവാ പ്രമേഹരോഗത്തെ കുറിച്ച് അടിസ്ഥാനപരമായ വിവരങ്ങളെല്ലാം ഇന്ന് മിക്കവര്‍ക്കും അറിയാം. നിസാരമായ ജീവിതശൈലീരോഗമെന്ന നിലയില്‍ നിന്ന് ഗുരുതമായ അവസ്ഥകളിലേക്ക് ക്രമേണ നമ്മെ എത്തിക്കാൻ കഴിയുന്ന ഗൗരവമുള്ള പ്രശ്നമായിത്തന്നെ ഇന്ന് മിക്കവരും പ്രമേഹത്തെ കാണുന്നുമുണ്ട്.

എങ്കില്‍പോലും ലോകമാകെയും ഓരോ വര്‍ഷവും പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം ശരാശരി പത്തര ലക്ഷത്തോളം പേരെങ്കിലും പ്രമേഹം മൂലമുള്ള അനുബന്ധപ്രശ്നങ്ങളെ തുടര്‍ന്ന് മരിക്കുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് ഓരോ വര്‍ഷവും പുതുതായി പ്രമേഹം സ്ഥിരീകരിക്കുകയും ചെയ്യുന്നു. 

പ്രധാനമായും മാറിവന്ന ജീവിതരീതികള്‍ തന്നെയാണ് പ്രമേഹം ഇത്രമാത്രം വ്യാപകമാക്കാൻ കാരണമായിട്ടുള്ളത്. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധികവും പ്രമേഹത്തിലേക്ക് നയിക്കുന്നത്. പാരമ്പര്യമായോ മറ്റ് ആരോഗ്യാവസ്ഥകളുടെ ഭാഗമായോ പ്രമേഹം പിടിപെടില്ല എന്നല്ല. എന്നാല്‍ പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നത് മോശം ജീവിതശൈലികളുടെ ഭാഗമായിത്തന്നെയാണ്.

ജീവിതശൈലിയുടെ ഭാഗമായി വരുന്ന രോഗമായതിനാല്‍ തന്നെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെ വലിയൊരു പരിധി വരെ ഇതിനെ പ്രതിരോധിക്കാനോ നിയന്ത്രിക്കാനോ സാധ്യമാണ്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടത്. ചില ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. അതേസമയം ചിലത് ഡയറ്റില്‍ ചേര്‍ക്കുകയും വേണം. 

അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന, പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉള്ളിയെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം. യഥാര്‍ത്ഥത്തില്‍ ഉള്ളി പ്രമേഹത്തിന് ആശ്വാസമാകുമോ? 

അടുത്തിടെ സാൻഡിയാഗോയില്‍ വച്ച് നടന്ന വിദഗ്ധരുടെ ഒരു സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പഠനറിപ്പോര്‍ട്ട് പറയുന്നത് ശ്രദ്ധിക്കൂ. ഉള്ളിയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും പ്രമേഹത്തെ അമ്പത് ശതമാനം വരെ കുറയ്ക്കാൻ സഹായകമാണെന്നാണ് ഈ പഠനം പറയുന്നത്.

പ്രമേഹം മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഉള്ളി സഹായകമാണെന്ന് ഇതേ പഠനം ചൂണ്ടിക്കാട്ടുന്നു. ഉള്ളിയിലുള്ള 'അലിയം സെപ' എന്ന ഘടകമാണത്രേ രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് കുറയ്ക്കുന്നതിന് സഹായകമാകുന്നത്. 

എലികളെ വച്ച് നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നതത്രേ. എന്നാല്‍ എങ്ങനെയാണ് ഉള്ളി രക്തത്തിലെ ഗ്ലൂക്കോസ് നില താഴാൻ സഹായകമാകുന്നത് എന്ന് വിശദമായി കണ്ടെത്താൻ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. ഇതില്‍ ഇനിയും പരീക്ഷണങ്ങളും പഠനങ്ങളും നടത്താനാണ് ഗവേഷകസംഘത്തിന്‍റെ തീരുമാനം. എന്തായാലും പ്രമേഹവും കൊളസ്ട്രോളുമുള്ളര്‍ മിതമായ അളവില്‍ ഉള്ളി കഴിക്കുന്നത് നല്ലതാണെന്ന് മാത്രം ഇവര്‍ നിലവിലെ നിഗമനങ്ങള്‍ വച്ച് പറയുന്നു. 

ഏത് രോഗമുള്ളവരാണെങ്കിലും ഡയറ്റില്‍ ശ്രദ്ധ പാലിക്കേണ്ടവരാണെങ്കില്‍ അവര്‍ അതുമായി ബന്ധപ്പെട്ട് എന്ത് മാറ്റം കൊണ്ടുവരുമ്പോഴും ഡോക്ടറുമായി നിര്‍ബന്ധമായും സംസാരിച്ചിരിക്കണം. സ്വന്തം ഇഷ്ടപ്രകാരം ഡയറ്റ് മാറ്റി ക്രമീകരിക്കരുത്. 

Also Read:- നടുവേദന ക്യാൻസറിനെയും സൂചിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും