'കൊവിഡ് നമ്മെ പഠിപ്പിച്ച പാഠം എന്താണെന്നറിയുമോ?'; ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞ പറയുന്നു

By Web TeamFirst Published Oct 2, 2022, 5:55 PM IST
Highlights

പൊതുജനാരോഗ്യ മേഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ പ്രാധാന്യവും ഡോ. സൗമ്യ ഓര്‍മ്മിപ്പിക്കുന്നു. ഡാറ്റ ശേഖരണം, റിസര്‍ച്ച് എന്നിവയെല്ലാം നിരന്തരം നടത്തണം- ഇതെല്ലാം പ്രധാനമാണ് ഡോ. സൗമ്യ പറയുന്നു. 

മൂന്ന് വര്‍ഷത്തിലധികമായി ലോകം കൊവിഡ് 19 മഹാമാരിയുമായുള്ള യുദ്ധം തുടങ്ങിയിട്ട്. ചൈനയില്‍ ആദ്യമായി സ്ഥിരീകരിച്ച വൈറസ് പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപിക്കുകയായിരുന്നു. ദശലക്ഷക്കണക്കിന് മനുഷ്യരാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം പലരീതിയില്‍ കൊവിഡ് ബാധിച്ചു. മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖലയും തൊഴില്‍ മേഖലയും സാമ്പത്തികമേഖലയുമെല്ലാം തകര്‍ന്നു. 

കൊവിഡിനെതിരായ വാക്സിന്‍ വന്നതോടെയാണ് അല്‍പമെങ്കിലും ആശ്വാസം ഇതില്‍ നിന്ന് നേടാൻ നമുക്ക് സാധിച്ചത്. ഇപ്പോഴും വെല്ലുവിളികളൊഴിഞ്ഞിട്ടില്ലെങ്കിലും കൊവിഡുമായി ചേര്‍ന്ന് ജീവിക്കാൻ നാം ഒരു തരത്തില്‍ പരിശീലിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു എന്ന് പറയാം. 

ഈ സാഹചര്യത്തില്‍ കൊവിഡ് മഹാമാരി മനുഷ്യരെ ഓര്‍മ്മപ്പെടുത്തുന്നതോ പഠിപ്പിക്കുന്നതോ പരിസ്ഥിതിയുമായുള്ള ബന്ധത്തെ കുറിച്ചാണെന്നാണ് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള ചീഫ് സൈന്‍റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നത്. 

അടുത്ത വര്‍ഷങ്ങളിലായി ആഗോളതലത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് തന്നെയാണ് ഡോ. സൗമ്യയും പറയുന്നത്. കൊവിഡ് നമുക്ക് തരുന്ന പാഠം തന്നെ കാലാസ്ഥാ വ്യതിയാനമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

'നമ്മുടെ ജീവിതം നമ്മുടെ പരിസ്ഥിതിയുടെ ആരോഗ്യവുമായി  കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. എല്ലാതരത്തിലും പിന്നാക്കം നില്‍ക്കുന്നവരാണ് ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ കൂടുതലായി ബാധിക്കപ്പെടുക. ഉദാഹരണമായി പാക്കിസ്ഥാൻ പ്രളയം നോക്കൂ. ഇത് നമ്മുടെ രാജ്യത്തും സംഭവിക്കാം. അതിനാല്‍ തന്നെ എല്ലാവരിലും തുല്യതയെന്ന ചിന്തയുണ്ടാകണം. വീണുപോകുന്നവരെ സഹായിക്കാനുള്ള മനസ്ഥിതിയുണ്ടാകണം. ഇതെല്ലാം കൊവിഡ് നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്...'- ഡോ. സൗമ്യ പറയുന്നു. 

പൊതുജനാരോഗ്യ മേഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതിന്‍റെ പ്രാധാന്യവും ഡോ. സൗമ്യ ഓര്‍മ്മിപ്പിക്കുന്നു. ഡാറ്റ ശേഖരണം, റിസര്‍ച്ച് എന്നിവയെല്ലാം നിരന്തരം നടത്തണം- ഇതെല്ലാം പ്രധാനമാണ് ഡോ. സൗമ്യ പറയുന്നു. 

ഏത് രോഗത്തെ പ്രതിരോധിക്കുന്ന വാക്സിൻ ആയാലും അത് ലോകജനതയെ സുരക്ഷിതരാക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും കൊവിഡ് വാക്സിന്‍റെ കാര്യവും അങ്ങനെ തന്നെയെന്നും ഇവര്‍ പറയുന്നു. ഡെല്‍റ്റ വകഭേദം ഇന്ത്യയില്‍ അതിശക്തമായ തരംഗം സൃഷ്ടിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തത് വാക്സിന്‍റെ അഭാവം മൂലമാണെന്നും ലോകമെമ്പാടുമായി ലക്ഷോപലക്ഷം പേരുടെ ജീവൻ രക്ഷിക്കാൻ വാക്സിൻ ഉപകരിച്ചു, രോഗം പിടിപെടാതിരിക്കാനല്ല- മറിച്ച് അതിന്‍റെ തീവ്രത വലിയ രീതിയില്‍ കുറയ്ക്കാനാണ് വാക്സിൻ ഉപകരിച്ചതെന്നും ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കുന്നു.

Also Read :- ലോംഗ് കൊവിഡ് ഉണ്ടോ?; ഇത് നേരത്തെ തിരിച്ചറിയാമെന്ന് ഗവേഷകര്‍

click me!